- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആലി മുസ്‌ലിയാരുടെ ധീര രക്തസാക്ഷിത്വത്തിന് നൂറാണ്ട്
1920-ല്‍ തിരൂരങ്ങാടിയില്‍ 50 അംഗങ്ങളുള്ള ഒരു ഖിലാഫത്ത് കമ്മറ്റി രൂപീകരിക്കുകയുണ്ടായി. 14 വര്‍ഷങ്ങളായി ഖത്തീബായിരുന്ന ആലിമുസ്‌ലിയാര്‍ തന്നെയായിരുന്നു ഔദ്യോഗികമായി തിരൂരങ്ങാടി ഖിലാഫത്തു കമ്മറ്റിയുടെ സെക്രട്ടറി.
കെപിഒ റഹ്മത്തുല്ല
മലബാര്‍ സമരനായകനും പണ്ഡിതനും സൂഫിവര്യനുമായിരുന്ന ആലി മുസ്‌ലിയാരുടെ രക്തസാക്ഷിത്വത്തിന് ഒരു നൂറ്റാണ്ട് തികയുന്നു. 1922 ഫെബ്രുവരി 17 പുലര്‍ച്ചെയാണ് അദ്ദേഹത്തെ കോയമ്പത്തൂര്‍ ജയിലില്‍ തൂക്കിലേറ്റിയത്. മലബാറില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം ആളിക്കത്തിയ കാലത്ത് തിരൂരങ്ങാടി പള്ളി വളഞ്ഞാണ് ആലി മുസ്‌ലിയാര്‍ ഉള്‍പ്പടെയുള്ളവരെ ബ്രിട്ടീഷ് പട്ടാളം അറസ്റ്റ് ചെയ്തത്. സംഘപരിവാര്‍ ഭരണകൂടം ആലി മുസ് ലിയാരുടെ പോരാട്ട ചരിത്രത്തെ തമസ്‌കരിക്കുവാന്‍ കുടില തന്ത്രങ്ങള്‍ മെനയുന്ന ഈ കാലത്ത് അദ്ദേഹത്തെ ഓര്‍മ്മിക്കുകയെന്നത് നീതിക്ക് വേണ്ടിയുള്ള പോരാട്ടമാണ്.
ഏറനാട് താലൂക്കിലെ നെല്ലിക്കുത്ത് ഗ്രാമത്തില്‍, മലബാറിലെ പ്രമുഖ സൂഫിവര്യന്‍ സെയ്യിദ് അലവി തങ്ങളുടെ പിന്തുടര്‍ച്ചയില്‍പ്പെട്ട എരിക്കുന്നന്‍ പാലത്തും മൂലയില്‍ കുഞ്ഞിമൊയ്തീന്റെയും പൊന്നാനി മഖ്ദുംകുടുംബം ഒറ്റകത്ത് മമ്മതുകുട്ടി മുസ്‌ലിയാര്‍ മകള്‍ ആമിനയുടെയും രണ്ടാമത്തെ മകനായി 1861 ല്‍ ജനിച്ചു. എരിക്കുന്നന്‍മാരിലെ ആലി മുസ്‌ലിയാരുടെ താവഴിക്കാര്‍ നേരത്തെതന്നെ മതപഠനത്തിലും പാണ്ഡിത്യത്തിലും പ്രത്യേക താല്‍പ്പര്യമെടുത്തിരുന്നവരാണ്. ആലിമുസ്‌ല്യാരുടെ മാതാമഹനായ ഒറ്റകത്ത് മമ്മത്കുട്ടി മുസ്‌ലിയാര്‍ മുടിക്കോട,് പന്തല്ലൂര്‍ ഖാദിയായിരുന്നു.
ആലി മുസ്‌ലിയാര്‍ വള്ളുവങ്ങാട് കുഞ്ഞിക്കമ്മുമൊല്ലയുടെ ഓത്തുപള്ളിക്കുടത്തില്‍നിന്ന് അറബി മലയാള അക്ഷരങ്ങളും ഖുര്‍ആന്‍ ഓതാനും പഠിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം പൊന്നാനി, മക്ക, മദീന എന്നീ സ്ഥലങ്ങളില്‍ പോയി ഉപരിവഠനം നടത്തി. ശൈഖ് സെയിനുദ്ദീന്‍ മുസ്‌ലിയാര്‍, സെയ്യിദ് ഹുസൈന്‍ തങ്ങള്‍, അല്ലാമാസെയ്യിദ് അഹ്മദ് സൈനി ദഹ്‌ലാന്‍, ശൈഖ് മുഹമ്മദ് ഹിസ്ബുല്ലാഹി തുടങ്ങി പ്രസിദ്ധ സൂഫികളായിരുന്നു ആലിമുസ്‌ലിയാരുടെ ഗുരു വര്യന്‍മാര്‍.
കവരത്തി ദ്വീപില്‍ മുദരിസ്സായിക്കൊണ്ടാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. 1894-ല്‍ ചക്കിപറമ്പന്‍ മൊയ്തീന്‍കുട്ടി ഹാജിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട്ടു വെച്ച് വെള്ളക്കാരുമായി ഏറ്റുമുട്ടല്‍ നടന്നു. 94 പേര്‍ കൊല്ലപ്പെട്ട ഈ കര്‍ഷകസമരത്തില്‍ സഹോദരന്‍ വധിക്കപ്പെട്ടതറിഞ്ഞാണ് ആലി മുസ്‌ലിയാര്‍ കവരത്തി ദ്വീപില്‍ നിന്നും തിരിച്ചെത്തുന്നത്.
