- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചൈനയിലെ വൈറസ് ബാധയില്‍ കേരളത്തില്‍ ആശങ്ക വേണ്ട; കേന്ദ്രവിഹിതത്തില്‍ ധനമന്ത്രിക്ക് എണ്ണിയെണ്ണി മറുപടി പറഞ്ഞ് മുഖ്യമന്ത്രി
മലപ്പുറം: ചൈനയില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കൂടുതലായി റിപോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് കേരളത്തില്‍ ആശങ്ക ഉണ്ടാവേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളാ സദസ്സിന്റെ പത്താംദിവസം മലപ്പുറം തിരൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ വകുപ്പ് ഇക്കാര്യം സൂക്ഷ്മതയോടെ വീക്ഷിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ ഭീഷണിയൊന്നുമില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ സംസ്ഥാനത്തിന്റെ ബാധ്യത കൂട്ടുന്ന നിലയാണ് വന്നിരിക്കുന്നത്. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി 3,56,108 വീടുകള്‍ നിര്‍മിച്ചപ്പോള്‍ 32,171 വീടുകള്‍ക്ക് മാത്രമാണ് പിഎംഎവൈ ഗ്രാമീണിന്റെ ഭാഗമായി 72,000 രൂപ സഹായം ലഭിച്ചത്. നമ്മള്‍ സംഖ്യ കൂട്ടി നാലുലക്ഷം രൂപ തികച്ച് നല്‍കുന്നുണ്ട്.
പിഎംഎവൈ അര്‍ബന്റെ ഭാഗമായി 79,860 വീടുകള്‍ക്ക് 1,50,000 രൂപ കേന്ദ്രം നല്‍കി. എല്ലാം ചേര്‍ത്താലും ആകെ 1,12,031 വീടുകള്‍ക്ക് (31.45%) മാത്രമാണ് ഈ തുച്ഛമായ കേന്ദ്രസഹായം ലഭിച്ചത്. പിഎംഎവൈ ഗ്രാമീണില്‍ മൂന്ന് വര്‍ഷമായി ടാര്‍ഗറ്റ് നിശ്ചയിച്ച് തന്നിട്ടില്ല. അതിനാല്‍ പുതിയ വീടുകള്‍ അനുവദിക്കാന്‍ ഈ മേഖലയില്‍ ഇപ്പോള്‍ കഴിയുന്നില്ല. എന്നിട്ടും കേന്ദ്രം പറയുന്നത്, ലൈഫ് പദ്ധതിയിലെ വീടുകള്‍ക്ക് കേന്ദ്രത്തിന്റെ ബ്രാന്‍ഡിങ് വേണമെന്നാണ്. ലൈഫ് വീടുകള്‍ ഒരു ബ്രാന്‍ഡിങ്ങുമില്ലാതെ പൂര്‍ത്തിയാക്കി ജനങ്ങള്‍ ജീവിക്കണം എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എങ്ങനെ ലഭിച്ച വീടാണെന്ന ആ കാഴ്ചപ്പാടിന് വിരുദ്ധമാണ് കേന്ദ്ര നിലപാട്. ഞങ്ങളുടെ പേര് വയ്ക്കുന്നുണ്ടെങ്കില്‍ പറയാം. അതും വയ്ക്കുന്നില്ലല്ലോ. ഇത് ജനങ്ങളുടെ അവകാശമാണ്. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ എന്നാല്‍ ആരുടെയെങ്കിലും സ്വകാര്യ സമ്പാദ്യത്തില്‍ നിന്ന് പണം ചെലവഴിക്കുന്ന പദ്ധതികള്‍ അല്ല. ഇന്നാട്ടിലെ ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണം ഉള്‍പ്പെടെ പൊതുസമ്പത്ത് വിനിയോഗിക്കുന്ന പദ്ധതികളാണ്.
