Sub Lead

അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചനം; യുഎപിഎ കേസില്‍ 121 ആദിവാസികളെ വെറുതെ വിട്ടു

അഞ്ച് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം മോചനം; യുഎപിഎ കേസില്‍ 121 ആദിവാസികളെ വെറുതെ വിട്ടു
X

ന്യൂഡല്‍ഹി: 2017ലെ ബുര്‍കാപാല്‍ ആക്രമണത്തില്‍ മാവോയിസ്റ്റുകളെ സഹായിച്ചെന്ന് ആരോപിച്ച് യുഎപിഎ പ്രകാരം കേസെടുത്ത 121 ആദിവാസികളെ ഛത്തീസ്ഗഢിലെ കോടതി വെള്ളിയാഴ്ച വെറുതെവിട്ടു. ദന്തേവാഡയിലെ എന്‍ഐഎ കോടതി വെള്ളിയാഴ്ചയാണ് കുറ്റവിമുക്തരാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ അഞ്ച് വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ആദിവാസികള്‍ ശനിയാഴ്ച മോചിതരായി.

2017 ഏപ്രില്‍ 24 ന് വൈകുന്നേരം, ബുര്‍ക്കപാല്‍ ഗ്രാമത്തില്‍ നിന്ന് 100 മീറ്റര്‍ അകലെ, സെന്‍ട്രല്‍ പോലീസ് റിസര്‍വ് ഫോഴ്‌സിന്റെ (സിആര്‍പിഎഫ്) 74ാം ബറ്റാലിയന്‍ മാവോയിസ്റ്റുകളുടെ കനത്ത വെടിവയ്പില്‍ ഒരു ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഓഫീസര്‍ ഉള്‍പ്പെടെ 25 പേര്‍ കൊല്ലപ്പെട്ടിരുന്നു. അറസ്റ്റിനിടെ പ്രതികളില്‍ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉണ്ടായിരുന്നെന്നും അവര്‍ പതിയിരുന്ന് ആക്രമണം നടത്തിയ സ്ഥലത്തുണ്ടായിരുന്നുവെന്നും തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് പരാജയപ്പെട്ടുവെന്ന് പോലീസ് അന്വേഷണത്തെ ചോദ്യം ചെയ്ത കോടതി പറഞ്ഞു.

'പ്രതികള്‍ നക്‌സല്‍ വിഭാഗത്തില്‍പ്പെട്ടവരാണെന്നും കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്നും സ്ഥാപിക്കാന്‍ പ്രോസിക്യൂഷന്‍ രേഖപ്പെടുത്തിയ തെളിവുകളോ മൊഴികളോ ഒന്നും തന്നെയില്ല. പോലീസ് പിടിച്ചെടുത്ത ആയുധങ്ങളോ വെടിക്കോപ്പുകളോ പ്രതികളില്‍ നിന്ന് കണ്ടെത്തിയിട്ടില്ലെന്നും ഉത്തരവില്‍ പറയുന്നു.

2010ല്‍ 76 ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് ശേഷം ബസ്തര്‍ മേഖലയിലെ ഏറ്റവും മാരകമായ രണ്ടാമത്തെ ആക്രമണമാണ് ബുര്‍ക്കപാല്‍ ആക്രമണം. ആക്രമണത്തിന് ഇരയായത് ഡോര്‍ണാപാല്‍ജാഗര്‍ഗൊണ്ട റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കാവല്‍ നിന്നവരാണ്.

ആക്രമണത്തിന് തൊട്ടുപിന്നാലെ, ഛത്തീസ്ഗഡ് പോലീസ് ചിന്തഗുഫ പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ബുര്‍ക്കപാല്‍, ഗോണ്ടപ്പള്ളി, ചിന്താഗുഫ, താല്‍മെറ്റ്‌ല, കൊറൈഗുണ്ടം, തോങ്കുഡ എന്നീ ആറ് ഗ്രാമങ്ങളിലെ 120 ആദിവാസികള്‍ക്കെതിരെ കേസെടുത്തു. പിന്നീട് ഒരു സ്ത്രീയെ പ്രതി ചേര്‍ത്തതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 121 ആയി.

പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (എഫ്‌ഐആര്‍) ഇന്ത്യന്‍ ശിക്ഷാ നിയമം (ഐപിസി) 147, 148, 149, 120 (ബി), 307, 302, 396, 397 എന്നിവ ചേര്‍ത്തിരുന്നു. ആയുധ നിയമത്തിലെ സെക്ഷന്‍ 25, 27, സ്‌ഫോടകവസ്തു നിയമത്തിന്റെ 3, 5 വകുപ്പുകള്‍. കുറ്റപത്രത്തില്‍ ഛത്തീസ്ഗഢ് വിശേഷ് ജന്‍ സുരക്ഷാ അധീനയം (സിവിജെഎസ്എ), യുഎപിഎ എന്നിവയും ചേര്‍ത്തിട്ടുണ്ട്.

നാല് വര്‍ഷത്തെ കാലതാമസത്തിന് ശേഷം 2021 ആഗസ്തിലാണ് ദന്തേവാഡയിലെ എന്‍ഐഎ കോടതിയില്‍ വിചാരണ ആരംഭിച്ചത്.

'മൊത്തം 25 പ്രോസിക്യൂഷന്‍ സാക്ഷികളെ വിസ്തരിച്ചു, എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ട് 2022 ജൂലൈ 15 ന് വിധി പുറപ്പെടുവിച്ചു,' പ്രതിയുടെ അഭിഭാഷകന്‍ ബിച്ചെം പോണ്ടി പറഞ്ഞു. മാവോയിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ബസ്തര്‍ ആദിവാസികളോട് കാണിക്കുന്ന അനീതികളിലൊന്നായി ബര്‍കപാല്‍ കേസ് ഓര്‍മ്മിക്കപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.

'അവരുടെ ജീവിതത്തിന്റെ അഞ്ച് വര്‍ഷം ജയിലഴികള്‍ക്ക് പിന്നില്‍ പാഴാക്കപ്പെട്ടു, എല്ലാ ഹിയറിംഗിലും പ്രതിയെ നേരിട്ട് ഹാജരാക്കേണ്ടത് നിര്‍ബന്ധമായിരിക്കെ, വിചാരണയ്ക്കിടെ രണ്ട് തവണ മാത്രമാണ് അവരെ കോടതിയില്‍ ഹാജരാക്കിയത്. ജില്ലാ തലത്തിലും ഹൈക്കോടതിയിലും നിയുക്ത എന്‍ഐഎ കോടതിയില്‍ ജാമ്യം നിഷേധിച്ചു,' മനുഷ്യാവകാശ പ്രവര്‍ത്തകയും കേസിലെ പ്രതിഭാഗം അഭിഭാഷകരിലൊരാളുമായ ബേല ഭാട്ടിയ പറഞ്ഞു.

Next Story

RELATED STORIES

Share it