Sub Lead

വ്യാജ എല്‍എസ്ഡി കേസ്: ബന്ധുവിനെ കേന്ദ്രീകരിച്ച് അന്വേഷണം

വ്യാജ എല്‍എസ്ഡി കേസ്: ബന്ധുവിനെ കേന്ദ്രീകരിച്ച് അന്വേഷണം
X

തൃശ്ശൂര്‍: ചാലക്കുടിയില്‍ കോളിളക്കമുണ്ടാക്കിയ വ്യാജ എല്‍എസ്ഡി കേസില്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയുടെ ബന്ധുവിനെ കേന്ദ്രീകരിച്ച് അന്വേഷണം. ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീലാ സണ്ണിയുടെ ബാഗില്‍ വ്യാജ എല്‍എസ്ഡി വച്ചെന്ന് സംശയിക്കുന്ന ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണുള്ളത്. ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാളെ കണ്ടെത്തി ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് നിഗമനത്തിലാണ് പോലിസ്. ഷീലാ സണ്ണിയുടെ ബാഗില്‍ നിന്ന് കണ്ടെടുത്തത് എല്‍എസ്ഡിയല്ലെന്ന് പരിശോധനാ ഫലം പുറത്തുനവന്നതിനു പിന്നാലെ ഇവരുടെ ഭര്‍ത്താവ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്. ബാഗില്‍നിന്ന് എല്‍എസ്ഡിയെന്ന് ആരോപിച്ച വസ്തു കണ്ടെടുത്തതിന്റെ തലേദിവസം വീട്ടില്‍ ബന്ധുക്കളുണ്ടായിരുന്നെന്ന് ഷീലയും മൊഴി നല്‍കിയിരുന്നു. മാത്രമല്ല, ബന്ധുക്കളില്‍ ചിലര്‍ ഷീലയുടെ സ്‌കൂട്ടര്‍ ഉപയോഗിച്ചിരുന്നു.

ബന്ധുക്കളെ സംശയമുണ്ടെന്നും ഷീല സൂചിപ്പിച്ചിരുന്നു. അതിനിടെ, ഷീലയുടെ ബാഗില്‍ ലഹരിമരുന്നുണ്ടെന്ന വിവരം നല്‍കിയ ആളുകളെ കുറിച്ചുള്ള വിവരം എക്‌സൈസ് ഉദ്യോഗസ്ഥര്‍ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. അതേക്കുറിച്ച് അന്വേഷണം നടന്നെങ്കിലും ആളുകളെ കണ്ടെത്താനായിട്ടില്ല. അന്ന് വിളിച്ച നമ്പര്‍ ഇപ്പോള്‍ ലഭ്യമല്ലെന്നാണ് പറയുന്നത്. പോലിസിന്റെ സഹായത്തോടെ നമ്പറുകള്‍ കണ്ടെത്താനാണ് എക്‌സൈസ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. ഇവരെ കണ്ടെത്താനായി നോട്ടീസ് നല്‍കി കാത്തിരിക്കുകയാണ്. എന്നാല്‍ ഇവര്‍ ബെംഗളൂരുവില്‍ ഉണ്ടെന്ന് പറയുമ്പോഴും അവിടെത്തന്നെ ഉണ്ടോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് റിപോര്‍ട്ട്.

Next Story

RELATED STORIES

Share it