Sub Lead

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്താഴ്ച മുതല്‍ ജനങ്ങളിലേക്ക്

ഇതോടെ, കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി.

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി ബ്രിട്ടന്‍; അടുത്താഴ്ച മുതല്‍ ജനങ്ങളിലേക്ക്
X

ലണ്ടന്‍: പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്‌സിന് ബ്രിട്ടീഷ് സര്‍ക്കാര്‍ അംഗീകാരം നല്‍കി. അടുത്ത ആഴ്ച മുതല്‍ ജനങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് വാക്‌സിന്‍ ലഭ്യമാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ, കൊറോണ വൈറസ് വാക്‌സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ രാജ്യമായി ബ്രിട്ടന്‍ മാറി. ജര്‍മ്മന്‍ കമ്പനി ബയോണ്‍ടെക്കുമായി ചേര്‍ന്ന് അമേരിക്കന്‍ മരുന്നു കമ്പനിയായ ഫൈസര്‍ വികസിപ്പിച്ചെടുത്ത കോവിഡ് വാക്‌സിന്‍ ഡിസംബറില്‍ വിതരണത്തിന് എത്തുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇത് സ്ഥിരീകരിക്കുന്നതാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ വാക്‌സിന് അംഗീകാരം നല്‍കി എന്ന റിപ്പോര്‍ട്ട്. മൂന്നാം ഘട്ട വാക്‌സിന്‍ പരീക്ഷണത്തില്‍ 95 ശതമാനം ഫലപ്രദമെന്നാണ് കമ്പനി അവകാശവാദം.

ആദ്യം ആര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത് എന്ന കാര്യത്തില്‍ മുന്‍ഗണനാ ക്രമം നിശ്ചയിച്ചിട്ടുണ്ട്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാകും ആദ്യം കുത്തിവയ്ക്കുക. ക്രിസ്്മസിന് മുമ്പ് ആദ്യ സ്‌റ്റോക്ക് മുഴുവനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 50 വയസിന് മുകളിലുള്ളവര്‍ക്ക് എല്ലാവര്‍ക്കും കുത്തിവയ്ക്കും. ദിവസങ്ങളുടെ ഇടവേളകളില്‍ രണ്ട് വീതം ഇഞ്ചക്ഷനാണ് നല്‍കുക. 40 ദശലക്ഷം ഡോസ് ബ്രിട്ടന്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. 20 ദശലക്ഷം പേര്‍ക്ക് രണ്ടു ഡോസ് വീതമാണ് വിതരണം ചെയ്യുക. 10 മില്യണ്‍ ഡോസ് ഉടന്‍ ലഭ്യമാക്കും. അതിവേഗം എല്ലാ ജനങ്ങള്‍ക്കും കുത്തിവയ്പ്പ് നടത്താനാണ് ബ്രിട്ടന്റെ തീരുമാനം.

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള വാക്‌സിന്‍ വിപണിയിലെത്തുന്നത് അതിവേഗമാണ്. കേവലം പത്ത് മാസത്തെ ശ്രമഫലമായിട്ടാണ് വാക്‌സിന്‍ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടന്‍ വിതരണത്തിന് അനുമതി നല്‍കിയതോടെ കൂടുതല്‍ രാജ്യങ്ങള്‍ അനുമതി നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സിന്‍ കുത്തിവയ്പ്പ് തുടങ്ങിയാലും രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. സാമൂഹിക അകലം പാലിക്കുകയും മാസ്‌കും രോഗ പരിശോധനയും തുടരേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.

കൊറോണ വൈറസിനെതിരേ പോരാടുന്നതിനും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നകിനും ശരീരലത്തെ പര്യാപ്തമാക്കുന്നതാണ് പുതിയ വാക്‌സിന്‍. ആഴചകള്‍ക്ക്് മുന്‍പാണ് അവസാനഘട്ട പരീക്ഷണത്തിന്റെ ഫലം പുറത്തുവന്നത്. വ്യത്യസ്ത പ്രായത്തിലുള്ളവരിലും ഇത് പ്രതീക്ഷ നല്‍കുന്ന ഫലമാണ് പ്രകടമാക്കിയതെന്ന് ഫൈസര്‍ അവകാശപ്പെട്ടു. മൂന്നാം ഘട്ടത്തില്‍ 43000 പേരിലാണ് വാക്‌സിന്‍ പരീക്ഷണം നടത്തിയത്. ഈ വര്‍ഷം തന്നെ 5 കോടി വാക്‌സിന്‍ ലഭ്യമാക്കാനാകുമെന്നാണ് ഫൈസര്‍ പറയുന്നത്. 2021ല്‍ 130 കോടി വാക്‌സിന്‍ നിര്‍മ്മിക്കുമെന്നും കമ്പനി അറിയിച്ചു.

മൈനസ് 70 ഡിഗ്രി സെല്‍ഷ്യസിലാണ് വാക്‌സിന്‍ സൂക്ഷിക്കേണ്ടത്. പ്രത്യേക ബോക്‌സിലാക്കിയാകണം മറ്റിടങ്ങളിലേക്ക് കൊണ്ടുപോകേണ്ടത്. ഒരുതവണ ഉപയോഗിച്ച ശേഷം അഞ്ച് ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാനും സാധിക്കും.

Next Story

RELATED STORIES

Share it