Sub Lead

കൊറോണ ലോക്ഡൗൺ: സ്ത്രീകളും കുട്ടികളും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതായി റിപോർട്ട്

കൊറോണ വൈറസ് വ്യാപനം മാരകമായി മുന്നേറുന്ന അമേരിക്കയില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു

കൊറോണ ലോക്ഡൗൺ: സ്ത്രീകളും കുട്ടികളും ഗാര്‍ഹികപീഡനത്തിന് ഇരയാകുന്നതായി റിപോർട്ട്
X

പാരിസ്: ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ലോകത്തിലെ വിവിധ പ്രദേശങ്ങളില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതായി റിപോർട്ട്. കൊറോണ വൈറസിന്റെ ഭീതിയെ മറികടക്കാന്‍ സാമൂഹ്യ അകലം പാലിക്കുക എന്നതു മാത്രമാണ് പോംവഴി. വൈറസ് വ്യാപനം റിപോര്‍ട്ട് ചെയ്യപ്പെട്ട പല രാജ്യങ്ങളും ഇപ്പോൾ സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോക ജനസംഖ്യയുടെ അഞ്ചില്‍ ഒന്ന് ഇപ്പോള്‍ വീടിനുള്ളില്‍ തന്നെ കഴിയുകയാണ്.

കൊറോണ വൈറസ് വ്യാപനം മാരകമായി മുന്നേറുന്ന അമേരിക്കയില്‍ ഗാര്‍ഹിക കുറ്റകൃത്യങ്ങളില്‍ വലിയ വര്‍ധനവുണ്ടായതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ടെക്‌സാസില്‍ കുടുംബത്തിനുള്ളിലെ സംഘര്‍ഷങ്ങളും ഏറ്റുമുട്ടലുകളും സംബന്ധിച്ച പരാതികളുമായി ബന്ധപ്പെട്ട ഫോണ്‍ കോളുകളില്‍ പൊടുന്നനെ വലിയ വര്‍ധനവാണുണ്ടായത്.

മുന്‍പേതന്നെ കുടുംബ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന വീടുകളില്‍ ലോക്ഡൗണ്‍ മൂലം കുടുംബാംഗങ്ങള്‍ പുറത്തിറങ്ങാത്ത സാഹചര്യംകൂടി ഉണ്ടായതോടെ വലിയ സംഘര്‍ഷ സാധ്യതയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നാണ് റിപോര്‍ട്ട്. ഒരു പ്രത്യേക ഇടത്ത് തടവില്‍ കിടക്കുന്നതിന് സമാനമായി കഴിയേണ്ടിവരുന്ന പുതിയ സാഹചര്യം ശാരീരികമായ പീഡനത്തിനു മാത്രമല്ല, വൈകാരികവും മാനസികവുമായ പീഡനങ്ങള്‍ക്കും കളമൊരുക്കുന്നു.

ഗാര്‍ഹിക പീഡനത്തിന്റെ ഇരകളായ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ വീടുകളില്‍നിന്ന് പുറത്തിറങ്ങാനാകാതെയും സഹായങ്ങള്‍ സ്വീകരിക്കാനാകാതെയും ബുദ്ധിമുട്ടുന്നുണ്ട്. ദിവസത്തിലെ മുഴുവന്‍ സമയവും ഒരുമിച്ച് കഴിച്ചുകൂട്ടേണ്ടിവരുന്നത് നിലവിലുള്ള സംഘര്‍ഷം ഇരട്ടിപ്പിക്കുന്നതായി ടെക്‌സാസിലെ കുടുംബ പ്രശ്‌നപരിഹാര കേന്ദ്രം ഡയറക്ടര്‍ ഗ്ലെന്ന ഹാര്‍കനെസ്സ് പറയുന്നു. സഹായം അഭ്യര്‍ഥിച്ചുകൊണ്ടുള്ള ഫോണ്‍കോളുകളുടെ എണ്ണം ഒരാഴ്ചയ്ക്കുള്ളില്‍ 20 ശതമാനമാണ് വര്‍ധിച്ചതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇത് അമേരിക്കയില്‍ മാത്രമുള്ള അവസ്ഥയല്ല. ബ്രസീല്‍, ജര്‍മനി, ഇറ്റലി, ചൈന എന്നിങ്ങനെ ലോക്ഡൗണ്‍ നിലനില്‍ക്കുന്ന ഒട്ടുമിക്ക രാജ്യങ്ങളിലും ഈ സാഹചര്യം രൂപപ്പെട്ടിട്ടുള്ളതായാണ് റിപോര്‍ട്ട്. ഫ്രാന്‍സിലെ പല കുടുംബങ്ങളിലും സ്ത്രീകള്‍ കൂടുതലായി ഗാര്‍ഹിക പീഡനത്തിന് ഇരയാകുന്നതായും കുടുംബത്തിനുള്ളില്‍ കഴിയുന്നത് അതീവ ദുഷ്‌കരമായി തീര്‍ന്നിരിക്കുകയാണെന്നും ഫ്രാന്‍സ് 24 റിപോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ മുന്‍പുതന്നെ ഈ സാഹചര്യം ഉടലെടുത്തിരുന്നതായി ഹ്യൂമണ്‍ റൈറ്റ് വാച്ചിന്റെ റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വീടിനുള്ളില്‍ ഒതുങ്ങിക്കഴിയേണ്ടിവരുമ്പോള്‍ വ്യക്തികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നു. പ്രയാസകരമായ ജീവിതസാഹചര്യങ്ങളും സാമൂഹ്യമായ ആശങ്കളും ചേരുമ്പോള്‍ ഇത് തീവ്രമാകുന്നു. കൂടാതെ സാമൂഹ്യ പിന്തുണയുടെ അഭാവംകൂടിയാകുമ്പോള്‍ വ്യക്തികളിലും കുടുംബങ്ങളിലും വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കപ്പെടുന്നത്, റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it