Sub Lead

അന്ന് ആര്‍ ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്‍; വിവാദപ്രസംഗത്തിന്റെ പേരില്‍ കസേര തെറിക്കുന്ന രണ്ടാമത്തെ മന്ത്രി

37 വര്‍ഷം മുമ്പ് കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് ബാലകൃഷ്ണപിള്ള വിവാദപ്രസംഗം നടത്തിയത്.

അന്ന് ആര്‍ ബാലകൃഷ്ണ പിള്ള, ഇന്ന് സജി ചെറിയാന്‍; വിവാദപ്രസംഗത്തിന്റെ പേരില്‍ കസേര തെറിക്കുന്ന രണ്ടാമത്തെ മന്ത്രി
X

കോഴിക്കോട്: വാവിട്ട വാക്കിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവരുന്ന ആദ്യത്തെ മന്ത്രിയല്ല സജി ചെറിയാന്‍. പഞ്ചാബ് മോഡല്‍ പ്രസംഗമുണ്ടാക്കിയ വിവാദത്തില്‍ ആര്‍ ബാലകൃഷ്ണപിള്ള കോടതി വിധിയെ തുടര്‍ന്നാണ് കസേര ഒഴിഞ്ഞതെങ്കില്‍ സജി ചെറിയാന് പുറത്തേക്കുള്ള വഴി നിര്‍ദേശിച്ചത് സ്വന്തം പാര്‍ട്ടി തന്നെയാണ്. മല്ലപ്പള്ളിയില്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയതാണ് സജി ചെറിയാന് വിനയായത്. 37 വര്‍ഷം മുമ്പ് കെ കരുണാകരന്‍ മന്ത്രിസഭയില്‍ അംഗമായിരിക്കെയാണ് ബാലകൃഷ്ണപിള്ള വിവാദപ്രസംഗം നടത്തിയത്.

1985 മെയ് 25 ന് എറണാകുളം രാജേന്ദ്ര മൈതാനിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ കേന്ദ്രത്തിനെതിരേ നടത്തിയ പ്രസംഗമാണു ബാലകൃഷ്ണപിള്ളയ്ക്ക് വില്ലനായി മാറിയത്. പാലക്കാട്ട് അനുവദിച്ച കോച്ച് ഫാക്ടറി പഞ്ചാബിലേക്കു മാറ്റിയതിനെതിരേ ആയിരുന്നു പിള്ളയുടെ രോഷം. ഭൂട്ടാസിങ്ങിനുപോലും കടന്നുചെല്ലാന്‍ പറ്റാത്ത നാടാണ് പഞ്ചാബ് എന്നും കേരളത്തിന് അര്‍ഹമായതു കിട്ടണമെങ്കില്‍ പഞ്ചാബില്‍ സംഭവിക്കുന്നതെല്ലാം കേരളത്തിലും സംഭവിക്കണമെന്നുമാണ് ബാലകൃഷ്ണപിള്ള തുറന്നടിച്ചത്. അതിനു ചോരയും നീരുമുള്ള യുവാക്കള്‍ രംഗത്തിറങ്ങണമെന്നും പിള്ള ആഹ്വാനം ചെയ്തു.

മന്ത്രിസഭയില്‍ അംഗമായ ബാലകൃഷ്ണപിള്ളയുടെ പ്രസംഗം രാജ്യദ്രോഹമാണെന്നു പറഞ്ഞ് ആദ്യം രംഗത്തുവന്നത് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജി കാര്‍ത്തികേയനായിരുന്നു. പിള്ളയെ മന്ത്രിസഭയില്‍നിന്നു പുറത്താക്കണമെന്നു കാര്‍ത്തികേയന്‍ മുഖ്യമന്ത്രി കെ കരുണാകരനോടാവശ്യപ്പെട്ടു. കാര്‍ത്തികേയന്റെ ആവശ്യത്തിനു പിന്നില്‍ കെ കരുണാകരന്‍തന്നെ ആയിരുന്നുവെന്ന് അക്കാലത്ത് കേരള കോണ്‍ഗ്രസുകാര്‍ അടക്കം പറഞ്ഞിരുന്നു. അന്നു കരുണാകരന്റെ ഉറ്റ അനുയായി ആയിരുന്നു കാര്‍ത്തികേയന്‍. ഇതോടൊപ്പം ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹരജിയും ഫയല്‍ ചെയ്തു.

ഒരുവശത്തു രാഷ്ട്രീയസമ്മര്‍ദ്ദമുയരുകയും ഹൈക്കോടതി ജഡ്ജിയുടെ ഭാഗത്തുനിന്ന് പ്രതികൂലമായി വാക്കാല്‍ പരാമര്‍ശമുണ്ടാകുകയും ചെയ്തതോടെ ബാലകൃഷ്ണപിള്ള രാജിവയ്ക്കാന്‍ നിര്‍ബന്ധിതനായി. 1986 മെയ് 25 നു ബാലകൃഷ്ണപിള്ള മന്ത്രിസഭയില്‍ തിരിച്ചെത്തുകയും ചെയ്തു. അതേസമയം, സജി ചെറിയാന്റെ പ്രസംഗം ബാലകൃഷ്ണപിള്ള നടത്തിയ വിവാദപരാമര്‍ശത്തേക്കാള്‍ ഗുരുതരമാണെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്ത്. എന്നാല്‍, തന്റെ അപ്പര്‍കുട്ടനാടന്‍ ശൈലി തെറ്റിദ്ധരിക്കപ്പെടുകയായിരുന്നെന്നായിരുന്നു മന്ത്രിയുടെ ന്യായവാദം.

മന്ത്രിസ്ഥാനം രാജിവയ്ക്കുമ്പോഴും അദ്ദേഹം പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയും ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാവുകയും ചെയ്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഇതാദ്യമല്ല സജി ചെറിയാനെ വാക്കുകള്‍ തിരിഞ്ഞുകൊത്തുന്നത്. ദത്ത് വിവാദത്തില്‍ അനുപമയ്‌ക്കെതിരേ നടത്തിയ പരാമര്‍ശം കേരളമാകെ കോളിളക്കമുണ്ടാക്കിയതാണ്. പ്രളയകാലത്തു സര്‍ക്കാരിനെ തന്നെ പ്രതിരോധത്തിലാക്കി. ആയിരക്കണക്കിനാളുകള്‍ മുങ്ങിമരിക്കുകയാണെന്ന് ചാനലുകളില്‍ നടത്തിയ വിലാപം പ്രതിപക്ഷം സര്‍ക്കാരിനെതിരേ ആയുധമാക്കി. ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി, ഭരണഘടനാ അവഹേളനത്തിന്റെ പേരില്‍ പുറത്തുപോവുന്നത് രണ്ടാം പിണറായി സര്‍ക്കാരിന് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Next Story

RELATED STORIES

Share it