സ്വദേശമായ നെല്ലിക്കുത്തില്‍ മടങ്ങിയെത്തിയ ആലി മുസ്‌ലിയാര്‍ മലബാറില്‍ പലസ്ഥലങ്ങളിലും മതാധ്യാപനം നടത്തി. അവിടെയൊക്കെ വലിയൊരു ശിഷ്യ സമ്പത്തുതന്നെയുണ്ടായിരുന്നു. 1907-ല്‍ തിരൂരങ്ങാടി നടുവിലെ പള്ളിയില്‍ മുദരിസ്സായി ചുമതലയേറ്റു. 1921 മുതല്‍ ഖിലാഫത്തു പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനായി. ഏറനാട് താലൂക്കിലെ മുസല്‍മാന്‍മാര്‍ക്ക് മതപരവും രാഷ്ട്രീയവുമായ നേതൃത്വം നല്‍കിയിരുന്നത് മമ്പുറം തങ്ങള്‍ കുടുംബമാണ്. 1852-ല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ അറേബ്യയിലേക്ക് പോയശേഷം മാപ്പിളമാര്‍ ഒരു നേതൃത്വത്തെ അന്വേഷിക്കുകയായിരുന്നു. ആലി മുസ്‌ലിയാരെ തങ്ങളുടെ നേതാവായി മാപ്പിളമാര്‍ സ്വീകരിച്ചു. മുസ്‌ലിയാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. മൊയ്‌ല്യാരുപ്പാപ്പ എന്ന ബഹുമാനപ്പേരിലാണ് തിരൂരങ്ങാടിക്കാര്‍ അദ്ദേഹത്തെ വിളിച്ചിരുന്നത്. പ്രമുഖ പണ്ഡിതനായിരുന്ന കെ സി അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ മകനും പ്രമുഖ ചരിത്രകാരനും പണ്ഡിതനുമായിരുന്ന നെല്ലിക്കുത്ത് മുഹമ്മദ് മുസ്‌ലിയാര്‍ പൗത്രനുമാണ്.
ആലിമുസ്‌ലിയാര്‍ ആദ്യമായി ദര്‍സ് തുടങ്ങിയ കിഴക്കെപള്ളി ഹിജ്‌റ 83-ല്‍ നിര്‍മ്മിച്ചതാണ്. എ.ഡി 1304-ല്‍ തിരൂരങ്ങാടി സന്ദര്‍ശിച്ച ഇബ്‌നു ബത്തൂത്ത അക്കാലത്ത് കിഴക്കെ പള്ളിയില്‍ പ്രശസ്തമായ ദറസ്സ് നടന്നിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. സിന്ധുനദിതട സംസ്‌കാരവുമായി ബന്ധമുള്ള ചേരന്‍മാരാണ് തിരൂരങ്ങാടിയിലെ ആദ്യകാല ജനത. ആര്യവേദങ്ങളില്‍ വിവരിക്കപ്പെട്ട ദ്രാവിഡരായിരുന്നു ഇവര്‍. ചരിത്രത്തില്‍ ആദിചേരന്‍മാര്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഇവരാണ് ബി സി 3000 മുതല്‍ അറിയപ്പെട്ട ഇന്നത്തെ കടലുണ്ടി കേന്ദ്രമായി ലോകവ്യാപാരത്തിന്റെ ചുക്കാന്‍ പിടിച്ചിരുന്നത്.
ആലി മുസ്‌ലിയാര്‍ 1918-ലാണ് തിരൂരങ്ങാടിയില്‍ കുടുംബസമേതം താമസമാക്കിയത്. വന്ദ്യനായ ആ പണ്ഡിതവര്യന്‍ കര്‍മ്മധീരനും ബ്രിട്ടീഷ് വൈരിയും സ്വാതന്ത്ര്യ സമരപോരാളിയുമായിരുന്നു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെയും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെയും ആഹ്വാനം കേട്ടപ്പോള്‍ അടങ്ങാത്ത സ്വാതന്ത്ര്യ വാഞ്ഛയോടുകൂടി രംഗത്ത് വന്നു. 1920-ല്‍ തിരൂരങ്ങാടിയില്‍ 50 അംഗങ്ങളുള്ള ഒരു ഖിലാഫത്ത് കമ്മറ്റി രൂപീകരിക്കുകയുണ്ടായി. 14 വര്‍ഷങ്ങളായി ഖത്തീബായിരുന്ന ആലി മുസ്‌ലിയാര്‍ തന്നെയായിരുന്നു ഔദ്യോഗികമായി തിരൂരങ്ങാടി ഖിലാഫത്തു കമ്മറ്റിയുടെ സെക്രട്ടറി.
