Sub Lead

അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാം; വിവാദ ബില്ലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി

ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് അധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ല്.

അറസ്റ്റിലായവരുടെ ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാം; വിവാദ ബില്ലുമായി കേന്ദ്ര ആഭ്യന്തരമന്ത്രി
X

ന്യൂഡല്‍ഹി: വിവാദ ജനകമായ ക്രിമിനല്‍ നടപടി ചട്ട പരിഷ്‌ക്കരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ് മിശ്രയാണ് നിര്‍ണായക ബില്‍ അവതരിപ്പിച്ചത്. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും ശാരീരികവും ജീവശാസ്ത്രപരവുമായ വിവരങ്ങള്‍ ശേഖരിക്കാന്‍ പോലിസിന് അധികാരം നല്‍കുന്നതാണ് ഭേദഗതി ബില്ല്.

1920ലെ ഐഡന്റിഫിക്കേഷന്‍ ഓഫ് പ്രിസണേഴ്‌സ് ആക്ടിന് പകരമാണ് നിയമം. ശിക്ഷിക്കപ്പെട്ടവരുടെയും അറസ്റ്റിലായവരുടെയും വിരലടയാളം, കൈപ്പത്തിയുടെ വിശദാംശങ്ങള്‍, കാല്‍പാദത്തിന്റെ വിവരങ്ങള്‍, ഐറിസ്, റെറ്റിന സ്‌കാന്‍, ഒപ്പ്, കൈയ്യക്ഷരം, ചിത്രങ്ങള്‍ എന്നിവ ശേഖരിക്കാമെന്നാണ് പുതിയ ബില്‍.

എന്നാല്‍ ബില്‍ അവതരണത്തെ പ്രതിപക്ഷം ശക്തമായി എതിര്‍ത്തു. ബില്‍ മൗലിക അവകാശങ്ങളുടെയും ഭരണഘടന അനുച്ഛേദങ്ങളുടെയും ലംഘനമെന്ന് പ്രതിപക്ഷം ആരോപിച്ചു. സംസ്ഥാനങ്ങളുമായി ആശയവിനിമയം നടത്തിയ ശേഷമാണ് ബില്‍ കൊണ്ടുവന്നതെന്നും വിവര സുരക്ഷിതത്വത്തിന് സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക നിയമം നിര്‍മിക്കാമെന്നും ആഭ്യന്തര സഹമന്ത്രി പാര്‍ലമെന്റിനെ അറിയിച്ചു. കോടതി വെറുതെ വിടുന്നവരുടെ വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കില്ല എന്നും കേന്ദ്രം ഉറപ്പ് നല്‍കി.

അതിനിടെ, പെട്രോളിന്റെയും അവശ്യമരുന്നുകളുടെയും വിലക്കയറ്റം ഉന്നയിച്ച് ഇരു സഭകളിലും പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ 12 മണിവരെ തടസപ്പെട്ടു.

Next Story

RELATED STORIES

Share it