Sub Lead

കേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കണം-സോളിഡാരിറ്റി

കേരളത്തിലെ തുടര്‍ച്ചയായ കലാപശ്രമങ്ങള്‍: സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷന്‍ അന്വേഷിക്കണം-സോളിഡാരിറ്റി
X

കോഴിക്കോട്: കേരളത്തില്‍ തുടര്‍ച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപ ശ്രമങ്ങള്‍ക്ക് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ സ്വതന്ത്ര ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നും സംഘപരിവാറിന്റെ ആസൂത്രിതമായ കരങ്ങള്‍ ഇതിന് പിന്നിലുണ്ടെന്ന ആരോപണത്തെ സര്‍ക്കാറും പോലിസും മുഖവിലയ്‌ക്കെടുക്കിന്നില്ലെന്നും സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി ടി സുഹൈബ്. കൊല്ലം കടയ്ക്കലില്‍ സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐ ചാപ്പ കുത്തി എന്ന കള്ളക്കഥ മെനഞ്ഞ് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള സൈനികന്റെ ശ്രമവും ഇതിന്റെ ഭാഗമായിവേണം മനസ്സിലാക്കാന്‍. ഏലത്തൂരും കണ്ണൂരും അടിക്കടിയുണ്ടായ ട്രെയിന്‍ തീവയ്പുകളുടെയും പിന്നിലെ ഗൂഢാലോചന കണ്ടെത്താന്‍ പോലിസിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. വംശീയ കലാപങ്ങള്‍ സൃഷ്ടിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് സംഘപരിവാറിന്റെ കാലങ്ങളായുള്ള അജണ്ടയാണ്. കേരളത്തില്‍ നടക്കുന്ന ഓരോ കലാപ ശ്രമങ്ങളെയും ആഘോഷിച്ച് സാമുദായിക ധ്രുവീകരണമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപി-ആര്‍എസ്എസ് നേതാക്കളും അവരുടെ മുന്‍കൈയിലുള്ള മാധ്യമ സ്ഥാപനങ്ങളുമാണ്. സൈനികന്റെ പിഎഫ്‌ഐ വ്യാജ ചാപ്പയെ തുടര്‍ന്ന് കേരളത്തിനെതിരെയും മുസ്‌ലിം സമുദായത്തിനെതിരെയും വിദ്വേഷം ജനിപ്പിക്കുന്ന പ്രചാരണം നടത്തിയ ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണിക്കെതിരേ ഇതുവരെയും നിയമ നടപടി സ്വീകരിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടായ വലിയ വീഴ്ചയാണ്. കലാപ ശ്രമങ്ങള്‍ക്ക് പിന്നില്‍ സംഘപരിവാര്‍ ബന്ധമുള്ളവര്‍ പ്രതികളാവുമ്പോള്‍ മാനസിക രോഗവും പ്രശസ്തിക്ക് വേണ്ടി ചെയ്യുന്നതും ആവുകയും മുസ്‌ലിം നാമധാരികളാവുമ്പോള്‍ മാത്രം തീവ്രവാദമാകുകയും ചെയ്യുന്നത് ഇസ്‌ലാമോഫോബിയയാണ്. ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് ശാറൂഖ് സൈഫി മാത്രം നടത്തിയ തീവ്രവാദ പ്രവര്‍ത്തനമാക്കി അന്വേഷണം അവസാനിപ്പിക്കുന്നത് അതിന്റെ പിന്നിലെ വലിയ ഗൂഢാലോചനയെ മറച്ചുവയ്ക്കാനാണെന്ന സംശയം ന്യായമാണ്.

