Sub Lead

കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം അതിക്രമിച്ചു:സിമ്രന്‍ജിത് സിങ് മാന്‍

കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു

കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം അതിക്രമിച്ചു:സിമ്രന്‍ജിത് സിങ് മാന്‍
X

ചണ്ഡീഗഢ്:ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ വിരുദ്ധമാണെന്ന് സംഗ്രൂരില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ശിരോമണി അകാലിദള്‍ നേതാവ് സിമ്രന്‍ജിത് സിങ് മാന്‍.മുസ്‌ലിംകളും,സിഖുകാരും ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ ഇന്ത്യയില്‍ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ മുസ്‌ലിംകളോടുള്ള പെരുമാറ്റം തിരുത്തേണ്ട സമയം അതിക്രമിച്ചുവെന്നും,പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.'കേന്ദ്രസര്‍ക്കാര്‍ മുസ്‌ലിംകളുടെ താമസസ്ഥലങ്ങളിലെത്തി അവരുടെ നിലനില്‍പ്പ് ചോദ്യം ചെയ്യുകയാണ്. പൗരത്വം ചോദ്യം ചെയ്യപ്പെടുന്നു. കശ്മീരില്‍ ഇന്ത്യന്‍ സൈന്യം അതിക്രമം നടത്തുകയും ദിനംപ്രതി മുസ്‌ലിംകളെ കൊന്നൊടുക്കുകയും ചെയ്യുന്നു. അവരോട് ഇങ്ങനെ പെരുമാറരുത്. മുസ്‌ലിംകളെ പരിഗണിക്കേണ്ടതുണ്ട്.' അദ്ദേഹം പറഞ്ഞു.

സംഗ്രൂരില്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആപ്പിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുത്താണ് ഖാലിസ്താന്‍ പക്ഷ വാദിയായ ശിരോമണി അകാലിദള്‍ (അമൃത്‌സര്‍) നേതാവ് വിജയിച്ചത്. തുടര്‍ച്ചയായ രണ്ടു തവണ ഭഗവന്ത് മാന്‍ വിജയം നേടിയ സീറ്റാണ് സംഗ്രൂര്‍. എംഎല്‍എയായതോടെ ഭഗവന്ത് മാന്‍ രാജിവെച്ചതാണ് തിരഞ്ഞെടുപ്പിന് വഴിവെച്ചത്.

തന്റെ വിജയം ഓപറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷം കൊല്ലപ്പെട്ട സിഖുകാര്‍ക്കും,കൊല്ലപ്പെട്ട ഗായകന്‍ സിദ്ധു മൂസ് വാലയ്ക്കും,അന്തരിച്ച നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ദുവിനും സമര്‍പ്പിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ഖലിസ്താന്‍ വിഘടനവാദി നേതാവ് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയില്‍ നിന്ന് പഠിച്ച പാഠങ്ങളുടെ വിജയം കൂടിയാണിതെന്നും പറഞ്ഞു.സംഗ്രൂര്‍ ജില്ലയുടെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കുമെന്നും,കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പാക്കിസ്താനുമായുള്ള വ്യാപാരം പുനരാരംഭിക്കാന്‍ അട്ടാരിവാഗ അതിര്‍ത്തി തുറക്കാന്‍ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും സിമ്രന്‍ജിത് സിങ് മാന്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it