പണ്ഡിതോജ്ജ്വലമായ ആജ്ഞാശക്തി നിറഞ്ഞുനിന്ന വിനയാന്വിതമായ സ്വഭാവ വൈശിഷ്ട്യമായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. ആലി മുസ്‌ലിയാര്‍ തങ്ങള്‍ എന്നാണ് പ്രധാന ശിഷ്യനായ കെ.എം മൗലവിയും മറ്റു ബുദ്ധിജീവികളായ വിദ്യാസമ്പന്നരും അദ്ദേഹത്തെ സംബോധന ചെയ്തിരുന്നത്. കുടുംബജീവിതത്തില്‍ ദീനിചിട്ട മുറുകെപ്പിടിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ആലി മുസ്‌ലിയാര്‍ നടത്തിയ ദര്‍സ്സുകളില്‍ പ്രധാനപ്പെട്ടതായിരുന്നു മലപ്പുറം മേല്‍മുറി പൊടിയാട് ദര്‍സ്. ആലിമുസ്‌ലിയാരുടെ ശിഷ്യന്‍മാരായ പണ്ഡിതന്‍മാരാണ് മലബാറില്‍ ഖിലാഫത്ത് സമരത്തിന് പിന്തുണ നല്‍കിയ ചെറുപ്പക്കാരായ പണ്ഡിതന്‍മാരില്‍ സിംഹഭാഗവും.
വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, എം.പി. നാരായണമേനോന്‍, ആമിനുമ്മാന്റെകത്ത് പരീക്കുട്ടി മുസ്‌ലിയാര്‍, പുതിയാപ്ല അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയവരായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും. വെള്ളക്കാരാല്‍ ഇല്ലാതായികൊണ്ടിരുന്ന ഹിന്ദു-മുസ്‌ലിം മൈത്രി കൂടുതല്‍ ദൃഢമാകുന്നതിന് ഖിലാഫത്ത് പ്രസ്ഥാനത്തിലൂടെ അവര്‍ പരിശ്രമിച്ചുകൊണ്ടിരുന്നു.
ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കാനും ഫണ്ട് ശേഖരിക്കാനുമായി ഭാരതപര്യടനം നടത്തിയിരുന്ന മഹാത്മാഗാന്ധിക്കും മൗലാനാഷൗക്കത്തലിക്കും 1920 ആഗസ്റ്റ് 18-നു കോഴിക്കോട്ട് സ്വീകരണം നല്‍കി. ആ യോഗത്തില്‍ സംബന്ധിക്കുന്നതിനും ഗാന്ധിജിയോടും ഷൗക്കത്തലിയോടും ഏറനാട്ടിലെ സംഭവങ്ങള്‍ വിവരിക്കുന്നതിനും കോഴിക്കോട്ടെത്തിയ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം പ്രത്യേക ക്ഷണിതാവായി ആലി മുസ്‌ലിയാര്‍, കൊന്നാര മുഹമ്മദ്‌കോയ തങ്ങള്‍, കുമരംപുത്തൂര്‍ സീതിക്കോയതങ്ങള്‍, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍ തുടങ്ങിയവരും എത്തിയിരുന്നു.
മാപ്പിളമാര്‍ സമരത്തിന് പുറപ്പെടുന്നതിനുമുമ്പ് ചേറൂര്‍ശുഹദാക്കളുടെ മഖ്ബറ സന്ദര്‍ശിക്കാറുണ്ടായിരുന്നതിനാല്‍ പതിറ്റാണ്ടുകളായി ബ്രിട്ടീഷ് സര്‍ക്കാര്‍ അതുവിലക്കിയിരുന്നു. വിലക്കുലംഘിച്ചുകൊണ്ട് ആലി മുസ്‌ലിയാരും സംഘവും 1921 ആഗസ്റ്റില്‍ ചേറൂര്‍ മഖ്ബറ സന്ദര്‍ശിച്ചു. വെള്ളക്കാര്‍ക്കെതിരെയുള്ള പോരാട്ടം വിജയിക്കുന്നതിന് പ്രാര്‍ത്ഥിക്കാനായിട്ടാണ് ഖദറണിഞ്ഞ 400-ലധികം ഖിലാഫത്ത് പ്രവര്‍ത്തകര്‍ മമ്പുറം കിഴക്കെപള്ളിയില്‍ നിന്നും പുറപ്പെട്ടത്. തടയാന്‍ശ്രമിച്ച പോലീസിനെതിരെ പ്രവര്‍ത്തകര്‍ തിരിഞ്ഞതിനാല്‍ അവര്‍ പിന്‍വാങ്ങിയെങ്കിലും മേലുദ്യോഗസ്ഥര്‍ക്ക് റിപോര്‍ട്ട് ചെയ്തു.
ആലി മുസ്‌ലിയാരും സംഘവും ചേറൂര്‍ശുഹദാക്കളുടെ മഖ്ബറ സന്ദര്‍ശിച്ചത് യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെന്നും മമ്പുറം പള്ളിയിലും പലവീടുകളിലും ആയുധങ്ങള്‍ സമാഹരിച്ചിട്ടുണ്ടെന്നും അതുപിടിച്ചെടുത്തില്ലങ്കില്‍ ആപത്താണെമെന്നും കാണിച്ച്് കളക്ടര്‍ തോമസ് മേല്‍ഘടകത്തിന് കത്തെഴുതി. മലബാറില്‍ മനപ്പൂര്‍വ്വം പ്രശ്‌നമുണ്ടാക്കാനാണ് കളക്ടര്‍ തോമസ് ശ്രമിക്കുന്നതെന്നെ് മനസ്സിലാക്കിയ മദ്രാസ് ഗവര്‍ണര്‍ അതേക്കുറിച്ചന്വേഷിക്കുന്നതിന് എ.എന്‍. നാപിനെ ചുമതലപ്പെടുത്തി. 1921 ആഗസ്റ്റ് 13-ന് എ.എന്‍. നാപ് മലബാര്‍ സന്ദര്‍ശിക്കുകയും, തോമസിന്റെ നിഗമനം തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു.
