Sub Lead

കണ്ണൂരില്‍ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം

ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല

കണ്ണൂരില്‍ അവശ്യസാധന വിതരണം ഹോം ഡെലിവറിയിലൂടെ മാത്രം
X

കണ്ണൂര്‍: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള ജില്ലയെന്ന നിലയില്‍ പ്രതിരോധഭാഗമായുള്ള നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം കൂടുതല്‍ കര്‍ക്കശമാക്കി. ഇതിന്റെ ഭാഗമായി മരുന്നുകള്‍ ഒഴികെയുള്ള അവശ്യസാധനങ്ങളുടെ വിതരണം ജില്ലയിലാകെ ഹോം ഡെലിവറിയിലൂടെ മാത്രമാക്കാന്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവിട്ടു. ആളുകള്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് നടപടി. ഇതിന്റെ ഭാഗമായി റേഷന്‍ കടകളിലൂടെ വിതരണം ചെയ്യുന്ന സൗജന്യ റേഷന്‍ സാധനങ്ങളും കിറ്റുകളും ഉള്‍പ്പെടെ സൗജന്യമായി വീടുകളിലെത്തിക്കും. വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ, സന്നദ്ധ വോളന്റിയര്‍മാര്‍ എന്നിവരെ സഹകരിപ്പിച്ച് ഇതിനുള്ള ക്രമീകരണം ഉറപ്പുവരുത്തും.

മരുന്നുഷോപ്പുകള്‍ ഒഴികെയുള്ള കടകള്‍ വ്യാപകമായി തുറക്കുന്നത് ഒഴിവാക്കാനായി അവശ്യസാധനങ്ങളും വീടുകളിലെത്തിക്കും. കണ്ണൂര്‍ കോര്‍പറേഷനിലെ പഴയ മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ ഹോംഡെലിവറി സംവിധാനം ജില്ലാ പഞ്ചായത്ത് ഉറപ്പുവരുത്തും. കോര്‍പറേഷനിലെ ബാക്കി പ്രദേശങ്ങളില്‍ കോര്‍പറേഷന്‍ ഇതിനുള്ള സംവിധാനമൊരുക്കും. മറ്റു തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള കോള്‍ സെന്ററുകള്‍ വഴി അവശ്യസാധനങ്ങള്‍ എത്തിക്കും. ഇവിടങ്ങളില്‍ ഹോം ഡെലിവറി സംവിധാനം കാര്യക്ഷമമാക്കാനായി വാര്‍ഡ് അംഗത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെയും ഔദ്യോഗിക വോളന്റിയര്‍മാരുടെയും സഹായത്തോടെ സംവിധാനമൊരുക്കും. തദ്ദേശ സ്ഥാപന തലങ്ങളില്‍ ഏതൊക്കെ കടകള്‍ ഏതൊക്കെ ദിവസങ്ങളില്‍ തുറന്നുപ്രവര്‍ത്തിക്കണമെന്നത് വ്യാപാരി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്തവിധം തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാന്‍മാരുടെ നേതൃത്വത്തിലുള്ള സമിതി തീരുമാനമെടുക്കണം. അവശ്യസാധനങ്ങളുടെ വിതരണത്തിന് ഓരോ വാര്‍ഡിലും ഒരു കട മാത്രമേ തുറന്നുപ്രവര്‍ത്തിക്കുന്നുള്ളൂ എന്ന് തദ്ദേശ സ്ഥാപന അധികൃതര്‍ ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

ഹോം ഡെലിവറിക്ക് സര്‍വീസ് ചാര്‍ജ് ഈടാക്കാന്‍ പാടില്ല. ഹോം ഡെലിവറി ചെയ്യുന്നവര്‍ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുന്നുവെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തണം. സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും സാനിറ്റൈസര്‍ ഉപയോഗിക്കുകയും വേണം. ഹോം ഡെലിവറി സംവിധാനം സുഗമമാക്കാന്‍ ആവശ്യമായ നടപടികള്‍ പോലിസ് ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, എഡിഎം ഇ പി മേഴ്‌സി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ പങ്കെടുത്തു.


Next Story

RELATED STORIES

Share it