സംഘപരിവാറിന്റെ വംശീയ അജണ്ടകള്‍ക്കെതിരേ സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി വലിയ കാംപയിന്‍ സംഘടിപ്പിക്കും. ലൗജിഹാദ്, മതംമാറ്റം, മുസ്‌ലിം ജനസംഖ്യാ ഭീതി, ഗോരക്ഷ, ആചാരങ്ങളുടെ ഭാഗമായുള്ള ഘോഷയാത്രകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഹിന്ദുത്വ ശക്തികള്‍ വലിയ അളവില്‍ മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങള്‍ക്കും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും നേതൃത്വം നല്‍കുകയാണ്. എല്ലാ ജനവിഭാഗങ്ങളും ഹിന്ദുത്വ ഉന്‍മൂലന പദ്ധതിയുടെ ഇരകളാണെന്നതാണ് മണിപ്പൂരിലടക്കമുള്ള ആക്രമണസംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. മുസ്‌ലിം വീടുകളും നിര്‍മാണങ്ങളും ഏകപക്ഷീയമായി ബുള്‍ഡോസറുകളുപയോഗിച്ച് തകര്‍ക്കുന്നത് ഇന്ന് രാജ്യത്ത് വ്യാപകമായിരിക്കുന്നു. ജനാധിപത്യ സംവിധാനങ്ങളും നിയമങ്ങളും ഉപയോഗിച്ച് തന്നെ സംഘപരിവാര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയഉന്‍മൂലന പദ്ധതിക്കെതിരെയാണ് അപ്‌റൂട്ട് ബുള്‍ഡോസര്‍ ഹിന്ദുത്വ എന്ന തലക്കെട്ടില്‍ സോളിഡാരിറ്റി കാംപയിന്‍ സംഘടിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് കൂടി മുന്‍നിര്‍ത്തി ഹിന്ദുത്വ ശക്തികള്‍ക്കെതിരെയും ഇസ്‌ലാമോഫോബിയക്കെതിരെയും ജനകീയ പ്രതിരോധം ഉയര്‍ത്തുക എന്നത് ഈ കാംപയിനിന്റെ പ്രധാന ലക്ഷ്യമാണ്. ബിജെപിക്കെതിരേ തന്നെ ദേശീയതലത്തില്‍ ഉയര്‍ന്ന് വന്നിട്ടുള്ള സഖ്യങ്ങളിലുള്ളവര്‍ തന്നെ ഹിന്ദുത്വ ശക്തികള്‍ക്കെതിരേ ആര്‍ജവമായ നിലപാടുകള്‍ എടുക്കാത്തതും മുസ്‌ലിം വിരുദ്ധ വംശീയതക്കും ബുള്‍ഡോസിങ് രാഷ്ട്രീയത്തിനുമെതിരേ നിശബ്ദ്ത പുലര്‍ത്തുന്നതുമാണ് കാണുന്നത്. കേരളത്തിലെ ഭരണകൂടവും സംഘപരിവാറിന്റെ വിദ്വേഷ പ്രചരാണങ്ങള്‍ക്കെതിരേ നിയമ നടപടികള്‍ സ്വീകരിക്കാത്തതും ബിജെപി തന്നെ ഉയര്‍ത്തുന്ന പല രാഷ്ട്രീയ അജണ്ടകളും ഏറ്റെടുക്കുന്നതും ഫലത്തില്‍ സംഘപരിവാറിനെ തന്നെയാണ് സഹായിക്കുന്നത്. ഈയൊരു പശ്ചാതലത്തില്‍ കേവലം മുന്നണി സഖ്യങ്ങള്‍ക്കപ്പുറം ഹിന്ദുത്വ വംശീയതക്കെതിരേ വിശാലമായ ജനകീയ രാഷ്ട്രീയ ഐക്യത്തിനാണ് സംഘപരിവാറിന്റെ വിദ്വേഷ അജണ്ടയെ പരാജയപ്പെടുത്താന്‍ കഴിയുകയെന്നും സി ടി സുഹൈബ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറിമാരായ ശബീര്‍ കൊടുവള്ളി, അസ്‌ലം അലി, റഷാദ് വി പി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി, കോഴിക്കോട് സിറ്റി സെക്രട്ടറി ഷമീം പങ്കെടുത്തു.

Next Story

RELATED STORIES

Share it