മലബാറില്‍ മനഃപ്പൂര്‍വ്വം ഒരു കലാപം ഉണ്ടാക്കുകയെന്നതായിരുന്നു കലക്ടര്‍ തോമസിന്റെ ലക്ഷ്യമെന്ന റിപ്പോര്‍ട്ട് കൈമാറി തോമസിനെ നിയന്ത്രിക്കണമെന്ന് എ.എന്‍. നാപ് ഗവര്‍ണറോട് ആവശ്യപ്പെടുമ്പോള്‍ ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതിന് മമ്പുറം പള്ളിയിലും അനേകം വീടുകളിലും പരിശോധന ആരംഭിച്ചിരുന്നു. പോലീസും പട്ടാളവുമടങ്ങിയ 200-ഓളം പേരാണ് ആഗസ്റ്റ് 19-ന് നടന്ന റെയ്ഡില്‍ പങ്കെടുത്തത്. പൊറ്റയില്‍ മുഹമ്മദ് ഹാജി, മൊയ്തീന്‍കുട്ടി, കോഴിശ്ശേരി മമ്മദ് തുടങ്ങി പലരേയും അറസ്റ്റുചെയ്തു. എന്നാല്‍ പള്ളിയില്‍നിന്നൊ വീടുകളില്‍നിന്നൊ ഒരൊറ്റ ആയുധുംപോലും കണ്ടെത്തിയില്ല. തുടര്‍ന്ന് ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം പരിശോധന നിര്‍ത്തി കളക്ടര്‍ തോമസും സംഘവും പിന്‍മാറിയെങ്കിലും തിരൂരങ്ങാടി ജുമുഅത്ത് പള്ളിയില്‍ പട്ടാളം കയറി മലിനമാക്കിയെന്നും മമ്പുറം മഖാം വെടിയേറ്റു തകര്‍ന്നെന്നുമുള്ള അഭ്യൂഹത്താല്‍ ആയിരക്കണക്കിനു മാപ്പിളമാര്‍ മമ്പുറത്തേക്ക് നീങ്ങി.
1921 ആഗസ്റ്റ് 20-ന് പുലര്‍ച്ചെ തിരൂരങ്ങാടിയില്‍ മരണക്കളി നടത്തിയ ബ്രിട്ടീഷ് പട്ടാളം ഖിലാഫത്ത് ഓഫീസ് കുത്തിപ്പൊളിച്ച് അകത്തുകയറി അവിടെയുണ്ടായിരുന്ന ചര്‍ക്കയും ബെഞ്ചുകളുമൊക്കെ തല്ലിപ്പൊളിക്കുകയും തിരൂരങ്ങാടി ഖിലാഫത്ത് ഓഫീസ് എന്നെഴുതിവെച്ചിരുന്ന ബോര്‍ഡ് തല്ലിതകര്‍ക്കുകയും ചെയ്തു. റെയ്ഡില്‍ അറസ്റ്റിലായവരെ വിട്ടയച്ചാല്‍ പ്രക്ഷോപം ഒഴിവാക്കാന്‍ കഴിയുമെന്നഭ്യര്‍ത്ഥിക്കാന്‍ ആലി മുസ്‌ലിയാരും കട്ടിലശ്ശേരി മുഹമ്മദ് മൗലവിയും ഏതാനും നേതാക്കളും കളക്ടര്‍ തോമസിനെ കാണാനെത്തി. ഈ സമയത്താണ് എഎസ്പി റൗളി ജനക്കൂട്ടത്തിനു നേരെ വെടിവെക്കാന്‍ ഉത്തരവിട്ടത്. വെടിവെപ്പില്‍ 17 പേര്‍ വധിക്കപ്പെട്ടു. അതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടാവുകയും എഎസ്പി റൗളിയും ഹെഡ്‌കോണ്‍സ്റ്റബിള്‍ മൊയ്തീനും ഏതാനും പട്ടാളക്കാരും കൊല്ലപ്പെടുകയും ചെയ്തതോടെ മറ്റ് പട്ടാളക്കാര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്തു.
