Sub Lead

നെന്മാറ ഇരട്ടക്കൊലയില്‍ നാട്ടുകാരുടെ പ്രതിഷേധം; ചെന്താമരയെ ഡിവൈഎസ്പി ഓഫിസിലേക്ക് മാറ്റി

നെന്മാറ ഇരട്ടക്കൊലയില്‍ നാട്ടുകാരുടെ പ്രതിഷേധം; ചെന്താമരയെ ഡിവൈഎസ്പി ഓഫിസിലേക്ക് മാറ്റി
X

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമരയെ ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാറ്റി. ഇന്നലെ രാത്രി ചെന്താമരയെ പിടികൂടിയ ശേഷം നാട്ടുകാര്‍ നെന്മാറ പോലിസ് സ്്‌റ്റേഷനു മുന്നില്‍ തടിച്ചുകൂടി പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ആലത്തൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് മാറ്റിയത്. നാട്ടുകാര്‍ പോലിസ് സ്‌റ്റേഷന്റെ ഗെയിറ്റ് തകര്‍ക്കാനും ശ്രമിച്ചു. തുടര്‍ന്ന് ലാത്തി വീശീയാണ് നാട്ടുകാരെ പിരിച്ചുവിട്ടത്. പെപ്പര്‍ സ്‌പ്രേയും ഉപയോഗിച്ചു.

അഞ്ചു പേരെ കൊല്ലാന്‍ ചെന്താമര ലക്ഷ്യമിട്ടിരുന്നതായി പോലിസ് അറിയിച്ചു. സ്വന്തം ഭാര്യയെയും വീടിനടുത്തുള്ള മറ്റൊരു സ്ത്രീയെയും ഒരു പോലിസുകാരനെയും കൊല്ലാന്‍ പദ്ധതിയുണ്ടായിരുന്നതായി ചെന്താമര ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലിസ് പറയുന്നു. ഇയാളെ ഇന്ന് ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തിനുശേഷം കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അനുമതിതേടുമെന്ന് ആലത്തൂര്‍ ഡിവൈഎസ്പി എന്‍ മുരളീധരന്‍ പറഞ്ഞു. രണ്ടു പേരെ കൊന്നശേഷം ഒന്നരദിവസം ഒളിവിലിരുന്ന ചെന്താമര വിശന്നുവലഞ്ഞ് ഭക്ഷണം തേടി വീട്ടിലേക്ക് വരുന്നതിനിടെയാണ് പിടിയിലായതെന്ന് പോലിസ് പറഞ്ഞു.

''അയാള്‍ വീട്ടിലേക്ക് വരുമെന്ന് അറിയാമായിരുന്നു, അയാള്‍ക്ക് വിശപ്പ് സഹിക്കാന്‍ വയ്യ. ഭക്ഷണം കഴിക്കാന്‍ വരുമെന്നറിഞ്ഞ് പൊലീസ് കാവല്‍ ഇരുന്നു. വീട്ടിലേക്ക് വരുന്ന വഴിക്ക് പിടിച്ചതാണ്. ആയുധങ്ങളൊന്നും കയ്യിലില്ലായിരുന്നു, ഒരു ചരട് മാത്രമാണുണ്ടായിരുന്നത്''-ഡിവൈഎസ്പി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ ഒന്‍പതരയോടെയായിരുന്നു നെന്മാറയിലെ ഇരട്ടക്കൊലകപാതകം. 2019ല്‍ സജിതയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്.

ചെന്താമരയ്ക്ക് വിശപ്പ് കൂടുതലാണെന്നും പോകാന്‍ മറ്റിടങ്ങളില്ലെന്നും തന്റെ വീട്ടിലേക്ക് വരുമെന്നും സഹോദരന്‍ രാധാകൃഷ്ണന്‍ പറഞ്ഞതിനെത്തുടര്‍ന്ന് പോലിസ് പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിരുന്നു. ചെന്താമരയുടെ വീട്ടില്‍നിന്ന് 200 മീറ്റര്‍ മാറിയുള്ള രാധാകൃഷ്ണന്റെ വീട്ടില്‍ മുഴുവന്‍സമയവും കാവലും നിന്നു. 2019ല്‍ സജിതയെ കൊലപ്പെടുത്തിയശേഷം ചെന്താമര ആദ്യം വന്നത് രാധാകൃഷ്ണന്റെ വീട്ടിലേക്കായിരുന്നു. ഭക്ഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വന്നത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് പോലിസ് ഇയാളെ പിടികൂടിയത്. എന്നാല്‍ ഇത്തവണ സഹോദരന്റെ വീട്ടിലേക്ക് പോകാതെ സ്വന്തം വീടായിരുന്നു ഇയാള്‍ ലക്ഷ്യമിട്ടത്. പോകുന്ന വഴിയില്‍ കൃത്യമായി പോലിസ് വിരിച്ച വലയില്‍ വീഴുകയും ചെയ്തു.

Next Story

RELATED STORIES

Share it