Sub Lead

സിഎഎ ഹരജികള്‍ കോടതിയിലിരിക്കെ പൗരത്വ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍

സിഎഎ ഹരജികള്‍ കോടതിയിലിരിക്കെ പൗരത്വ സര്‍ട്ടിഫിക്കറ്റ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
X

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം സംബന്ധിച്ച ഹരജികള്‍ സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കെ രാജ്യത്ത് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ലയാണ് 14 പേര്‍ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത്. പൗരത്വത്തിനായി അപേക്ഷിക്കുന്ന ഔദ്യോഗിക പോര്‍ട്ടലിലൂടെയാണ് അപേക്ഷ പരിഗണിച്ചത്. അതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 300 പേര്‍ക്ക് സിഎഎ നിയമപ്രകാരം പൗരത്വം അനുവദിച്ചതായും സിഎഎ രാജ്യത്തിന്റെ നിയമമായി മാറിയതായും അമിത് ഷാ വ്യക്തമാക്കി. അപേക്ഷകരെ ആഭ്യന്തര സെക്രട്ടറി അഭിനന്ദിക്കുകയും പൗരത്വം നല്‍കുമ്പോള്‍ 2024ലെ പൗരത്വ (ഭേദഗതി) ചട്ടങ്ങളെ പുകഴ്ത്തുകയും ചെയ്തു. 2019 ഡിസംബറിലാണ് നരേന്ദ്രമോദി സര്‍ക്കാര്‍ പൗരത്വഭേദഗതി നിയമം പാര്‍ലമെന്റില്‍ പാസാക്കിയത്. ഇതോടെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉര്‍ന്നിരുന്നു. നിയമപ്രകാരം 2014 ഡിസംബര്‍ 31ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്‌സി, ക്രിസ്ത്യന്‍ മതവിഭാഗങ്ങളില്‍ പെട്ടവര്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും. മതത്തിന്റെ പേരില്‍ പൗരത്വം നല്‍കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ നടപ്പാക്കുന്നതില്‍നിന്ന് മോദി സര്‍ക്കാര്‍ പിന്നോട്ടുപോയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കഴിഞ്ഞ മാര്‍ച്ച് 11നാണ് സിഎഎ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതിനെതിരേ സുപ്രിംകോടതിയില്‍ ഉള്‍പ്പെടെ ഹരജികള്‍ നല്‍കിയിട്ടുണ്ടെങ്കിലും സ്റ്റേ ചെയ്യാന്‍ തയ്യാറായിരുന്നില്ല.

Next Story

RELATED STORIES

Share it