സമാധാനപരമായിനടന്ന പ്രക്ഷോപം ഏറനാട്ടിലാകെ വ്യാപിക്കുകയും അക്രമാസക്തമാവുകയും ചെയ്തു. പോലീസ് സ്റ്റേഷനും റെയില്‍പാളങ്ങളും പാലങ്ങളും തകര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകള്‍ തീവെച്ച് നശിപ്പിച്ചു. കലാപബാധിത പ്രദേശങ്ങള്‍ ഖിലാഫത്ത് പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലായി. ആലി മുസ്‌ലിയാര്‍ ഖലീഫയായി സ്വയം പ്രഖ്യാപിച്ചു. ആലി മുസ്‌ലിയാര്‍ തീരൂരങ്ങാടിയുടെ ഖലീഫയായി ഭരണം ആരംഭിച്ചപ്പോള്‍തനന്നെ ബ്രിട്ടീഷ് അനുകൂലികളായിരുന്ന കുഞ്ഞിപ്പോക്കര്‍ ആളുവളപ്പില്‍ കുഞ്ഞഹമ്മദ് എന്നിവരെ പിടികൂടി ശിക്ഷിച്ചു. ഒരാഴ്ചക്കാലം ആലി മുസ്‌ലിയാര്‍ ഭരണം നടത്തിയതായി ബ്രിട്ടീഷ് രേഖകളില്‍ക്കാണാം.
നാട്ടില്‍ കലാപവുംപോരാട്ടവും വര്‍ദ്ധിച്ചതിനാല്‍ സ്ത്രീകളും കുട്ടികളും വിഷമിക്കുകയാണെന്നും ഇതവസാനിപ്പിക്കാന്‍ ആലി മുസ്‌ലിയാര്‍ ബ്രിട്ടീഷ് പട്ടാളത്തിനുമുന്നില്‍ കീഴടങ്ങണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. പ്രസ്തുതയോഗത്തില്‍ കെ.പി. കേശവമേനോന്‍, മുഹമ്മദ് അബ്ദുറഹ്മാന്‍, കെ.എം. മൗലവി, വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, കെ.വി. ഗോപാലകൃഷ്ണമേനോന്‍, ആലി മുസ്‌ലിയാര്‍, യു. ഗോപാലമേനോന്‍, പൊന്‍മാടത്ത് മൊയ്തീന്‍ കോയ, കെ. മാധവമേനോന്‍, ഗോവിന്ദക്കുറുപ്പ്, ലവക്കുട്ടി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, കുഞ്ഞലവി തുടങ്ങിയ പ്രമുഖനേതാക്കള്‍ പങ്കെടുത്തു. എന്നാല്‍ കീഴടങ്ങണമെന്ന ആവശ്യം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ചെമ്പ്രശ്ശേരി കുഞ്ഞിക്കോയ തങ്ങള്‍, ലവക്കുട്ടി, കുഞ്ഞലവി എന്നിവര്‍ തള്ളിക്കളഞ്ഞു.
ഈ സമരവുമായി ബന്ധപ്പെട്ട് കൊണ്‍ഗ്രസ്സ് നേതാക്കളോട് ആലി മുസ്‌ലിയാര്‍ പറഞ്ഞു. 'ഞാന്‍ യാതൊരക്രമത്തിനും മുതിര്‍ന്നിട്ടില്ല. തികച്ചും അക്രമരാഹിത്യത്തില്‍ വിശ്വസിക്കുന്നവനാണ് ഞാന്‍. ഉറങ്ങിക്കിടക്കുമ്പോള്‍ അര്‍ദ്ധരാത്രിക്കുശേഷം വീട്ടില്‍ അതിക്രമിച്ച് കയറി നിരപരാധികളെ അറസ്റ്റ് ചെയ്തതെന്തിനാണെന്നു ചോദിക്കാനായിരുന്നു ഞങ്ങള്‍ ഉദ്യോഗസ്ഥന്‍മാരെ സമീപിച്ചത്. എന്റെ കയ്യില്‍ ഈ കുത്തിപ്പിടിച്ചിരിക്കുന്ന വടിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. അക്രമിയുടെ നേരെ ഒരുപിടി മണ്ണുവാരിയിടാനേ സാധിക്കുകയുള്ളുവെങ്കില്‍ അത് ചെയ്യണമെന്നാണ് ഇസ്‌ലാമിന്റെ വിധി'.
1921 ആഗസ്ത് 29-ന് വൈകുന്നേരം ഖിലാഫത്ത് പ്രവര്‍ത്തകര്‍ തിരൂരങ്ങാടിയില്‍ യോഗം ചേര്‍ന്നു. ഹജ്ജൂരാപ്പീസ് കേന്ദ്രീകരിച്ച് നടന്നുകൊണ്ടിരുന്ന ഗൂഢാലോചനയെപ്പറ്റി കിട്ടുന്ന വിവരങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഖിലാഫത്ത് നേതാക്കള്‍ തിരൂരങ്ങാടിയില്‍ യോഗം ചേര്‍ന്നത്. പൂക്കോട്ടൂരിലേക്ക് പോകാന്‍ ഒരുങ്ങി നിന്ന കലക്ടര്‍ തോമസ്, എ.എസ്.പി. ഹിച്ച്‌കൊക്ക് തുടങ്ങിയവര്‍ തിരൂരങ്ങാടിയില്‍ ഖിലാഫത്ത് നേതാക്കള്‍ യോഗംചേരുന്നതറിഞ്ഞ് രാത്രിതന്നെ പട്ടാളത്തോടൊപ്പം അവിടെയെത്തി. ഖിലാഫത്ത് നേതാക്കളായ ആലി മുസ്‌ലിയാര്‍, ലവക്കുട്ടി, കാരാടന്‍ മൊയ്തീന്‍, എം.പി നാരായണമേനോന്‍, കട്ടിലശ്ശേരി മുഹമ്മദ് മുസ്‌ലിയാര്‍, ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്യുന്നതിനായിട്ടായിരുന്നു അവര്‍ തിരൂരങ്ങാടിയിലെത്തിയത്.
