Sub Lead

ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ

ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള ചിത്രങ്ങളുമായി ഐഎസ്ആര്‍ഒ
X

ന്യൂഡല്‍ഹി: രാജ്യം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്കെന്ന സൂചനയുമായി ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടു. ചന്ദ്രയാന്‍ മൂന്നിലെ ലാന്‍ഡറിലെ ഹസാര്‍ഡ് ഡിറ്റെക്ഷന്‍ ആന്റ് അവോയ്ഡന്‍സ് കാമറ (എല്‍എച്ച്ഡിഎസി) പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി ഇറങ്ങുന്നതിന് പാറകളോ ഗര്‍ത്തങ്ങളോ ഇല്ലാത്ത ഭാഗം കണ്ടെത്താനാണ് കാമറ സഹായിക്കുന്നത്. ബുധനാഴ്ചയാണ് ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ് ലാന്‍ഡിങ് കണക്കാക്കുന്നത്. അന്ന് വൈകീട്ട് 6.04ന് ലാന്‍ഡറിനെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറക്കുമെന്നാണ് ഐഎസ്ആര്‍ഒ അറിയിച്ചത്. ലാന്‍ഡര്‍ മോഡ്യൂളിനെ ചന്ദ്രന്റെ ഏറ്റവും അടുത്ത ഭ്രമണപഥത്തില്‍ എത്തിച്ചിട്ടുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിനാണ് ഡീബൂസ്റ്റിംഗ് പ്രക്രിയ നടന്നത്. നിലവില്‍ ചന്ദ്രന്റെ 25 കിലോമീറ്റര്‍ അടുത്തുള്ള ഭ്രണണപഥത്തിലാണ് ചന്ദ്രയാന്‍ മൂന്ന് ഉള്ളതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. 4.2 കിലോമീറ്റര്‍ നീളവും 2.5 കിലോമീറ്റര്‍ വീതിയുമുള്ള സ്ഥലത്തായിരിക്കും ലാന്റിങ് നടക്കുക. വിക്രം ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും അടങ്ങുന്നതാണ് ചന്ദ്രയാന്‍-മൂന്ന്. ലാന്‍ഡര്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമ്പോള്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ വിവിധ ശാസ്ത്രീയ പരീക്ഷണങ്ങള്‍ നടത്തും. അവിടെ ജലം, മഞ്ഞ്, ധാതുക്കള്‍ എന്നിവയെക്കുറിച്ച് പഠനം നടത്തും. ചന്ദ്രയാന്‍ മൂന്ന് വിജയകരമായി പൂര്‍ത്തിയാക്കാനായാല്‍ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ലോകത്തിലെ നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. പഴയ സോവിയറ്റ് യൂനിയന്‍, യുഎസ്, ചൈന എന്നിവയാണ് പട്ടികയിലുള്ള രാജ്യങ്ങള്‍.


Next Story

RELATED STORIES

Share it