Sub Lead

എകെജി സെന്റര്‍ ആക്രമണം: സിസിടിവി ദ്യശ്യങ്ങള്‍ സിഡാക്കിന് കൈമാറി

എകെജി സെന്റര്‍ ആക്രമണം: സിസിടിവി ദ്യശ്യങ്ങള്‍ സിഡാക്കിന് കൈമാറി
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണത്തിന്റെ സിസിടിവി ദ്യശ്യങ്ങള്‍ അന്വേഷണ സംഘം സിഡാക്കിന് കൈമാറി. പ്രതി വാഹനത്തിലെത്തുന്നതിന്റെയും ആക്രമണത്തിന്റയും ദൃശ്യങ്ങളാണ് സിഡാക്കിന് കൈമാറിയത്. ശാസ്ത്രീയ പരിശോധനയിലൂടെ വാഹന നമ്പര്‍ ഉള്‍പ്പെടെ കണ്ടെത്താനാണ് ശ്രമം. ആക്രമണം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതിയെ കുറിച്ച് ഒരു സൂചനയും പോലിസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

സിസിടിവിയും മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പോലിസ് നടത്തുന്നത്. ഇതിനോടകം പ്രദേശത്തെ അമ്പതിലേറെ സിസിടിവികള്‍ പരിശോധിച്ചു. മൂന്നു ടവറുകളിലായി ആയിരത്തിലേറേ ഫോണ്‍ കോളുകളും പരിശോധിച്ചു. സംശയിക്കുന്ന നിരവധിപ്പേരെ ചോദ്യം ചെയ്തു. അക്രമിയെത്തിയ ഡീഗോ സ്‌കൂട്ടിറിലായതിനാല്‍ ഈ വാഹനം കേന്ദ്രീകരിച്ചുള്ള പരിശോധനകള്‍ നടന്നു. എന്നാല്‍ അക്രമിയെ പ്രത്യേക സംഘത്തിന് കണ്ടെത്താനായില്ല. എകെജി സെന്ററില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പോലും വാഹന നമ്പര്‍ വ്യക്തമല്ലെന്നതാണ് തിരിച്ചടിയാകുന്നത്.

അതേ സമയം, എകെജി സെന്ററിന് നേരെ എറിഞ്ഞത് മാരകപ്രഹരശേഷിയുള്ള സ്‌ഫോടകവസ്തുവല്ലെന്ന് കഴിഞ്ഞ ദിവസം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. രണ്ടു ഡിവൈഎസ്പിമാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. തലസ്ഥാന നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സിപിഎം സംസ്ഥാന കമ്മിറ്റി ഓഫിസ് ആക്രമിച്ചിട്ടും ഇതേവരെ പ്രതിയെ പിടികൂടാത്തത് പോലിസിനും സര്‍ക്കാരിനും വലിയ നാണക്കേടാണ്.

Next Story

RELATED STORIES

Share it