Big stories

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്

ഗുജറാത്ത് തിരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് കോണ്‍ഗ്രസ്
X

അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു. 43 സ്ഥാനാര്‍ഥികളുടെ പേരാണ് പാര്‍ട്ടി പുറത്തുവിട്ടത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച എഐസിസി ആസ്ഥാനത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി) യോഗത്തിലാണ് 43 സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്. രാജ്യസഭാ എംപി അമി യാഗ്‌നിക്കിന്റെ പേരും പട്ടികയിലുണ്ട്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേല്‍ മല്‍സരിച്ച് ജയിച്ച അഹമ്മദാബാദിലെ ഘട്‌ലോഡിയയില്‍ നിന്നാണ് യാഗ്‌നിക്ക് അങ്കത്തിനിറങ്ങുന്നത്.

2012ലും 2017ലും ബിജെപിയുടെ ബാബു ബോഖിരിയയോട് പരാജയപ്പെട്ട പോര്‍ബന്തര്‍ സീറ്റില്‍ നിന്ന് മുതിര്‍ന്ന നേതാവും മുന്‍ പാര്‍ട്ടി എംഎല്‍എയുമായ അര്‍ജുന്‍ മോദ്‌വാദിയ മല്‍സരിക്കും. ജലോദില്‍ സിറ്റിങ് എംഎല്‍എ ഭവേഷ് കത്താരയ്ക്ക് പകരം മിതേഷ് ഗരാസിയയെയാണ് മല്‍സരിക്കുന്നത്. 2012-17 കാലയളവിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്നു ഗരാസിയ. യാഗ്‌നിക് ഉള്‍പ്പെടെ ഏഴുവനിതകളാണ് ആദ്യ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. ചില മുന്‍ എംഎല്‍എമാരും മല്‍സരിക്കുന്നുണ്ട്. ആദ്യപട്ടികയില്‍ പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള 10 പേരും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള 11 പേരും ഒബിസി വിഭാഗത്തില്‍ നിന്നുള്ള 10 പേരും അഞ്ച് പട്ടികജാതിക്കാരുമുണ്ട്.

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഓണ്‍ലൈനിലൂടെ യോഗത്തില്‍ പങ്കെടുത്തു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ മുകുള്‍ വാസ്‌നിക്, കെ സി വേണുഗോപാല്‍, മൊഹ്‌സിന കിദ്വായ്, ഗിരിജ വ്യാസ്, അംബിക സോണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. രണ്ട് പതിറ്റാണ്ടിലേറെയായി അധികാരത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനത്തു നിന്ന് ബിജെപിയെ പുറത്താക്കാനുള്ള തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ 1 നും 5 നും രണ്ട് ഘട്ടങ്ങളിലായി നടക്കും. വോട്ടെണ്ണല്‍ ഡിസംബര്‍ 8 ന് നടക്കും.

Next Story

RELATED STORIES

Share it