കേരളം സാമൂഹിക ഉന്നമനത്തിന്റെതായ എല്ലാ സൂചികകളിലും മുന്നിലാണ്. ആ മുന്നേറ്റത്തെ ഒരു ശിക്ഷാ മാര്‍ഗമായി കാണുകയാണ് കേന്ദ്ര സര്‍ക്കാര്‍. ക്ഷേമപെന്‍ഷനുമായി ബന്ധപ്പെട്ട് കേന്ദ്രം നല്‍കേണ്ട വിഹിതം വര്‍ഷങ്ങളായി ഗുണഭോക്താക്കള്‍ക്ക് കേരളമാണ് വിതരണം ചെയ്യുന്നത്. ഇനി കുടിശ്ശികയില്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ പ്രസ്താവന യഥാര്‍ത്ഥത്തില്‍ തെറ്റിദ്ധരിപ്പിക്കലാണ്. പണം അകാരണമായി വര്‍ഷങ്ങള്‍ തടഞ്ഞുവച്ച ശേഷം നിരന്തര സമ്മര്‍ദങ്ങള്‍ക്കൊടുവിലാണ് 2021 ജനുവരി മുതല്‍ 2023 ജൂണ്‍ വരെയുള്ള കേന്ദ്രവിഹിതം തടഞ്ഞുവച്ചത് ഇപ്പോള്‍ റിലീസ് ചെയ്യേണ്ടി വന്നത്.
കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച നിബന്ധനകളെല്ലാം പാലിച്ചിട്ടും കുടിശ്ശിക തരാത്തതിനാല്‍ സപ്തംബറില്‍ മന്ത്രി എം ബി രാജേഷ് നേരിട്ട് ഡല്‍ഹിയില്‍ പോയി കേന്ദ്രമന്ത്രിമാരെ കണ്ടു. എന്തുകൊണ്ടാണ് പണം അനുവദിക്കാത്തത് എന്നതിന് കൃത്യമായ ഒരു വിശദീകരണവും പറയാന്‍ കേന്ദ്രമന്ത്രിക്കോ ഉദ്യോഗസ്ഥര്‍ക്കോ കഴിഞ്ഞില്ല. കേരളത്തില്‍ ആകെ സാമൂഹികസുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നതിന്റെ 16.62% പേര്‍ മാത്രമാണ് കേന്ദ്ര വിഹിതം ഉള്ള പെന്‍ഷന്‍ ഗുണഭോക്താക്കള്‍-8,46,456 പേര്‍. 80 വയസ്സിനു മുകളിലുള്ളവര്‍ക്കുള്ള വാര്‍ധക്യ പെന്‍ഷനിലെ കേന്ദ്ര വിഹിതം 500 രൂപയാണ്. 60 മുതല്‍ 80 വയസ്സുള്ളവര്‍ക്ക് കേന്ദ്ര പെന്‍ഷന്‍ വെറും 200 രൂപ. വിധവകള്‍ക്കും വികലാംഗര്‍ക്കുമുള്ള കേന്ദ്ര പെന്‍ഷന്‍ 300 രൂപ. കേരളം കേന്ദ്രത്തിന്റെ പെന്‍ഷന്‍കാര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും 1600 രൂപ നല്‍കുന്നു. കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട തുക വര്‍ഷങ്ങള്‍ കുടിശ്ശിക വരുത്തിയപ്പോഴും കേരളം ഗുണഭോക്താക്കളിലെത്തിക്കുന്നു. കേന്ദ്രതൊഴിലുറപ്പ് പദ്ധതിയോടുള്ള കേന്ദ്ര സമീപനവും വ്യത്യസ്തമല്ല. ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ തൊഴിലുറപ്പ് പദ്ധതി നടക്കുന്നത് കേരളത്തിലായിട്ടും ഏകദേശം 2 കോടിയുടെ തൊഴില്‍ ദിനങ്ങളാണ് രണ്ട് വര്‍ഷം കൊണ്ട് നമുക്ക് കേന്ദ്ര സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയത്.
