Sub Lead

ആദ്യം രോഗമുക്തി, പിന്നാലെ പൊന്നോമനയും; കൊവിഡ് മുക്തരായ ദമ്പതികള്‍ക്ക് ഇരട്ടിമധുരം

കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി പ്രസവിച്ചു

ആദ്യം രോഗമുക്തി, പിന്നാലെ പൊന്നോമനയും;   കൊവിഡ് മുക്തരായ ദമ്പതികള്‍ക്ക് ഇരട്ടിമധുരം
X

കണ്ണൂര്‍: കൊവിഡ് 19 ചികില്‍സാ രംഗത്ത് കേരളത്തിന്റെ മാതൃക പ്രശംസയ്ക്കിടയാക്കുന്നതിനെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി. കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികില്‍സയിലാവുകയും പിന്നീട് നെഗറ്റീവാണെന്നു കണ്ടെത്തുകയും ചെയ്ത യുവതി കൊവിഡ് വാര്‍ഡില്‍ പ്രസവിച്ചു. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കാസര്‍കോഡ് സ്വദേശിനി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കിയത്. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന യുവതി പ്രസവിക്കുന്നത്. കൊവിഡ് രോഗമുക്തരായ ദമ്പതികള്‍ക്ക് ഇതോടെ ഇരട്ടി സന്തോഷമായി.

ശനിയാഴ്ച ഉച്ചയ്ക്കു 12.20നാണ് മൂന്നു കിലോ ഭാരമുള്ള ആണ്‍കുഞ്ഞ് പിറന്നത്. ഗൈനക്കോളജി വിഭാഗം മേധാവി ഡോ. കെ അജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ സംഘമാണ് പ്രസവ ശുശ്രൂഷയ്ക്കു നേതൃത്വം നല്‍കിയത്. അനസ്‌തേഷ്യ വിഭാഗം മേധാവി ഡോ. ചാള്‍സ്, പീഡിയാട്രിക് വിഭാഗം മേധാവി ഡോ. മുഹമ്മദ് എന്നിവര്‍ രാവിലെ 11ഓടെ തന്നെ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളോടെയും പ്രത്യേകം സജ്ജീകരിച്ച ഓപറേഷന്‍ തിയറ്ററിലെത്തി. മാതാവിന്റെയും കുഞ്ഞിന്റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. സുദീപും പ്രിന്‍സിപ്പല്‍ ഡോ. എന്‍ റോയിയും അറിയിച്ചു.

നേരത്തേ കോവിഡ് രോഗബാധയെ തുടര്‍ന്നാണ് ദമ്പതികള്‍ കണ്ണൂര്‍ ഗവ. ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിഞ്ഞിരുന്നത്. പിന്നീട് ഇരുവരുടെയും ഫലം നെഗറ്റീവാണെന്നു കണ്ടെത്തി. യുവതി പൂര്‍ണ ഗര്‍ഭിണിയാണെന്നും പ്രസവം അടുത്തുണ്ടാവുമെന്നും മനസ്സിലാക്കി യുവതിയെ ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ്ജ് ചെയ്തിരുന്നില്ല. കുഞ്ഞും മാതാവും നിരീക്ഷണത്തില്‍ തുടരും. പ്രത്യേകം തയ്യാറാക്കിയ തീവ്ര പരിചരണ വിഭാഗത്തില്‍ സുരക്ഷാ വസ്ത്രങ്ങള്‍ ധരിച്ചാണു ഡോക്ടറും നഴ്‌സുമാരും പ്രസവശുശ്രൂഷ നടത്തിയത്. ദിവസങ്ങള്‍ക്കു മുമ്പ് തന്നെ ഇതിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ആശുപത്രിയില്‍ നടത്തിയിരുന്നു.

നേരത്തേ മറ്റൊരു ഗര്‍ഭിണി ഇവിടെ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്നെങ്കിലും അസുഖം ഭേദമായി ആശുപത്രി വിട്ടിപുന്നു. ദുബയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശിയില്‍ നിന്നാണ് ഇയാളുടെ ഭാര്യയ്ക്കും മാതാവിനും കുഞ്ഞിനും കൊവിഡ് ബാധിച്ചത്. കണിക്കൊന്നയും പലഹാരങ്ങളും കളിപ്പാട്ടങ്ങളും നല്‍കിയാണ് നാലുവയസ്സുകാരനെയും ഗര്‍ഭിണിയായ മാതാവിനെയും അമ്മൂമ്മയെയും ആശുപത്രി അധികൃതര്‍ യാത്രയാക്കിയത്. രാജ്യത്ത് ആദ്യമായി കൊവിഡ് 19 ബാധിച്ച് ചികില്‍സയില്‍ കഴിയവെ യുവതി പ്രസവിച്ചത് ഡല്‍ഹി എയിംസിലായിരുന്നു. അന്നും ആണ്‍കുഞ്ഞാണ് പിറന്നത്.


Next Story

RELATED STORIES

Share it