Sub Lead

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണ പുതുക്കി രാജ്യം

ഇന്ന് ശിശുദിനം; ചാച്ചാജിയുടെ സ്മരണ പുതുക്കി രാജ്യം
X

ന്യൂഡല്‍ഹി: ഇന്ന് ശിശുദിനം. കുട്ടികളെ ജീവന് തുല്യം സ്‌നേഹിച്ച ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജന്‍മദിനം. കുട്ടികളുടെ സ്വന്തം ചാച്ചാജിയുടെ ജന്‍മദിനമായ നവംബര്‍ 14നാണ് ഇന്ത്യയില്‍ ശിശുദിനമായി ആഘോഷിക്കുന്നത്. അലഹബാദില്‍ 1889 നവംബര്‍ 14 നാണ് ജവഹര്‍ലാല്‍ നെഹ്രു ജനിച്ചത്. കുട്ടികളുടെ ഇഷ്ടചങ്ങാതിയായിരുന്നു നെഹ്രു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാല്‍ നെഹ്രു എന്നും ഓര്‍മിക്കപ്പെടുന്നു. ആഘോഷങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു നെഹ്രു. കുട്ടികളെ വളരെയധികം സ്‌നേഹിച്ചിരുന്ന ഒരു വ്യക്തി എന്ന നിലയില്‍ ലോകമെമ്പാടും ചാച്ചാജി പ്രസിദ്ധി നേടിയിരുന്നു.

ചാച്ചാജിയെക്കുറിച്ച് പറയുമ്പോള്‍ കുട്ടികള്‍ക്ക് ഓര്‍മയിലെത്തുന്നൊരു രൂപമുണ്ട്. തൊപ്പിയും നീണ്ട ജുബ്ബായും അതിലൊരു ചുവന്ന റോസാപ്പൂവും പുഞ്ചിരിക്കുന്ന മുഖവുമുള്ള ഒരാള്‍. രാജ്യാന്തര തലത്തില്‍ നവംബര്‍ 20 നാണ് ശിശുദിനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി, രാഷ്ട്രതന്ത്രജ്ഞന്‍ എന്നിങ്ങനെ വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസം സാര്‍വത്രികമാക്കാന്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. ഇതിനായി ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.

വിശാലമായ ഒരു ലോക വീക്ഷണത്തിന്റെ പ്രയോക്താവാണ് നെഹ്രു. ദേശീയ സാമ്പത്തിക വികസനം, വ്യവസായവല്‍ക്കരണം, ആസൂത്രിതവികസനം, കാര്‍ഷികമേഖലയ്ക്കുള്ള പ്രത്യേകപരിഗണനകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, എന്നീ മൂല്യങ്ങളും അവ പ്രാവര്‍ത്തികമാക്കാനുള്ള സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ, നിയമസംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് നെഹ്രുവിയന്‍ ഇന്ത്യയുടെ കാതല്‍. 1964ല്‍ നെഹ്രുവിന്റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബര്‍ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീര്‍പ്പൂ നെഞ്ചോട് ചേര്‍ത്തും രാജ്യം ശിശുദിനം വിപുലമായി ആഘോഷിക്കുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കുട്ടികള്‍ പങ്കെടുക്കുന്ന ഘോഷയാത്രയും മറ്റു കലാപരിപടികളും അരങ്ങേറും. കുട്ടികളുടെ ക്ഷേമത്തിനും സ്വാതന്ത്രത്തിനും വിദ്യാഭ്യാസത്തിലും ശ്രദ്ധേ കേന്ദ്രീകരിക്കാനായി സംഘടിപ്പിക്കുന്ന ദിവസമാണ് ശിശുദിനം. രാജ്യത്തെ കുട്ടികള്‍ അവരുടെ ജീവിതം ആവോളം ആസ്വദിക്കാനും ആരോഗ്യവും സംസ്‌കാരവുമുള്ള ഉത്തമ പൗരന്മാരായി വളരാനുള്ള അവസരങ്ങളും സാഹചര്യങ്ങളും ഓരോ ശിശുദിനവും പ്രദാനം ചെയ്യുന്നുണ്ട്. ശിശുദിനം കുട്ടികളുടെ ആഘോഷമാണ്. രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ദിവസം ആഘോഷിക്കപ്പെടുന്നുണ്ട്. വിവിധ സ്ഥാപനങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ചുള്ള പരിപാടികളും മല്‍സരങ്ങളും അരങ്ങേറും.

Next Story

RELATED STORIES

Share it