Sub Lead

തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി

തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ കണ്ട് മുഖ്യമന്ത്രി പൂഞ്ഞാര്‍ സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കുന്നു: വെല്‍ഫെയര്‍ പാര്‍ട്ടി
X

കോട്ടയം: പൂഞ്ഞാര്‍ സംഭവത്തിന് പിറകില്‍ മുസ്‌ലിം വിദ്യാര്‍ഥികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന തിരഞ്ഞെടുപ്പ് നേട്ടം മുന്നില്‍ക്കകണ്ടുള്ള വര്‍ഗീയ വിഭജന ശ്രമത്തിന്റെ ഭാഗമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കോട്ടയം ജില്ലാ പ്രസിഡന്റ് സണ്ണി മാത്യു പറഞ്ഞു. വിവിധ മത വിഭാഗങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ ഉണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തിയ ഒരു സംഭവത്തില്‍ മുസ്‌ലിം വിദ്യാര്‍ഥികളെ മാത്രം പഴിചാരി വിഷയത്തെ വര്‍ഗീയവല്‍ക്കരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചിരിക്കുന്നത്. മുസ്‌ലിം വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ച് സംഭവത്തെ വര്‍ഗീയമായി ചിത്രീകരിക്കാനുള്ള ശ്രമത്തെ ഈരാറ്റുപേട്ടയില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷി നേതാവ് തന്നെ തള്ളിപ്പറഞ്ഞതാണ്. വിവിധ സമൂഹങ്ങളില്‍പെട്ടവര്‍ ഉള്‍പ്പെട്ട ദൗര്‍ഭാഗ്യകരമായ ഒരു സംഭവത്തില്‍ ഒരു സമുദായത്തെ മാത്രം ഉന്നംവയ്ക്കുന്നതിലൂടെ കാസ പോലുള്ള സംഘപരിവാര്‍ അനുകൂല തീവ്ര സംഘടനകളുടെ അതേ വാദം തന്നെയാണ് മുഖ്യമന്ത്രി ആവര്‍ത്തിച്ചിരിക്കുന്നത്. നിക്ഷിപ്ത താല്‍പര്യക്കാരുടെ വ്യാജവാദങ്ങളും അസത്യങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നതിനും അപകടകരമായ രീതിയില്‍ ആവര്‍ത്തിക്കുന്നതിനും പകരം പക്വവും സത്യസന്ധവുമായ രീതിയില്‍ വിഷയത്തെ സമീപിക്കാനായിരുന്നു മുഖ്യമന്ത്രി തയ്യാറാവേണ്ടിയിരുന്നത്. കുറച്ച് വിദ്യാര്‍ഥികളുടെ അപക്വമായ പ്രവര്‍ത്തനത്തെ അങ്ങനെ കാണുന്നതിനു പകരം വിദ്യാര്‍ഥികളുടെ മതവും സമുദായവും തിരിച്ചു വര്‍ഗീയധ്രുവീകരണത്തിനുള്ള അവസരമാക്കി മാറ്റിയവരെയാണ് മുഖ്യമന്ത്രി വിമര്‍ശിക്കേണ്ടിയിരുന്നത്. അതിനുപകരം നിലമറന്ന പ്രതികരണം നടത്തിയ മുഖ്യമന്ത്രി എരിഞ്ഞടങ്ങിയ തീ വീണ്ടും ഊതിപ്പടര്‍ത്തുകയാണ് ചെയ്തിരിക്കുന്നത്. പദവിക്ക് നിരയ്ക്കുന്ന പ്രവൃത്തിയല്ല മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. സംഘപരിവാര്‍ മാതൃകയില്‍ വര്‍ഗീയ ചേരിതിരിവിലൂടെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ കൊയ്യുന്ന തീക്കളി ഉപേക്ഷിക്കാന്‍ സിപിഎം നേതാക്കള്‍ തയ്യാറാവാത്തത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ആയിരിക്കും സമൂഹത്തില്‍ സൃഷ്ടിക്കുക. അത്തരം ശ്രമങ്ങള്‍ ആത്യന്തികമായി സംഘപരിവാര്‍ ശക്തികള്‍ക്കായിരിക്കും നേട്ടങ്ങള്‍ സമ്മാനിക്കുക എന്ന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ ഇടതുപക്ഷത്തിന് സാധിക്കാതെ പോവുന്നത് ദൗര്‍ഭാഗ്യകരമാണ്. പ്രസ്താവന പിന്‍വലിച്ച് തെറ്റ് തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it