Sub Lead

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം

സൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹം
X
സൂറത്ത്: ഗുജറാത്തിസെ സൂറത്ത് ലോക്‌സഭാ സീറ്റില്‍ ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുംഭാനിയെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. നിലേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് വിവരം. ഇതിനിടെ, കുംഭാനി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന അഭ്യൂഹം പുറത്തുവന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി. ജനദ്രോഹി എന്നെഴുതിയ പോസ്റ്ററുകള്‍ പതിച്ചായിരുന്നു പ്രതിഷേധം.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത് സൂറത്തിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു. ബിജെപിയുടെ മുകേഷ് ദലാലിനെതിരേ പത്രിക നല്‍കിയ നിലേഷ് കുംഭാനിയുടെ പത്രിക റിട്ടേണിങ് ഓഫിസര്‍ തള്ളുകയും മറ്റ് സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന നീലേഷിനെ നാമനിര്‍ദേശം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്ത നാല് പേര്‍ പിന്നീട് പത്രികയിലെ ഒപ്പ് തങ്ങളുടെതല്ലെന്ന് സത്യവാങ്മൂലം നല്‍കിയതോടെയാണ് പത്രിക തള്ളിയത്. ഏപ്രില്‍ 18നാണ് നിലേഷ് പത്രിക സമര്‍പ്പിച്ചത്. പത്രികയിലെ ഒപ്പുകള്‍ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി പ്രവര്‍ത്തകന്‍ ദിനേശ് ജോധാനി പരാതി നല്‍കുകയായിരുന്നു. പത്രികയിലെ ഒപ്പ് തങ്ങളുടേതല്ലെന്ന് ചൂണ്ടിക്കാട്ടി നാലു പേരുടെ സത്യവാങ്മൂലം തൊട്ടടുത്ത ദിവസം തന്നെ ലഭിച്ചതായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും അറിയിച്ചു. തുടര്‍ന്ന് ഒരു ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്ന് നീലേഷിഷിന് നിര്‍ദേശം നല്‍കിയെങ്കിലും മറുപടി നല്‍കാത്തതിനാലാണ് ഏപ്രില്‍ 21ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ പത്രിക തള്ളിയത്. നീലേഷിന്റെ അടുത്ത ബന്ധുക്കളാണ് പത്രികയില്‍ ഒപ്പു വച്ചിരുന്നത്. ഇവരും ഒളിവിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിനു പിന്നാലെ ഇന്നലെ ബിഎസ്പിയുടെ സ്ഥാനാര്‍ഥി ഉള്‍പ്പെടെ എട്ടു പേര്‍ പത്രിക പിന്‍വലിക്കുക കൂടി ചെയ്തതോടെ ബിജെപിയുടെ മുകേഷ് ദലാല്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, ബിജെപിയുടെ സ്വാധീനം മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും തിരഞ്ഞെടുപ്പ് പ്രക്രിയ പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ്.

Next Story

RELATED STORIES

Share it