Sub Lead

കൊവിഡ്: ലോകത്ത് 7,000ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടെന്ന് ആംനസ്റ്റി

കൊവിഡ്: ലോകത്ത് 7,000ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടെന്ന് ആംനസ്റ്റി
X

ന്യൂഡല്‍ഹി: കൊവിഡ് 19 ബാധിച്ച് ലോകത്താകെ 7,000ത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റ് ഇന്റര്‍നാഷനല്‍ വ്യക്തമാക്കി. മെക്‌സിക്കോയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മരണപ്പെട്ടത്-1,320. യുഎസ്എ-1,077, ബ്രസീല്‍-634, ദക്ഷിണാഫ്രിക്ക-240, ഇന്ത്യ-573, ദക്ഷിണാഫ്രിക്ക-240, ഇറ്റലി-188, പെറു-183, ഇറാന്‍-164, ഈജിപ്ത്-159 എന്നിങ്ങനെയാണ് മരണനിരക്ക്. മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ 7000ത്തിലേറെ പേര്‍ മരണപ്പെട്ടത് വലിയ പ്രതിസന്ധിയാണെന്നും ഓരോ ആരോഗ്യ പ്രവര്‍ത്തകനും ജോലിയില്‍ സുരക്ഷിതരായിരിക്കാന്‍ അവകാശമുണ്ടെന്നും ജീവന്‍ നല്‍കേണ്ടിവരുന്നത് അപവാദമാണെന്നും ആംനസ്റ്റി ഇന്റര്‍നാഷനലിലെ സാമ്പത്തിക സാമൂഹിക നീതി വിഭാഗം മേധാവി സ്റ്റീവ് കോക്ക്‌ബേണ്‍ പറഞ്ഞു.

കൊവിഡ് റിപോര്‍ട്ട് മാസങ്ങളായിട്ടും മെക്‌സിക്കോ, ബ്രസീല്‍, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കൂടിയ നിരക്കില്‍ മരണപ്പെടുന്നുണ്ട്. അതേസമയം, ദക്ഷിണാഫ്രിക്കയിലും ഇന്ത്യയിലും അതിവേഗം രോഗം വ്യാപിക്കുന്നത് എല്ലാ രാജ്യങ്ങളും നടപടിയെടുക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കപ്പെടുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്കെല്ലാം മതിയായ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ആഗോള സഹകരണം വേണമെന്നും അതിനാല്‍ സ്വന്തം ജീവന്‍ പണയപ്പെടുത്താതെ സുപ്രധാന സേവനങ്ങള്‍ തുടരാനാവുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ്-19 ബാധിച്ച് മൂവായിരത്തിലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ മരിച്ചതായി ആംനസ്റ്റി ഇന്റര്‍നാഷനല്‍ ജൂലൈ 13ലെ ഒരു റിപോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. വിവര ശേഖരണത്തിനു വിവിധ രാജ്യങ്ങള്‍ വ്യത്യസ്ത രീതികളാണെന്നതിനാല്‍ കണക്കുകള്‍ പലപ്പോഴും താരതമ്യം ചെയ്യാന്‍ കഴിയില്ല. പല രാജ്യങ്ങളും റിപോര്‍ട്ട് ചെയ്യുന്നത് കുറവായതിനാല്‍ കണക്കുകളില്‍ അന്തരമുണ്ടാവാന്‍ സാധ്യതയുണ്ടെന്നും റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ കഴിഞ്ഞയാഴ്ച മാധ്യമങ്ങളില്‍ റിപോര്‍ട്ട് ചെയ്തതു പ്രകാരം 87,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്കു കൊവിഡ് ബാധിച്ചിട്ടുണ്ട്. 573 പേര്‍ മരണപ്പെട്ടു. ഇതില്‍ പകുതിയോളം മഹാരാഷ്ട്രയിലാണ്-292. ഇത് ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയെ കുറിച്ച് ആശങ്കയുയര്‍ത്തുന്നു. ആഗസ്തില്‍ ലക്ഷക്കണക്കിന് ആശാ വര്‍ക്കര്‍മാര്‍ ആവശ്യമായ പിപിഇ കിറ്റ്, മികച്ച വേതനം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പണിമുടക്കിയെന്നും ആംനസ്റ്റി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.




Next Story

RELATED STORIES

Share it