Sub Lead

നീറ്റ് വാദത്തിനിടെ സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍; തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകനെ പുറത്താക്കാന്‍ ഉത്തരവിട്ട് ചീഫ് ജസ്റ്റിസ്(VIDEO)

നീറ്റ് വാദത്തിനിടെ സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍; തര്‍ക്കത്തിനൊടുവില്‍ അഭിഭാഷകനെ പുറത്താക്കാന്‍ ഉത്തരവിട്ട് ചീഫ് ജസ്റ്റിസ്(VIDEO)
X

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച വാദത്തിനിടെ സുപ്രിംകോടതിയില്‍ നാടകീയരംഗങ്ങള്‍. അഭിഭാഷകനുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ട സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഭിഭാഷകനെ പുറത്താക്കാന്‍ സുരക്ഷാജീവനക്കാരോട് ഉത്തരവിട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ മാത്യൂസ് നെടുമ്പാറയെയാണ് ചീഫ് ജസ്റ്റിസ് വിമര്‍ശിച്ചത്. എന്നാല്‍ ചീഫ് ജസ്റ്റിസിന്റെ കര്‍ശന താക്കീതിനെ തുടര്‍ന്ന് അഡ്വ. മാത്യൂസ് നെടുമ്പാറ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയി. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നേരത്തെയും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അഡ്വ. മാത്യൂസ് നെടുമ്പാറയുമായി പരസ്യമായി ഏറ്റുമുട്ടിയിരുന്നു.


കേസില്‍ ഹരജിക്കാരനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ നരേന്ദ്ര ഹൂഡയെ തടസ്സപ്പെടുത്തരുതെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് നെടുമ്പാറയോട് ആവശ്യപ്പെട്ടതായി ഇന്ത്യ ടുഡേ റിപോര്‍ട്ട് ചെയ്തു. തനിക്ക് സംസാരിക്കാനുണ്ടെന്ന് മാത്യൂസ് നെടുമ്പാറ പറഞ്ഞപ്പോള്‍ ഹൂഡയുടെ വാദം പൂര്‍ത്തിയാക്കിയ ശേഷം സംസാരിക്കാന്‍ ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തോട് പ്രതികരിച്ച മാത്യൂസ് നെടുമ്പാറ, താന്‍ കോടതിമുറിയിലെ ഏറ്റവും മുതിര്‍ന്ന അഭിഭാഷകനാണെന്ന് പറഞ്ഞു. ഈ സമയത്താണ് ചീഫ് ജസ്റ്റിസ് അഭിഭാഷകന് മുന്നറിയിപ്പ് നല്‍കിയത്. കോടതിയുടെ ചുമതല തനിക്കാണെന്ന് ഓര്‍മിപ്പിച്ച ചീഫ് ജസ്റ്റിസ്

സെക്യൂരിറ്റിയെ വിളിക്കൂവെന്നും അദ്ദേഹത്തെ പുറത്താക്കൂ എന്നും ആവശ്യപ്പെട്ടു. എന്നാല്‍, താന്‍ പോവുകയാണെന്നു പറഞ്ഞ് അഭിഭാഷകന്‍ തിരിച്ചടിച്ചു. നിങ്ങള്‍ക്ക് പോവാമെന്നും അത് എന്നോട് പറയേണ്ടെന്നും ചീഫ് ജസ്റ്റിസും പറഞ്ഞു. കഴിഞ്ഞ 24 വര്‍ഷമായി ഞാന്‍ ജുഡീഷ്യറിയെ കാണുന്നു. ഈ കോടതിയിലെ നടപടിക്രമങ്ങള്‍ നിര്‍ദേശിക്കാന്‍ അഭിഭാഷകരെ അനുവദിക്കാന്‍ എനിക്ക് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. 1979 മുതല്‍ താന്‍ ജുഡീഷ്യറിയെ കണ്ടിട്ടുണ്ടെന്നായിരുന്നു നെടുമ്പാറയുടെ മറുപടി.

ഇത് ആദ്യമായല്ല ചീഫ് ജസ്റ്റിസ് അഭിഭാഷകനുമായി വാക്കുതര്‍ക്കം ഉണ്ടാവുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ചില്‍, എന്നോട് ആക്രോശിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ആവശ്യപ്പെട്ടത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു.

Next Story

RELATED STORIES

Share it