Sub Lead

ചോദ്യം ചെയ്യല്‍ അവസാനിച്ചു; രാഹുല്‍ ഗാന്ധി ഇഡി ഓഫിസില്‍ നിന്ന് മടങ്ങി

ചോദ്യം ചെയ്യല്‍ അവസാനിച്ചു; രാഹുല്‍ ഗാന്ധി ഇഡി ഓഫിസില്‍ നിന്ന് മടങ്ങി
X

ന്യൂഡല്‍ഹി: ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസില്‍ നിന്ന് മടങ്ങി. നാഷനല്‍ ഹെറാള്‍ഡ് കേസിലാണ് രാഹുലിനെ ഇഡി ചോദ്യം ചെയ്തത്. ഡല്‍ഹി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെ ചോദ്യം ചെയ്യലിന് ശേഷം രാഹുല്‍ ഗാന്ധി സോണിയാ ഗാന്ധിയെ സന്ദര്‍ശിക്കുന്നതിനായി ഡല്‍ഹി ഗംഗാറാം ആശുപത്രിയിലേക്ക് പോയി. രാഹുലിനൊപ്പം പ്രിയങ്കാ ഗാന്ധിയുമുണ്ടായിരുന്നു. കൊവിഡ് ബാധയെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

രാഹുലിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നാരോപിച്ച് രാജ്യത്തെ 25 ഓളം ഇഡി ഓഫിസുകള്‍ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രകടനം നടത്തിയിരുന്നു. ഡല്‍ഹിയില്‍ പോലിസിന്റെ വിലക്ക് ലംഘിച്ച് രാഹുലിനൊപ്പം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഇഡി ഓഫിസിലേക്ക് കാല്‍നടയായി യാത്ര ചെയ്തതിനെതുടര്‍ന്ന് തലസ്ഥാനത്ത് സംഘര്‍ഷമുണ്ടായി. നിരോധനാജ്ഞ പ്രഖ്യാപിച്ച എഐസിസി ആസ്ഥാനത്ത് നിന്നാണ് നേതാക്കള്‍ രാഹുല്‍ ഗാന്ധിക്കൊപ്പം ഇഡി ഓഫിസിലേക്ക് കാല്‍നടയായി യാത്ര തിരിച്ചത്. ഒപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒന്നര കിലോമീറ്റര്‍ അകലെവച്ച് പോലിസ് തടഞ്ഞു.

പ്രവര്‍ത്തകര്‍ പിന്നീട് കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീണ്ടും മുന്നോട്ടുപോയ മുഖ്യമന്ത്രിമാരും എംപിമാരും അടക്കമുള്ളവരെയും വഴിയില്‍ വച്ച് പോലിസ് തടഞ്ഞുനിര്‍ത്തി. പിന്നീട് വാഹനത്തിലാണ് രാഹുലിനെ ഇഡി ഓഫിസിലേക്ക് കൊണ്ടുപോയത്. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെ പോലിസ് കൈയേറ്റം ചെയ്തു. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടയില്‍ വേണുഗോപാല്‍ ബസ്സിനുള്ളില്‍ കുഴഞ്ഞുവീണു. കൊവിഡ് നെഗറ്റീവായിട്ട് ദിവസങ്ങള്‍ മാത്രമേ കഴിഞ്ഞുള്ളുവെന്നും അതാണ് കുഴഞ്ഞുവീണതെന്നും വേണുഗോപാല്‍ പിന്നീട് പ്രതികരിച്ചു.

പോലിസിന്റെ അമിത ബലപ്രയോഗം മൂലമാണ് ശാരീരിക അസ്വാസ്ഥ്യമുണ്ടായതെന്നും വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രണ്‍ദീപ് സിങ് സുര്‍ജേവാല ഉള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. കോണ്‍ഗ്രസ് എംപിമാരെയും പോലിസ് കസ്റ്റിയിലെടുത്തു. ദേശീയ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് ബിജെപി കോണ്‍ഗ്രസിനെതിരേ കള്ളക്കേസുണ്ടാക്കുകയാണെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തിയത്. 2013ല്‍ ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതി പരിഗണിച്ചാണ് കോണ്‍ഗ്രസ് പിന്തുണയുള്ള നാഷനല്‍ ഹെറാള്‍ഡ് ദിനപത്രത്തിനെതിരേ ഇഡി കേസെടുത്തത്.

Next Story

RELATED STORIES

Share it