Sub Lead

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ സിഎഎയും കേന്ദ്രം ഉടന്‍ പിന്‍വലിക്കണം: എം കെ ഫൈസി

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ സിഎഎയും കേന്ദ്രം ഉടന്‍ പിന്‍വലിക്കണം: എം കെ ഫൈസി
X

ചെന്നൈ: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചതുപോലെ ജനദ്രോഹ നിയമമായ സിഎഎയും കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ചെന്നൈയില്‍ നടക്കുന്ന രണ്ടുദിവസത്തെ ദേശീയ പ്രതിനിധി സഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാര്‍ ചുട്ടെടുത്ത ജനവിരുദ്ധമായ എല്ലാ നിയമങ്ങളും പിന്‍വലിക്കാന്‍ മോദി തയ്യാറാവണം. അല്ലെങ്കില്‍ കൂടുതല്‍ ജനകീയ സമരങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്യാത്തതുകൊണ്ടാണ് ബിജെപി വര്‍ഗീയത രാഷ്ട്രീയ വിഷയമാക്കുന്നത്. അതിനെ വര്‍ഗീയതകൊണ്ടുതന്നെ നേരിടുന്നത് പ്രതിപക്ഷ പാര്‍ട്ടികളുടെ നയവ്യതിയാനമാണ്. ഇത് രാജ്യത്തിന് കൂടുതല്‍ അപകടകരമാണ്.

യുപിയില്‍ യോഗി ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കുമ്പോള്‍ അഖിലേഷ് പരശുരാമന്റെ പ്രതിമ സ്ഥാപിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. പശുവിന് ശീതീകരിച്ച ആംബുലന്‍സുകളും ആശുപത്രികളും നിര്‍മിക്കുമ്പോള്‍ മനുഷ്യനുവേണ്ടി ആതുരാലയങ്ങളോ വിദ്യാലയങ്ങളോ നിര്‍മ്മിക്കണമെന്ന ചര്‍ച്ച പോലും രാജ്യത്ത് നടക്കുന്നില്ല. പൊതുജനസേവനങ്ങളില്‍നിന്ന് സര്‍ക്കാരുകള്‍ പിന്‍മാറുകയും പൊതുസ്വത്ത് മുഴുവന്‍ വിറ്റഴിക്കുകയുമാണ് ചെയ്യുന്നത്. ഫാഷിസം ഒരുതരം ഭീതിയിലാണ്. അതുകൊണ്ടാണ് അംബേദ്കര്‍ പ്രതിമയും മുസ്‌ലിം സ്ഥലനാമങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ രാജ്യം സുരക്ഷിതമാണെന്ന വാദം പൊള്ളയാണെന്ന് ഓരോ ദിവസവും കൂടുതല്‍ വ്യക്തമായിക്കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നാലുഭാഗത്തുനിന്നും അയല്‍രാജ്യങ്ങള്‍ അക്രമം നടത്തിക്കൊണ്ടിരിക്കുയാണ്. രാജ്യം മോദിയുടെ കൈകളില്‍ സുരക്ഷിതമാണ് എന്നാണ് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ അവകാശപ്പെടുന്നത്. എന്നാല്‍, യുദ്ധമുണ്ടായി കൊല്ലപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ സൈന്യം മോദിയുടെ ഭരണത്തിന്‍കീഴില്‍ മരിച്ചു കൊണ്ടിരിക്കുകയാണ്.

അയല്‍ രാജ്യമായ ചൈന രാജ്യത്ത് കടന്ന് കയറി അക്രമണം നടത്തുകയും അവരുടെ കോളനികള്‍ ഇന്ത്യയില്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കേന്ദ്രസര്‍ക്കാര്‍ ഇതിനെതിരേ ഒരു നിലപാട് പോലുമെടുക്കാന്‍ കഴിയാത്ത വിധം പരാജയപ്പെടുന്നു. ആത്മവിശ്വാസം ഇല്ലാത്തവരെ പോലെയാണ് സംഘപരിവാര ഭരണകൂടം അധികാരം കൈയാളുന്നത്. കഴിഞ്ഞ ഏഴുവര്‍ഷത്തെ മോദിയുടെ ഭരണത്തില്‍ രാജ്യം സര്‍വമേഖലകളിലും തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

രാജ്യത്തിന്റെ സാമ്പത്തിക നയം പൊതുമേഖലാ സ്ഥാപനങ്ങളോടുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാട് തുടങ്ങി സര്‍വമേഖലയിലും കേന്ദ്രസര്‍ക്കാര്‍ പരാജയമാണ്. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമങ്ങളെല്ലാം ഫെഡറലിസത്തെ തകര്‍ക്കുന്നതാണ്. ഇത് രാജ്യത്തെ ആഭ്യന്തര ജനാധിപത്യം ഇല്ലാതാക്കും. രാജ്യം നേരിടുന്ന യഥാര്‍ഥ പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ സാമ്പ്രദായിക രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കഴിയുന്നില്ലെന്നും എം കെ ഫൈസി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it