Sub Lead

മയക്ക് മരുന്ന് നല്‍കി മതപരിവര്‍ത്തനം: പാലാ ബിഷപ്പ് പയറ്റിയത് സംഘപരിവാര്‍ ആയുധം

271 ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരേ കേസെടുത്തത് യോഗി പോലിസ്

മയക്ക് മരുന്ന് നല്‍കി മതപരിവര്‍ത്തനം: പാലാ ബിഷപ്പ് പയറ്റിയത് സംഘപരിവാര്‍ ആയുധം
X

കോഴിക്കോട്: കേരളത്തില്‍ മയക്കുമരുന്ന് നല്‍കി മതപരിവര്‍ത്തനം നടത്തുന്നതിന് 'നാര്‍ക്കോട്ടിക് ജിഹാദ്' പ്രവര്‍ത്തിക്കുന്നുവെന്ന പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഏറ്റുപിടിച്ചിരിക്കുന്നത് സംഘപരിവാറിന്റെ അതേ ആയുധം. മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ട് ആര്‍എസ്എസ് കാലങ്ങളായി പടച്ചുവിട്ട നുണപ്രചാരണമാണ് 'ലൗ ജിഹാദ്'. തെളിവുകളോ വസ്തുതകളുടെ പിന്‍ബലമോ ഇല്ലാതിരുന്നിട്ടുപോലും ചില ക്രിസ്ത്യന്‍ സംഘടനകള്‍ സംഘപരിവാര്‍ സംഘടനകളുടെ കുപ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുകയും ഇടയലേഖനങ്ങള്‍ വായിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ക്രൈസ്തവ പ്രസിദ്ധീകരണങ്ങളിലും ലൗ ജിഹാദിനെതിരേ ജാഗ്രത പുലര്‍ത്തണമെന്ന ആഹ്വാനവും നല്‍കി.

കേരള ഹൈക്കോടതിയും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും 'ലൗ ജിഹാദ്' തള്ളിക്കളഞ്ഞെങ്കിലും ക്രൈസ്തവ വിഭാഗം ആരോപണം തുടരുകയാണുണ്ടായത്. ഇപ്പോള്‍ മുസ്‌ലിം സമുദായത്തിനെതിരേ പാലാ ബിഷപ്പ് പയറ്റിയിരിക്കുന്നതും അതേ സംഘപരിവാറിന്റെ ആയുധമാണെന്ന് വ്യക്തമാവുകയാണ്. മൂന്നുവര്‍ഷം മുമ്പാണ് മയക്കുമരുന്നുകളും മറ്റു നിരോധിത മരുന്നുകളും നല്‍കി ആളുകളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചുവെന്നാരോപിച്ച് ഉത്തര്‍പ്രദേശില്‍ 271 ക്രിസ്ത്യന്‍ മിഷനറിമാര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. സംഘപരിവാര്‍ സംഘടനയായ ഹിന്ദു ജാഗരന്‍ മഞ്ച് (HJM) പ്രവര്‍ത്തകന്റെ ഹരജിയില്‍ കോടതി ഉത്തരവ് പ്രകാരം ക്രിസ്ത്യന്‍ പുരോഹിതര്‍ക്കെതിരേ യോഗി ആദിത്യനാഥിന്റെ പോലിസ് കേസെടുക്കുകയായിരുന്നു.

ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലെ ചാന്ദ്‌വാക്ക് പോലിസ് സ്‌റ്റേഷനില്‍ 2018 ആഗസ്തിലാണ് ഇതുസംബന്ധിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജോന്‍പൂര്‍, വാരാണസി, അസംഗഡ്, ഗാസിപൂര്‍ ജില്ലകളില്‍നിന്നുള്ള ആളുകളെ ബല്‍ദെ ഗ്രാമത്തിലെ ഒരു ക്രിസ്റ്റ്യന്‍ പള്ളി സന്ദര്‍ശിക്കാനും അവിടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുകയും ഇതിനായി പല ലഹരി വസ്തുക്കളും നിരോധിത ലഹരി മരുന്നുകളും ഇവര്‍ വിതരണം ചെയ്തതായും ആരോപിച്ചായിരുന്നു പരാതി.

ഉള്‍നാടന്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് മതപരിവര്‍ത്തനത്തിനായി ക്രിസ്തീയ മിഷണറിമാര്‍ വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ വിതരണം ചെയ്യുന്നതായും 'നാര്‍ക്കോട്ടിക് ക്രൂസേഡ്' നടത്തുന്നതായും സംഘടനകള്‍ ആരോപിക്കുന്നു. അവര്‍ ഹിന്ദുമതത്തെക്കുറിച്ച് പല തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുകയും ക്രിസ്തുമതം സ്വീകരിക്കാന്‍ ലഹരിക്കെണി ഒരുക്കുന്നതായും പരാതിക്കാരന്റെ അഭിഭാഷകന്‍ ബ്രിജേഷ് സിങ് ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.

കോടതി നിര്‍ദേശ പ്രകാരം വഞ്ചന, ആരാധനാലയങ്ങള്‍ അശുദ്ധമാക്കുക തുടങ്ങിയ വിവിധ കുറ്റങ്ങള്‍ ചുമത്തി ജൗന്‍പൂര്‍ സ്വദേശികളായ ദുര്‍ഗാ പ്രസാദ് യാദവ്, കിരിത് റായ്, ജിതേന്ദ്ര റാമോണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ 271 പേര്‍ക്കെതിരേയാണ് കേസെടുത്തതെന്ന് അഡീഷനല്‍ പോലിസ് സൂപ്രണ്ട് അനില്‍കുമാര്‍ പാണ്ഡെ വ്യക്തമാക്കുകയും ചെയ്തിരുന്നു. ലഹരി വസ്തുക്കള്‍ നല്‍കി മതപരിവര്‍ത്തനം നടത്തിയെന്നാരോപിച്ച് ക്രൈസ്തവ പുരോഹിതര്‍ക്കെതിരേ സംഘപരിവാര്‍ ഉന്നയിച്ച ആരോപണമാണ് ഇന്ന് മുസ്‌ലിം സമുദായത്തിനെതിരേ പാലാ ബിഷപ്പ് ഉയര്‍ത്തിവിട്ടിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

Next Story

RELATED STORIES

Share it