Sub Lead

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍

റേഡിയോ ജേണലിസ്റ്റ് ഉള്‍പ്പെടെ കൊല്ലപ്പെട്ടു

ഗസയില്‍ 25 മിനുട്ടില്‍ ഇസ്രായേല്‍ വര്‍ഷിച്ചത് 122 ബോംബാക്രമണങ്ങള്‍
X
ഗസ സിറ്റി: വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ തള്ളിക്കൊണ്ട് ഇസ്രായേല്‍ സൈന്യം ഫലസ്തീനില്‍ പ്രത്യേകിച്ച് ഗസയില്‍ നടത്തുന്ന കൂട്ടക്കുരുതി തുടരുന്നു. ചൊവ്വാഴ്ച രാത്രി മാത്രം 25 മിനുട്ടിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ഗസയില്‍ നടത്തിയത് 122 ബോംബാക്രമണങ്ങളാണെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപോര്‍ട്ട് ചെയ്തു. പ്രാദേശിക സമയം രാത്രി 10ന് ആരംഭിച്ച ആക്രമണത്തില്‍ ഗസയിലെ ഹമാസിന്റെ ഭൂഗര്‍ഭ ടണല്‍ ശൃംഖല ഉള്‍പ്പെടെ ലക്ഷ്യമിട്ടെന്നാണ് സൈനിക വക്താവ് ഹിഡായ് സില്‍ബര്‍മാന്‍ പറയുന്നത്. അതേസമയം, ഗസ മുനമ്പില്‍ ഇസ്രയേല്‍ തുടര്‍ച്ചയായി നടത്തിയ ആക്രമണത്തില്‍ നാല് ഫലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടതായു പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരില്‍ അല്‍-അഖ്‌സ വോയ്സ് റേഡിയോ സ്റ്റേഷനിലെ മാധ്യമപ്രവര്‍ത്തകനായ യൂസുഫ് അബു ഹുസയ്‌നും ഉള്‍പ്പെട്ടതായി വഫ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. അതിനിടെ, തെക്കന്‍ ഇസ്രായേലിലെ നഗരങ്ങളിലേക്ക് ഫലസ്തീനില്‍ നിന്നു കൂടുതല്‍ റോക്കറ്റുകള്‍ തൊടുത്തുവിട്ടതായും റിപോര്‍ട്ടുകളുണ്ട്.

നേരത്തെ, അധിനിവേശ വെസ്റ്റ് ബാങ്കിലും കിഴക്കന്‍ ജറുസലേമിലും നടന്ന പ്രതിഷേധക്കാര്‍ക്കു നേരെ ഇസ്രയേല്‍ സൈന്യം വെടിവയ്ക്കുതയും നാല് ഫലസ്തീനികളെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മെയ് 10ന് തുടങ്ങിയ ആക്രമണത്തില്‍ ഇതുവരെ 63 കുട്ടികളടക്കം 219 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,500 ഓളം ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇസ്രായേലില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ മരിച്ചു. 300ഓളം പേര്‍ക്ക് പരിക്കേറ്റു. ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവന ഇറക്കുന്നതില്‍ നിന്ന് യുഎന്‍ സുരക്ഷാ സമിതിയെ അമേരിക്ക തടഞ്ഞിരുന്നു. എങ്കിലും പുതിയ വെടിനിര്‍ത്തല്‍ പ്രമേയത്തിനായി ഇസ്രായേലിന്റെ അയല്‍ രാജ്യങ്ങളായ ഈജിപ്തും ജോര്‍ദാനും ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി ഫ്രാന്‍സ് വ്യക്തമാക്കി. ഫ്രഞ്ച് നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി ചൈനയും അറിയിച്ചിട്ടുണ്ട്.

ഗസയില്‍ നാല് പേര്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ ഏഴ് പാര്‍പ്പിട കേന്ദ്രങ്ങളും, തെക്കന്‍ പട്ടണമായ ഖാന്‍ യൂനിസിലെ ഒരു യുവജന കേന്ദ്രം, റഫയിലെ ഒരു ചാരിറ്റി സെന്റര്‍ എന്നിവയും തകര്‍ന്നിരുന്നു. ഗസയില്‍ മാത്രം ഇതുവരെ 50 സ്‌കൂളുകള്‍ തകര്‍ന്നതായും മൊത്തം 41,897 കുട്ടികളെ ബാധിച്ചതായും സേവ് ദി ചില്‍ഡ്രന്‍ വ്യക്തമാക്കി. ഇസ്രായേലില്‍ മൂന്ന് സ്‌കൂളുകളാണ് തകര്‍ന്നത്.

അധിനിവേശ വെസ്റ്റ് ബാങ്കിലുടനീളം വിവിധ നഗരങ്ങളില്‍ നടത്തിയ പ്രകടനവുമായി ബന്ധപ്പെടുത്തി 21 ഫലസ്തീനികളെ ഇസ്രായേല്‍ പോലിസ് അറസ്റ്റ് ചെയ്തതായി വാഫ വാര്‍ത്താ ഏജന്‍സി അറിയിച്ചു. ഹെബ്രോണിലും നബ് ലുസിലും ജെനിനിലും ബത്ലഹേമിലുമാണ് അറസ്റ്റ് നടന്നത്.

Ceasefire elusive as Israel continues to pound Gaza

Next Story

RELATED STORIES

Share it