1921 ആഗസ്റ്റ് 30-ന് വലിയൊരു സൈന്യം തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളിവളഞ്ഞു. ജനറല്‍ ആര്‍മിറ്റേജ്, പോലീസ് സൂപ്രണ്ട് ഹിച്ച്‌കൊക്ക്, ഡെപ്യുട്ടി സൂപ്രണ്ട് ആമു, ലെഫ്റ്റനന്റ് റാഡ്ക്ലിഫ്, മേജര്‍ ഹോപ്പ്, കേണല്‍ ഹംഫ്രി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരായിരുന്നു ഓപ്പറേഷന് നേതൃത്വം നല്‍കിയത്. പള്ളിയുടെ മുകള്‍നിലയില്‍ ആലി മുസ്‌ലിയാരും ലവക്കുട്ടിയും കുഞ്ഞലവിയും അബ്ദുല്ലക്കുട്ടിയും കരാടന്‍ മൊയ്തീനുമടക്കം 114 പോരാളികള്‍ അപ്പോഴുണ്ടായിരുന്നു. പള്ളിക്കുചുറ്റും പീരങ്കികള്‍സ്ഥാപിച്ച് സൈന്യം കാത്തിരുന്നു. വെള്ളക്കൊടി പിടിച്ച് കീഴടങ്ങണമെന്നും പള്ളിയില്‍ നിന്നും പുറത്തിറങ്ങണമെന്നും ആമു സൂപ്രണ്ട് കല്‍പിച്ചു. നാളെ രാവിലെ പുറത്തിറങ്ങാമെന്ന് ആലി മുസ്‌ലിയാര്‍ പറഞ്ഞതായി ഖിലാഫത്ത് പ്രവര്‍ത്തകനായ അത്തന്‍കുട്ടി വിളിച്ചുപറഞ്ഞു. പുലര്‍ച്ചെതന്നെ പുറത്തിറങ്ങിയില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്ന് ആമു സൂപ്രണ്ട് ഭീഷണിപ്പെടുത്തി.
പ്രഭാതനമസ്‌കാരം കഴിഞ്ഞതോടെ പട്ടാളം പള്ളിക്കുനേരെ വെടിവെച്ചു. പള്ളിക്കുള്ളിലുള്ളവര്‍ കീഴടങ്ങാതെ പ്രത്യാക്രമണം നടത്തിക്കൊണ്ടിരുന്നു. പീരങ്കികള്‍ കൊണ്ട് പള്ളിതകര്‍ക്കുമെന്ന് സൈന്യം മുന്നറിയിപ്പ് നല്‍കി വെടിവെപ്പുതുടര്‍ന്നു. പുറത്തിറങ്ങിയാല്‍ വെടിവെപ്പ് നിര്‍ത്തുമെന്നുകരുതി പടിപ്പുരയുടെ വാതില്‍തുറക്കാന്‍ ആലി മുസ്‌ലിയാര്‍ പറഞ്ഞു. വാതില്‍ തുറന്നപ്പോള്‍ത്തന്നെ അവിടെനിന്നയാളും കാരാടന്‍ മൊയ്തീനും വെടിയേറ്റുവീണു. പള്ളി തകര്‍ക്കുമെന്ന് ഭയന്ന് വെള്ളക്കൊടി കാണിച്ചുകീഴടങ്ങാന്‍ ആലി മുസ്‌ലിയാര്‍ കല്‍പിച്ചു. തന്റെ വിശ്വസ്തനായിരുന്ന കാരാടന്‍ മൊയ്തീന്‍ വെടിയേറ്റുവീണത് ആലി മുസ്‌ലിയാരെ തളര്‍ത്തുകയും കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്തു.
