Sub Lead

സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചു; പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍

സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചു; പൗരത്വ ഭേദഗതി നിയമം പ്രാബല്യത്തില്‍
X

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ ബാക്കിയിരിക്കെ, വിവാദമായ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങളുടെ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതോടെ, 2019ല്‍ പാര്‍ലമെന്റ് പാസാക്കുകയും വന്‍ പ്രതിഷേധം കാരണം നിര്‍ത്തിവയ്ക്കുകയും ചെയ്ത പൗരത്വഭേദഗതി നിയമം പ്രാബല്യത്തിലായി. നിയമപ്രകാരം പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളിലെ ആറ് ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതിനുള്ള നടപടികള്‍ ആണ് കേന്ദ്രം ആരംഭിച്ചിരിക്കുന്നത്. പൗരത്വത്തിനുള്ള അപേക്ഷകള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉടന്‍ സ്വീകരിച്ചുതുടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.

2019 ഡിസംബറിലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ലോക്‌സഭ പാസാക്കിയത്. 2020 ജനുവരി 10ന് നിലവില്‍വന്നെങ്കിലും രാജ്യമാകെ വന്‍ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലെ ഷാഹീന്‍ബാഗ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ മാസങ്ങളോളം നീണ്ട പ്രതിഷേധങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. തുടര്‍ന്ന് ചട്ടങ്ങള്‍ സിഎഎ നടപ്പാക്കിയിരുന്നില്ല. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് ഇന്ത്യയില്‍ എത്തിയ ഹിന്ദു, സിഖ്, ജെയിന്‍, ക്രിസ്ത്യന്‍, ബുദ്ധ, പാര്‍സി മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കുന്നതിനുള്ള നിയമഭേദഗതിയാണ് പാര്‍ലമെന്റ് പാസ്സാക്കിയിരുന്നത്. 2014 ഡിസംബര്‍ 31ന് മുമ്പ് ഇന്ത്യയില്‍ എത്തിയവര്‍ക്കാണ് പൗരത്വത്തിനായി അപേക്ഷ നല്‍കാന്‍ കഴിയുകയെന്നാണ് നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. ഇതില്‍ മുസ് ലിംകളെ ഒഴിവാക്കിയത് മതത്തിന്റെ പേരിലുള്ള വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നത്. രാജ്യത്തെ വിവിധ കേന്ദ്രസര്‍വകലാശാലകള്‍ സംഘര്‍ഷഭരിതമാവാനും സിഎഎ കാരണമാക്കിയിരുന്നു.

അതേസമയം, സിഎഎ നടപ്പാക്കില്ലെന്ന് കേരളവും ബംഗാളും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇത് മറികടക്കാനായി പൗരത്വത്തിനായുള്ള നടപടിക്രമങ്ങളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇതിനായി പ്രത്യേക പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാസങ്ങള്‍ക്കു മുമ്പ് സജ്ജമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നത് ബിജെപിയുടെ 2019ലെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ പ്രധാനപ്പെട്ടതാണ്. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വര്‍ഗീയധ്രുവീകരണമാണിതെന്ന ആക്ഷേപവും ശക്തമായിട്ടുണ്ട്.


Next Story

RELATED STORIES

Share it