Sub Lead

പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി

യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവാസികള്‍ക്ക് സഹായം നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം: മുഖ്യമന്ത്രി
X

തിരുവനന്തപുരം: പ്രവാസികള്‍ക്ക് സഹായവും പിന്തുണയും നല്‍കാന്‍ എംബസികള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുടെ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ ആവശ്യമുന്നയിച്ചത്. പ്രവാസികള്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ സംഭാവനയാണ് നല്‍കുന്നത്. മഹാമാരി കാരണം വിവിധ രാജ്യങ്ങളില്‍ പ്രയാസമനുഭവിക്കുന്ന അവര്‍ക്ക് സാധ്യമായ എല്ലാ സഹായവും പിന്തുണയും നല്‍കാന്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദേശം നല്‍കണം. ലേബര്‍ ക്യാമ്പുകളില്‍ പ്രത്യേക ശ്രദ്ധ വേണം. പ്രവാസികളെ സഹായിക്കുന്നതിന് അതത് രാജ്യത്തെ സര്‍ക്കാരുകളെയും കമ്യൂണിറ്റി അഡ്വൈസറി കമ്മിറ്റികളെയും എംബസി ഏകോപിപ്പിക്കണം. രോഗത്തെക്കുറിച്ചും പ്രവാസികളുടെ സ്ഥിതിയെ പറ്റിയും കൃത്യമായ ഇടവേളകളില്‍ എംബസി ബുള്ളറ്റിന്‍ ഇറക്കണം. തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നതുമൂലമുള്ള പരിഭ്രാന്തി ഒഴിവാക്കാന്‍ ഇത് ആവശ്യമാണ്.

ഹ്രസ്വകാല പരിപാടികള്‍ക്ക് പോയവരും വിസിറ്റിങ് വിസയില്‍ പോയവരും ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. അന്താരാഷ്ട്ര ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ട് അവരെ തിരികെ എത്തിക്കാന്‍ പ്രത്യേക വിമാനം ഏര്‍പ്പാടാക്കണം.

യുഎഇ ഭരണാധികാരികള്‍ പ്രവാസി മലയാളികളെ എക്കാലത്തും ഹൃദയത്തോട് ചേര്‍ത്തുവെച്ചിട്ടുണ്ട്. ഈ രോഗകാലത്തും സ്വദേശിവിദേശി വ്യത്യാസമില്ലാതെ അവര്‍ ഇടപെടുകയാണ്. നമ്മുടെ പ്രവാസി സഹോദരങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഭരണാധികാരികളെ പ്രത്യേകം അഭിനന്ദിക്കേണ്ടതുണ്ട്.

പ്രവാസികളുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയോടെ സാധ്യമായ എല്ലാം സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. യുഎഇയിലെ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ് എന്നീ രാജ്യങ്ങളിലും യുകെ, ഇന്‍ഡോനേഷ്യ, ബംഗ്ലാദേശ്, മൊസാമ്പിക്ക് എന്നിവിടങ്ങളിലും നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും പരിഹാരം കാണുകയുമാണ് ഈ ഹെല്‍പ്പ് ഡെസ്‌ക്ക് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

യുഎഇയില്‍ അസുഖമുള്ളവരെ ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രദ്ധിക്കുന്നുണ്ട്. ആവശ്യക്കാരായ മലയാളികള്‍ക്ക് ആഹാരം നല്‍കുന്നത് ഇന്നും തുടര്‍ന്നു. ഇത് എല്ലാവരെയും കൂട്ടിയോജിപ്പിച്ചാണ് നടത്തുന്നത്. കെഎംസിസി, ഇന്‍കാസ്, കേരള സോഷ്യല്‍ സെന്റര്‍, ഓര്‍മ, മാസ്, ശക്തി തുടങ്ങിയ നിരവധി സംഘടനകളും പ്രാദേശിക കൂട്ടായ്മകളും സന്നദ്ധ പ്രവര്‍ത്തകരും ഒരുമയോടെ ഈ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണ്. അവരെയൊക്കെ സംസ്ഥാനത്തിനു വേണ്ടി അഭിനന്ദിക്കുന്നു. അവരുടെ സഹായത്തോടെ യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റയിന്‍ സൗകര്യം ഒരുക്കുന്നുണ്ട്.

യുഎഇ കോണ്‍സുലേറ്റ് ജനറലുമായി ഇന്ന് നടന്ന ചര്‍ച്ചയില്‍ കൊവിഡ് പോസിറ്റീവായ എല്ലാവരെയും ക്വാറന്റൈനില്‍ സംരക്ഷിക്കുന്നതിനും എല്ലാവര്‍ക്കും ഭക്ഷണം നല്‍കുന്നതിനും സംവിധാനമായിട്ടുണ്ട് എന്നാണ് അറിയുന്നത്. ഭക്ഷണം ലഭ്യമാക്കാനുള്ള സന്നദ്ധത പലരും ഹെല്‍പ്പ് ഡെസ്‌ക്കുകളില്‍ അറിയിക്കുന്നുണ്ട്.

ഹെല്‍പ്പ് ഡെസ്‌കില്‍ പേരും നമ്പരും ചേര്‍ത്തിട്ടുള്ളവരോടൊപ്പം നിരവധി പേരാണ് ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നത്. ഓരോ പ്രദേശത്തുമുള്ള ഹെല്‍പ്പ് ഡെസ്‌ക് പ്രവര്‍ത്തകര്‍ വാട്‌സ് ആപ്പ് കൂട്ടായ്മകള്‍ ഉണ്ടാക്കുകയും ആവശ്യങ്ങള്‍ പരസ്പരം അറിയിച്ച് പരിഹാരം തേടുകയും ചെയ്യുന്നു.

അതിരാവിലെ മുതല്‍ പാതിരാത്രി വരെ ഫോണ്‍ കോള്‍ വരുന്നതിനാല്‍ ചിലര്‍ക്ക് ലൈന്‍ കിട്ടാതെ വരുന്നതായുള്ള പരാതിയും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ ശ്രദ്ധിക്കണം. വിദേശ രാജ്യത്ത് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നിരവധി പരിമിതികളുണ്ട്. രാജ്യത്തിനകത്ത് മുംബൈ, ഹൈദരാബാദ്, തെലുങ്കാന, ചെന്നൈ, ഡെല്‍ഹി എന്നിവിടങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക് സംവിധാനം പ്രവര്‍ത്തിക്കുന്നു.

Next Story

RELATED STORIES

Share it