ആയുധമില്ലാതെ രണ്ടാളുകള്‍വീതം പുറത്തേക്കുവരാന്‍ ആമു സൂപ്രണ്ട് കല്‍പ്പിച്ചു. അപ്രകാരം പള്ളിയില്‍നിന്ന് പുറത്തേക്കുവന്നവരെ പട്ടാളക്കാര്‍ പിടിച്ച് കൈകള്‍ കൂട്ടിക്കെട്ടി. പക്ഷേ ലവക്കുട്ടിയും ചിറ്റമ്പലം കുഞ്ഞലവിയും അബ്ദുല്ലക്കുട്ടിയും കീഴടങ്ങാന്‍ തയ്യാറായില്ല. അവര്‍ പള്ളിക്കുമുകളില്‍നിന്നും പട്ടാളക്കാര്‍ക്കിടയിലേക്കു ചാടി. അപ്രതീക്ഷിതമായ ആ ചാട്ടത്തില്‍ പട്ടാളക്കാര്‍ പകച്ചു. പട്ടാളഓഫീസറായ പ്രൈവറ്റ് വില്യമിനെ കുഞ്ഞലവി കുത്തിവീഴ്ത്തി. കീഴടങ്ങാന്‍ തയ്യാറാവാത്ത പലരും പട്ടാളക്കാര്‍ക്കിടയിലേക്ക് ധീരമായിചെന്നു അവരെ കുത്തിക്കൊന്ന് വെടിയേറ്റു മരിച്ചു. ഇരുപത്തിരണ്ട് മാപ്പിള ധീരന്‍മാര്‍ മരിച്ചുവീണ ഏറ്റുമുട്ടലില്‍ ഇരുപതോളം പട്ടാളക്കാരും വധിക്കപ്പെട്ടു. വെടിവെപ്പില്‍ കൊല്ലപ്പെട്ട മാപ്പിളമാരെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
ആലി മുസ്‌ലിയാരെയും 37 അനുയായികളെയും അറസ്റ്റ് ചെയ്തു. അന്നു രാത്രി അവരെ തിരൂരങ്ങാടി ചന്തയില്‍ താമസിപ്പിച്ചിട്ട് പിറ്റേദിവസം തിരൂരിലേക്കു കൊണ്ടുപോയി. അവിടെ നിന്ന് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. ആലി മുസ്‌ലിയാരെയും പന്ത്രണ്ട് അനുയായികളെയും തൂക്കിക്കൊല്ലാന്‍ വിധിച്ചു. ബാക്കി ഇരുപത്തഞ്ചുപേരില്‍ മൂന്നുപേരെ ആന്തമാനിലേക്കു നാടുകടത്തി. ഇരുപത്തിരണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ബ്രിട്ടീഷ് പട്ടാളവുമായി വലിയോറയില്‍വെച്ചുണ്ടായ സംഘട്ടനത്തില്‍ കുഞ്ഞലവി രക്തസാക്ഷിയായി. തിരൂരങ്ങാടി പള്ളിക്കുനേരെയുണ്ടായ വെടിവെപ്പില്‍ മരിച്ചമാപ്പിളമാരെ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ മറവു ചെയ്തു.
1921 നവംബര്‍ 5-ാം തീയതി മാര്‍ഷ്യല്‍ കോടതി കൂടുകയും സമരത്തിന് നേതൃത്വം വഹിച്ച ആലി മുസ്‌ലിയാരെയും സഹപ്രവര്‍ത്തകരേയും വധശിക്ഷക്ക് വിധിക്കുകയും ചെയ്തു. ആലി മുസ്‌ലിയാരെ പരസ്യമായി വെടിവെച്ചുകൊല്ലാനാണ് അധികൃതര്‍ തീരുമാനിച്ചതെങ്കിലും പിന്നീടത് കോടതി വിധി മൂലംമാറ്റി. മഹാരാജാവിനോട് യുദ്ധം ചെയ്തുവെന്നും വെള്ളക്കാരെ കൊന്നുവെന്നുള്ള കുറ്റത്തിന് ആലി മുസ്‌ലിയാര്‍ അടക്കം 13 പേരെ തൂക്കികൊല്ലുന്നതിനും ബാക്കിയുള്ളവരെ ജീവപര്യന്തം നാടുകടത്തുന്നതിനും കോടതി വിധിച്ചു. 1922 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍വെച്ച് ആലി മുസ്‌ലിയാരെ തൂക്കിലേറ്റാന്‍ മാര്‍ഷ്യല്‍ കോടതി ഉത്തരവിട്ടു.
വിധി പ്രസ്ഥാവിച്ചുകൊണ്ട് സാമ്രാജ്യത്വ സ്‌പെഷ്യല്‍ ജഡ്ജി പറഞ്ഞു. 'വെറും മതഭ്രാന്തോ ഭൂമിസംബന്ധമായ മറ്റു ബുദ്ധിമുട്ടുകളൊ അല്ല ആലി മുസ്‌ലിയാരെയും കുഞ്ഞഹമ്മദ് ഹാജിയെയും സമരത്തിന് പ്രേരിപ്പിച്ചത്. ഇതെല്ലാം ഖിലാഫത്ത് നിസ്സഹകരണ പ്രസ്ഥാനങ്ങളുടെ ഭാഗമാണെന്ന് കോടതി കാണുന്നു.' ഇതുതന്നെയാണ് മറ്റ് കലാപങ്ങളില്‍ നിന്നും മലബാര്‍ പോരാട്ടത്തെ വ്യത്യസ്തമാക്കുന്നത്.
1922 ഫെബ്രുവരി 17 ശനിയാഴ്ച രാവിലെ തൂക്കിലേറ്റുന്നതിന് മുമ്പ് ജയില്‍ അധികാരികളോട് അല്‍പ്പം ചൂടുവെള്ളം ആലി മുസ്‌ലിയാര്‍ ആവശ്യപ്പെട്ടു. ചൂടുവെള്ളത്തില്‍ വുദൂചെയ്ത് അല്ലാഹുവിനോട് പ്രാര്‍ത്ഥിച്ച് അവസാനമായി രണ്ടു റക്കഅത്ത് നമസ്‌ക്കരിച്ചു. തന്റെ ഉത്തമസുഹൃത്തും നിലമ്പൂരിന്റെ സുല്‍ത്താനുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ അവസാന ആഗ്രഹവും രണ്ടു റക്കഅത്ത് നമസ്‌ക്കാരമായിരുന്നു.
