Sub Lead

നീളമുള്ള മുളങ്കമ്പില്‍ കെട്ടി ഭക്ഷണം നല്‍കി; ഏഴ് പതിറ്റാണ്ട് മുമ്പത്തെ വസൂരിക്കാലം ഓര്‍ത്തെടുത്ത് ആയിശ

അക്കാലത്ത് മാളിയേക്കല്‍ സ്വദേശിനിയായ എടക്കടമ്പന്‍ അയിശയും ഭര്‍ത്താവ് മൊയ്തീന്‍ കുട്ടിയും പുല്ലങ്കോട് റബ്ബര്‍ എസ്‌റ്റേറ്റ് തൊഴിലാളികളായിരുന്നു. ഇതിനിടെ ആയിശക്ക് വസൂരി പിടിപെട്ടു.

നീളമുള്ള മുളങ്കമ്പില്‍ കെട്ടി ഭക്ഷണം നല്‍കി;  ഏഴ് പതിറ്റാണ്ട് മുമ്പത്തെ വസൂരിക്കാലം ഓര്‍ത്തെടുത്ത് ആയിശ
X

കുഞ്ഞിമുഹമ്മദ് കാളികാവ്

മലപ്പുറം: ഏഴ് പതിറ്റാണ്ട് മുമ്പ് അതിജീവിച്ച മഹാമാരിയും വീട്ടുകാരുടെയും നാട്ടുകാരുടെയും ബഹിഷ്‌ക്കരണവും അതിജീവിച്ച് കൊറോണക്കാലത്തെ ഭയപ്പാടുകള്‍ക്ക് അതിജീവനത്തിന്റെ ധൈര്യ പാടങ്ങള്‍ പകരുകയാണ് 83 കാരി എടക്കടമ്പന്‍ ആയിശ. 1950 കളില്‍ മലയോര മേഖലയില്‍ പടര്‍ന്നു പിടിച്ച വസൂരി എന്ന മഹാമാരിയില്‍ മരിച്ചുവീണവര്‍ക്ക് കൃത്യമായ കണക്കില്ല.

അക്കാലത്ത് മാളിയേക്കല്‍ സ്വദേശിനിയായ എടക്കടമ്പന്‍ അയിശയും ഭര്‍ത്താവ് മൊയ്തീന്‍ കുട്ടിയും പുല്ലങ്കോട് റബ്ബര്‍ എസ്‌റ്റേറ്റ് തൊഴിലാളികളായിരുന്നു. ഇതിനിടെ ആയിശക്ക് വസൂരി പിടിപെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ മകന്‍ കുഞ്ഞിമുഹമ്മദിനും രോഗം പിടിപെട്ടു.

ഇവരടക്കം രോഗം പിടിപെട്ട ഏഴു പേരെ മാറ്റിപ്പാര്‍പ്പിച്ചത് അന്നത്തെ ഐസലേഷന്‍ വാര്‍ഡായ ആസ്സാം പാടിയിലേക്കായിരുന്നു. ഇവര്‍ക്ക് ദിവസത്തില്‍ ഒരു നേരമാണ് ഭക്ഷണവും വെള്ളവും എത്തിച്ചു നല്‍കിയിരുന്നത്. സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി നീളമുള്ള മുളങ്കമ്പില്‍ കെട്ടി ഭക്ഷണം നീട്ടിക്കൊടുക്കുകയായിരുന്നു.

മരുന്നും ചികിത്സയും ഇല്ലാത്ത കാലത്ത് വസൂരിയുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടവര്‍ വളരെ അപൂര്‍വ്വം മാത്രം. വെള്ളവും ഭക്ഷണവും എത്തിച്ചു കൊടുക്കാന്‍ ധൈര്യമുള്ളവര്‍ ആരുമില്ലാത്തതായിരുന്നു പലരെയും മരണത്തിലേക്ക് തള്ളിവിട്ടത്. മരിച്ചാലും സംസ്‌കരണ ചടങ്ങുകള്‍ക്ക് ആളെക്കിട്ടാത്തതും അന്ന് വലിയ സാമൂഹ്യ പ്രശ്‌നമായിരുന്നു. ജില്ലയിലെ ഏറ്റവും വലിയ റബ്ബര്‍ തോട്ടമായ പുല്ലങ്കോട് എസ്‌റ്റേറ്റ് കേന്ദ്രീകരിച്ചായിരുന്നു മലയോര മേഖലയിലെ കൂടിയ ജനവാസം . അന്നത്തെ ഏക ചന്തയും പുല്ലങ്കോടായിരുന്നു. ഇതാണ് വസൂരിയുടെ വ്യാപനത്തിനും കാരണമായത്.

എസ്‌റ്റേറ്റ് മാനേജരായിരുന്ന ഇംഗ്ലീഷുകാരന്‍ ജാക്‌സണ്‍ സായിപ്പും പിന്നീട് മാനേജരായ കെ കരുണാകരന്റെ സഹോദരന്‍ ബാലകൃഷ്ണമാരാരുമാണ് അന്ന് വസൂരിക്കെതിരെ പ്രവര്‍ത്തിച്ചത്. രോഗം ബാധിച്ചവരുടെ സാമൂഹിക ബന്ധം ഇല്ലാതാക്കാന്‍ രണ്ടു ഐസലേഷന്‍ വാര്‍ഡുകളാണ് ഇവര്‍ നിര്‍മ്മിച്ചത്. ഒന്ന് കടിഞ്ചീരി മലയിലും മറ്റൊന്ന് എസ്‌റ്റേറ്റ് ആശുപത്രിക്കടുത്ത് ആസ്സാം പാടിയും. അന്തവിശ്വാസങ്ങളുടെ വിളവെടുപ്പുകാലമായിരുന്ന അമ്പതുകളില്‍ വസൂരിയെ കുരിപ്പ് ചെകുത്താനെന്നും പറയപ്പെട്ടിരുന്നു. അതിനാല്‍ രോഗികളാരെങ്കിലും കണ്‍വെട്ടത്ത് വരുന്നത് പോലും ഭയപ്പെട്ടിരുന്ന സമൂഹമായിരുന്നു അന്നധികവും.

വെള്ളവും ഭക്ഷണവും കിട്ടിയില്ലെങ്കിലും ആയുസ്സിന്റെ കണക്കു പുസ്തകത്തിലെ പേരുവെട്ടാത്തതിനാലാണ് ആയിശയും മകന്‍ കുഞ്ഞിമുഹമ്മദും വസൂരിപ്പാടുകളുമായി ഇന്നും ജീവിക്കുന്നത്. ലോകം കൊറോണപ്പേടിയില്‍ കതകടച്ചിരിക്കുമ്പോള്‍ ആയിശ പറയുന്നു മക്കളെ വസൂരിയോളം വരില്ല കൊറോണപ്പേടിയെന്ന്.

Next Story

RELATED STORIES

Share it