Sub Lead

എം കെ രാഘവനെതിരായ കോഴ ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി

ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സിപിഎം നേതൃത്വമാണെന്നും ആരോപിച്ച രാഘവന്‍, തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പറഞ്ഞു

എം കെ രാഘവനെതിരായ കോഴ ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷന്‍ റിപോര്‍ട്ട് തേടി
X

കോഴിക്കോട്: യുഡിഎഫ് കോഴിക്കോട് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി എം കെ രാഘവനെതിരായ കോഴ ആരോപണത്തില്‍ തിരഞ്ഞെടുപ്പു കമ്മീഷന്‍ കോഴിക്കോട് ജില്ലാ കലക്്ടറോട് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി റിപോര്‍ട്ട് നല്‍കണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ ആവശ്യപ്പെട്ടിട്ടുള്ളത്. ടിവി 9 ഭാരത് വര്‍ഷ് എന്ന ഹിന്ദി ചാനലിന്റെ ഒളികാമറ ഓപറേഷനില്‍ രാഘവന്‍ കോഴ ആവശ്യപ്പെടുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കോഴിക്കോട് നഗരത്തില്‍ 15 ഏക്കര്‍ സ്ഥലം എടുക്കാന്‍ എംപി ഇടനിലക്കാരനായി നില്‍ക്കണം എന്ന് ആവശ്യപ്പെട്ടാണ് ടിവി 9 ഭാരതവര്‍ഷ ചാനല്‍ സംഘം എംപിയെ കണ്ടിരുന്നത്. ഇതിനു കമ്മീഷനാആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പ് ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നതായാണു ദൃശ്യങ്ങളിലുള്ളത്. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ വിശദീകരണം തേടിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സ്ഥാനാര്‍ഥികള്‍ കള്ളപ്പണവും മദ്യവും അനധികൃതമാര്‍ഗങ്ങളും സ്വീകരിക്കുന്നുവെന്നാണ് വാര്‍ത്തയുടെ ഉള്ളടക്കം. എം കെ രാഘവനടക്കം രാജ്യത്തെ വിവിധ പാര്‍ട്ടികളില്‍പ്പെട്ട 15 എം പിമാരുമായും മൂന്നു നേതാക്കളുമായും ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയുടെ ഒളികാമറ ദൃശ്യങ്ങള്‍ എന്ന് അവകാശപ്പെട്ടാണ് ചാനല്‍ വാര്‍ത്ത പുറത്തുവിട്ടത്. വീഡിയോയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കലക്്ടര്‍ക്കും തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കും സിറ്റി പോലിസ് കമ്മീഷണര്‍ക്കും എം കെ രാഘവനും പരാതി നല്‍കിയിരുന്നു.ആരോപണം കെട്ടിച്ചമച്ചതാണെന്നും പിന്നില്‍ സിപിഎം നേതൃത്വമാണെന്നും ആരോപിച്ച രാഘവന്‍, ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കുമെന്നും പറഞ്ഞു.

അതേസമയം, സംഭവം കെട്ടിച്ചമച്ചതാണെന്നു മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഷീബാ രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. ടിവി 9 ഭാരത് വര്‍ഷ് എന്നാ ചാനല്‍ ഉദ്ഘാടനം ചെയ്തത് മോദിയാണെന്നും അപ്പോഴേ സംഗതിയുടെ കിടപ്പുവശം കിട്ടിയെന്നും ഷീബ പറയുന്നു. വീഡിയോയില്‍ കണ്‍സള്‍ട്ടന്‍സി എന്ന് പറഞ്ഞ് രണ്ടോ മൂന്നോ പേര്‍ എംപിയെ കാണുകയാണ്. കോഴിക്കോട് ഒരു ഹോട്ടല്‍ പദ്ധതി തുടങ്ങണമെന്നും 15 ഏക്കര്‍ സ്ഥലം വേണമെന്നും പറയുന്നു. അതിനെന്ത് വില വരും എന്ന് ചോദിക്കുമ്പോ എംപി 20 കോടിയൊക്കെ ആവും എന്ന് പറയുന്നു. അവിടെ ഒരു കട്ട് ആണ്. പിന്നെ വരുന്നത് തിരഞ്ഞെടുപ്പിന് എന്ത് ചെലവ് വരുമെന്ന കൃത്യമായ തുടക്കവും ഒടുക്കവുമില്ലാത്ത സംഭാഷണങ്ങളാണ്. അവര്‍ക്ക് ഇതിന് പിന്നില്‍ കൃത്യമായ ഒരു ലക്ഷ്യവുമുണ്ടല്ലോയെന്നാണ് ഷീബയുടെ കുറിപ്പ്.




Next Story

RELATED STORIES

Share it