Sub Lead

റോമിലെത്തിയ ഇസ്രായേലി ജനറലിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതി

റോമിലെത്തിയ ഇസ്രായേലി ജനറലിനെ അറസ്റ്റ് ചെയ്യണമെന്ന് പരാതി
X

റോം: ഗസയില്‍ വംശഹത്യനടത്തിയ ശേഷം ഇറ്റലി സന്ദര്‍ശിക്കുന്ന ഇസ്രായേലി സൈന്യത്തിലെ ജനറല്‍ ഘാസന്‍ അലിയാനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതി നല്‍കി. അന്താരാഷ്ട്ര നീതിന്യായ കോടതിയിലും ഇറ്റാലിയന്‍ കോടതിയിലുമാണ് പരാതി നല്‍കിയിരിക്കുന്നത്. യുദ്ധക്കുറ്റം, വംശഹത്യ തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇയാളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം. ഗസയിലെ ഫലസ്തീനികള്‍ മൃഗങ്ങളാണെന്ന് ഘാസന്‍ അലിയാന്‍ നേരത്തെ പറഞ്ഞിരുന്നു. കൂടുതല്‍ യുദ്ധക്കുറ്റങ്ങള്‍ ചെയ്യാനും വംശഹത്യ നടത്താനും ഇസ്രായേലി സൈനികരെ പ്രചോദിപ്പിക്കാനാണ് അലിയാന്‍ ഈ പ്രസ്താവന നടത്തിയതെന്ന് പരാതി പറയുന്നു.

സ്വീഡനില്‍ വിനോദസഞ്ചാരത്തിനെത്തിയ മറ്റൊരു സൈനികനെതിരേയും ഹിന്ദ് റജബ് ഫൗണ്ടേഷന്‍ പരാതി നല്‍കിയിട്ടുണ്ട്. സ്‌നൈപ്പര്‍ തോക്കുമായി ഇയാള്‍ ഗസയില്‍ നില്‍ക്കുന്ന ഫോട്ടോയും പരാതിയുടെ കൂടെയുണ്ട്. ഇയാള്‍ അംഗമായ സൈനികവിഭാഗമാണ് ഗസയിലെ ശിഫ ആശുപത്രി തകര്‍ത്തത്.

അതിനിടെ, ഗസയിലെ വംശഹത്യയില്‍ ഇസ്രായേല്‍ ഭരണാധികാരികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ സൗത്ത് ആഫ്രിക്ക നല്‍കിയ കേസില്‍ ക്യൂബ കക്ഷിചേര്‍ന്നു. ഇസ്രായേലിനെയും അതിന്റെ സഖ്യകക്ഷികളെയും കഠിനമായി ശിക്ഷിക്കണമെന്ന് ക്യൂബന്‍ വിദേശകാര്യമന്ത്രി ബ്രൂണോ റോഡ്രിഗസ് ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it