ജിഎസ് ടിയുടെ കാര്യം സൂചിപ്പിക്കാം. ജിഎസ്ടി നടപ്പാക്കിയതോടെ സംസ്ഥാനത്തിന്റെ നികുതി അവകാശങ്ങള്‍ മിക്കവാറും നഷ്ടപ്പെട്ടു. ന്യായമായ വിഹിതവും നഷ്ടപരിഹാരവും വേണം എന്നതാണ് സംസ്ഥാനങ്ങളുടെ ആവശ്യം. സംസ്ഥാനങ്ങള്‍ക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം നിലവിലുള്ള സ്ഥിതി അനുസരിച്ച് 2022 ജൂണ്‍ 30ന് അവസാനിച്ചു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ അഞ്ചുവര്‍ഷം കൊണ്ട് പഴയ വാറ്റ് നികുതിക്കാലത്തെ വാര്‍ഷിക വളര്‍ച്ചയിലേക്ക് എത്തുമെന്ന ധാരണ അനുസരിച്ചാണ് നഷ്ടപരിഹാരം അഞ്ചുവര്‍ഷം എന്ന് നിശ്ചയിച്ചത്. എന്നാല്‍ കൊവിഡും പ്രളയവും മറ്റ് പകര്‍ച്ചവ്യാധികളും പൊതു സാമ്പത്തിക തളര്‍ച്ചയും കാരണം രാജ്യത്ത് പൊതുവെ സാമ്പത്തിക വളര്‍ച്ച വേണ്ടത്ര ഉണ്ടായില്ല. ഇതുകാരണം ജിഎസ്ടി നഷ്ടപരിഹാരം നല്‍കുന്ന കാലാവധി വര്‍ധിപ്പിക്കണമെന്ന് കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. പ്രതിവര്‍ഷം 12,000 കോടി രൂപ വരെ നഷ്ടപരിഹാരം ലഭിച്ചിരുന്നത് 2022 ജൂണ്‍ 30ന് നിര്‍ത്തലാക്കി. വലിയ നഷ്ടം സംസ്ഥാനത്തിന് വന്നു. ഇത് ചൂണ്ടിക്കാണിച്ച് പകരം നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് സംസ്ഥാനം ഉന്നയിച്ചിട്ടുള്ളത്. ജിഎസ്ടി സംബന്ധിച്ചുള്ള കണക്ക് എജി നല്‍കിയിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി വിഷയം മാറ്റാനാണ് കേന്ദ്ര ധനമന്ത്രി ശ്രമിക്കുന്നത്. എല്ലാ കണക്കും സംസ്ഥാനം അക്കൗണ്ടന്റ് ജനറലിന് സമര്‍പ്പിച്ചു കഴിഞ്ഞതാണ്. അത് ജിഎസ്ടി കൗണ്‍സിലിന് നല്‍കേണ്ടത് എജിയാണ്. നഷ്ടപരിഹാര തുകയുടെ കുടിശ്ശികയല്ല നഷ്ടപരിഹാര കാലാവധി നീട്ടണമെന്ന ആവശ്യമാണ് കേരളത്തിന്റേത്.
2017-18 മുതല്‍ കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള വിവിധ തുകകള്‍ കുടിശ്ശികയാണ്. ഇതിന്റെ മുഖ്യഭാഗം കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലേതാണ്. യുജിസി ശമ്പള പരിഷ്‌കരണ കുടിശ്ശിക 750 കോടി ലഭിക്കാനുണ്ട്. 2021 മാര്‍ച്ച് 31 ന് മുമ്പ് തന്നെ കേരളം ഇതിനുള്ള അപേക്ഷ കേന്ദ്രം ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ച് നല്‍കിയിട്ടുണ്ട്. സംസ്ഥാന ഉദ്യോഗസ്ഥര്‍ കേന്ദ്രതലത്തില്‍ ചര്‍ച്ചയും നടത്തിയിട്ടുണ്ട്. എന്നിട്ടും കുടിശ്ശിക തീര്‍പ്പാക്കിയിട്ടില്ല. നെല്ല് സംഭരണ ഇനത്തില്‍ കേന്ദ്രവിഹിതമായ 790 കോടി ലഭ്യമായിട്ടില്ല. കേന്ദ്ര വിഹിതം ലഭിക്കാത്തതിനാലാണ് അതുകൂടി ഏറ്റെടുത്ത് സംസ്ഥാനത്തിന് നല്‍കേണ്ടി വരുന്നത്. ഇത് സംസ്ഥാന സര്‍ക്കാര്‍ ഗ്യാരണ്ടിയുള്ള ബാങ്ക് വായ്പയായാണ് കാലതാമസം വരുത്താതെ കൃഷിക്കാരന് നല്‍കുന്നത്. ഇതിന്റെ പലിശ ബാധ്യതയും സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്. കേന്ദ്രം എപ്പോള്‍ പണം നല്‍കന്നുവോ അപ്പോള്‍ തീരുന്ന പ്രശ്‌നമാണത്.
