Sub Lead

കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്രസംഘം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക്

സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷം; കേന്ദ്രസംഘം കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലേക്ക്
X

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ കേരളം ഉള്‍പ്പെടെയുള്ള ആറ് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘം വീണ്ടും സന്ദര്‍ശനത്തിനെത്തുന്നു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നത് വിലയിരുത്താനാണ് സന്ദര്‍ശനം. ഇത് മൂന്നാം തവണയാണ് കേന്ദ്രസംഘം കേരളത്തിലെത്തുന്നത്. കേരളത്തിനു പുറമേ ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നിവിടങ്ങളിലേക്കും സംഘത്തെ അയക്കും. ആറംഗ പൊതുജനാരോഗ്യവിദഗ്ധരായിരിക്കും ഈ സംസ്ഥാനങ്ങളില്‍ നേതൃത്വം വഹിക്കുക. സംസ്ഥാനത്തെത്തുന്ന സംഘം ആദ്യം സംസ്ഥാനത്തെ സ്ഥിതിഗതികളും വെല്ലുവിളികളും വിലയിരുത്തുകയും പിന്നീട് രോഗവ്യാപനം കുറയ്ക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നേരിട്ട് നല്‍കുകയുമാണ് ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

സംസ്ഥാനങ്ങളിലെ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തലാണ് സംഘത്തിന്റെ ചുമതല. പബ്ലിക് ഹെല്‍ത്ത് സ്‌പെഷ്യലിസ്റ്റ് ഡോ.രുചി ജെയിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരളത്തിലെത്തുക. രോഗവ്യാപനം കുറയ്ക്കാന്‍ ഈ സംഘം സംസ്ഥാനത്തെ സഹായിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ സംസ്ഥാനങ്ങളിലേക്കുള്ള രണ്ടംഗ ഉന്നതതല ടീമില്‍ ഒരു ക്ലിനിക്കല്‍ വിദഗ്ധനും പൊതുജനാരോഗ്യ വിദഗ്ധനും ഉള്‍പ്പെടുന്നു. മണിപ്പൂരിലേക്കുള്ള സംഘത്തെ അഡീ. ഡിഡിജി ആന്റ് ഇഎംആര്‍ ഡയറക്ടര്‍ ഡോ.എല്‍ സ്വസ്തികരന്‍ നയിക്കും.

അരുണാചല്‍ പ്രദേശിലേക്കുള്ള സംഘത്തെ എഐഐഎച്ച് ആന്റ് പിഎച്ച് പ്രഫ. ഡോ. സഞ്ജയ് സാധുഖാന്‍, തൃപുര സംഘത്തെ എഐഐഎച്ച് ആന്റ് പിഎച്ച് ഡോ. ആര്‍ എന്‍ സിന്‍ഹ, പൊതുജനാരോഗ്യ സ്‌പെഷ്യലിസ്റ്റ് ഡോ. എ ദാന്‍ ഒഡീഷയിലെ സംഘത്തെയും നയിക്കും. ഛത്തീസ്ഗഢ് സംഘത്തെ റായ്പൂര്‍ എയിംസ് അസിസ്റ്റന്റ് പ്രഫസര്‍ ഡോ. ദിബാകര്‍ സാഹുവായിരിക്കും നയിക്കുക. മറ്റ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടും കേരളത്തില്‍ കാര്യമായ രീതിയിലുള്ള മാറ്റം ഇതുവരെയുണ്ടായില്ല. ടിപിആര്‍ 10 ശതമാനത്തില്‍ മുകളിലാണ്.

നിലവില്‍ പ്രതിദിനം പതിനായിരത്തിന് മുകളിലാണ് രോഗികള്‍. ഈ സാഹചര്യത്തിലാണ് കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന് കേന്ദ്രസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ടീമുകള്‍ ഉടന്‍തന്നെ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയും കൊവിഡ് മാനേജ്‌മെന്റിന്റെ മൊത്തത്തിലുള്ള നടപ്പാക്കല്‍ നിരീക്ഷിക്കുകയും ചെയ്യും.പ്രത്യേകിച്ച് നിരീക്ഷണവും കണ്ടെയ്ന്‍മെന്റ് പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള പരിശോധനകള്‍ വിലയിരുത്തും. കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കല്‍, ആശുപത്രി കിടക്കകളുടെ ലഭ്യത, ആംബുലന്‍സുകള്‍, വെന്റിലേറ്ററുകള്‍, മെഡിക്കല്‍ ഓക്‌സിജന്‍ എന്നിവയുള്‍പ്പെടെയുള്ളവയുടെ ലഭ്യത, കൊവിഡ് 19 വാക്‌സിനേഷന്‍ പുരോഗതി എന്നിവയും സംഘം പരിശോധിക്കും.

Next Story

RELATED STORIES

Share it