1922 ഫെബ്രുവരി 17-ന് ശനിയാഴ്ച രാവിലെ കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ച് ആലി മുസ്‌ലിയാരെ തൂക്കിലേറ്റി എന്നാണ് ബ്രിട്ടീഷ് രേഖയിലുള്ളത്. മൗലാനാ യാക്കൂബ് ഹസന്‍ സേട്ടുസാഹിബ്, കോയമ്പത്തൂരിലെ ഇമാം മൗലാനാ അബ്ദുല്‍ റസാഖ് ആലിം സാഹിബ് എന്നിവരുടെ നേതൃത്വത്തില്‍ മയ്യിത്ത് നമസ്‌ക്കരിക്കുകയും കോയമ്പത്തൂര്‍ ശുക്രാന്‍ പേട്ടയിലെ ഖബര്‍സ്ഥാനില്‍ മറവ് ചെയ്യുകയും ചെയ്തു.
തിരൂരങ്ങാടി താലൂക്ക് ഓഫീസിനു പിന്നിലെ ലോക്കപ്പുമുറികള്‍ ഇപ്പോഴും ഭീതിജനിപ്പിക്കും. ഒറ്റക്കല്ലില്‍ തീര്‍ത്ത വലിയ പൂട്ടുകള്‍. കല്ലില്‍ കൊത്തിയുണ്ടാക്കിയ ഉരുണ്ട ദ്വാരത്തിലേക്കു ഇരുമ്പുവാതിലിന്റെ ഉരുണ്ട ഓടാമ്പല്‍ വീണുകഴിഞ്ഞാല്‍ ആന ചവിട്ടിയാലും തുറക്കില്ല. ദശാബ്ദങ്ങളുടെ പഴക്കമുള്ള ഈ കെട്ടിടത്തില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകമായി തടവുമുറികളുണ്ടായിരുന്നു. ഇത്തരം ഏഴു ലോക്കപ്പുമുറികളാണിവിടെയുണ്ടായിരുന്നത്.
താലൂക്ക് ഓഫീസിന്റെ ഓരത്തായി അധികമാരാലും ശ്രദ്ധിക്കപ്പെടാതെ ഇരുമ്പുകമ്പികള്‍കൊണ്ട് വളച്ചുകെട്ടിയ ഒരു ഭാഗമുണ്ട്. കാടും പടലും വളര്‍ന്നിരിക്കുന്ന അവിടേയൊരു പഴയ ശവക്കല്ലറ. ഖിലാഫത്ത് പോരാളികളുടെ കൈക്കരുത്തിന്റെ മങ്ങാത്ത ചിത്രം. 1921 ആഗസ്ത് 20-ന് കച്ചേരിക്കു മുമ്പില്‍ നടന്ന വെടിവെപ്പിലും ലഹളയ്ക്കുമിടയില്‍ കൊല്ലപ്പെട്ട പാലക്കാട് എഎസ്പി റൗളിയുടെ ശവക്കല്ലറ.
തിരൂരങ്ങാടി രാഷ്ട്രീയമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ്. നാടുവിട്ടുപോയ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍, അദ്ദേഹത്തിന്റെ വന്ദ്യപിതാവായിരുന്നു സയ്യിദ് അലവി തങ്ങള്‍ എന്നീ മഹാത്മാക്കളുടെ പാദസ്പര്‍ശത്താല്‍ പവിത്രമായ പ്രദേശമാണ് തിരൂരങ്ങാടി. ആ വന്ദ്യാത്മാക്കളുടെ അഭിഗമ്യമായ ആത്മീയ നേത്യത്വമാണ് സ്ഥലത്തെ മുസ്‌ലീംകളെ സമരസമുദായമാക്കി ഉയര്‍ത്തിയത്. അക്കാലത്തെ യാത്രാസൗകര്യവും തിരൂരങ്ങാടിയെ സമരഭൂപടത്തില്‍ എടുത്തുകാണിച്ചു. നീണ്ട സമരത്തിന്റേയും പടയോട്ടത്തിന്റേയും നിഴല്‍പ്പാടുകളും ചോരപ്പാടുകളും തിരൂരങ്ങാടിയില്‍ ധാരാളമായി ഇന്നും കാണാം.
RELATED STORIES
കാഫിര്‍ സ്ക്രീന്‍ഷോട്ട് കേസ്; തിങ്കളാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട്...
22 Nov 2024 12:17 PM GMTവയനാടിനോടുള്ള കേന്ദ്ര അവഗണന; ഡിസംബര്‍ അഞ്ചിന് സംസ്ഥാന വ്യാപക...
22 Nov 2024 11:58 AM GMTഅയ്യപ്പ ഭക്തര്‍ വാവര് പള്ളിയില്‍ പോകരുത്: ബിജെപി എംഎല്‍എ രാജാസിങ്
22 Nov 2024 11:42 AM GMTഭരണഘടനാ വിരുദ്ധ പരാമര്‍ശം: അന്വേഷണം നടക്കട്ടെ; മന്ത്രി സജി ചെറിയാനെ...
22 Nov 2024 11:02 AM GMTനാടകാചാര്യന് ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
22 Nov 2024 10:47 AM GMTബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി; ഓസിസിന്റെ അതേ നാണയത്തില്‍ തിരിച്ചടിച്ച്...
22 Nov 2024 10:15 AM GMT