ഇത്തരത്തില്‍ യഥാസമയം ഫണ്ടുകള്‍ ലഭ്യമാകാത്തതുകൊണ്ടുകൂടിയാണ് കേരളത്തിന് ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ടി വരുന്നത്. എന്നാല്‍, ബജറ്റിന് പുറത്തുള്ള കടം കുറയ്ക്കുന്നു എന്ന പേരില്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം കുറയ്ക്കുകയാണ്. 2017 മുതല്‍ കിഫ്ബിയും പിന്നീട് പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പകള്‍ സംസ്ഥാനത്തിന്റെ കടമെടുപ്പ് അവകാശം വെട്ടിച്ചുരുക്കാനായി ഉപയോഗിക്കുന്നു. സംസ്ഥാനത്തിന്റെ വരുമാന മാര്‍ഗങ്ങളെല്ലാം തടയുന്നു. ന്യായമായ ആവശ്യങ്ങളോട് പുറംതിരിഞ്ഞു നില്‍ക്കുന്നു. സ്വന്തമായി വഴികണ്ടെത്തി വികസനവും ക്ഷേമവും മുന്നോട്ടു കൊണ്ടുപോവാന്‍ ശ്രമിക്കുമ്പോള്‍ അതിനും തടസ്സം നില്‍ക്കുന്നു. സംസ്ഥാനത്തോടും ജനതയോടും തുടര്‍ച്ചയായി ക്രൂരത കാട്ടിയശേഷം അത് അവസാനിപ്പിക്കാന്‍ തയ്യാറാവാതെ, എന്തെല്ലാമോ ഞങ്ങള്‍ ഇവിടെ ചെയ്തിരിക്കുന്നു എന്ന നിലയില്‍ വസ്തുതാ വിരുദ്ധമായി പ്രചാരണം നടത്താനാണ് കേന്ദ്ര ധനമന്ത്രി വന്നത്. ഇന്നലെ നവകേരള സദസ്സിലെ പ്രസംഗമധ്യേ ഇതില്‍ വിശദമായി പ്രതികരിച്ചിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കി, നാടിന്റെ ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തയ്യാറാവണം എന്നാണ് അഭ്യര്‍ഥിക്കാനുള്ളത്. കോഴിക്കോട് ജില്ലയില്‍ മൂന്ന് ദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോള്‍ 13 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി ആകെ ലഭിച്ചത് 45,897 നിവേദനങ്ങളാണ്. ആദ്യദിനത്തിലെ എണ്ണം വടകരയില്‍ പറഞ്ഞിരുന്നു. ബാലുശ്ശേരി 5461, കൊയിലാണ്ടി 3588, എലത്തൂര്‍ 3224, കോഴിക്കോട് നോര്‍ത്ത് 2258, കോഴിക്കോട് സൗത്ത് 1517, തിരുവമ്പാടി 3827, കൊടുവള്ളി 3600, കുന്ദമംഗലം 4171, ബേപ്പൂര്‍ 3399 എന്നിങ്ങനെയാണ് രണ്ടും മൂന്നും ദിവസങ്ങളിലെ മണ്ഡലം തിരിച്ചുള്ള കണക്കെന്നും മുഖ്യമന്ത്രി അറിയിച്ചു.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്‍ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്‍
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT