Sub Lead

കൊവിഡ്: വിദ്യാര്‍ഥികള്‍ക്കുള്ള 'ഭക്ഷ്യ ഭദ്രതാ അലവന്‍സ്' ഓണത്തിനു മുമ്പ് വിതരണം ചെയ്യും

കൊവിഡ്: വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് ഓണത്തിനു മുമ്പ് വിതരണം ചെയ്യും
X

തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാലയങ്ങള്‍ അടച്ചിട്ടങ്കെിലും ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും 2021-22 അധ്യയനവര്‍ഷം സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നത് വരെ 'ഭക്ഷ്യ ഭദ്രതാ അലവന്‍സ്' വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ആദ്യഘട്ടമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഏപ്രില്‍ മുതല്‍ ആഗസ്ത് വരെയുള്ള അഞ്ചു മാസത്തേക്കുള്ള ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ഓണത്തിന് മുമ്പ് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷ്യകിറ്റുകളുമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള 27,52,919 വിദ്യാര്‍ത്ഥികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷ്യല്‍ വിദ്യാലയങ്ങളിലെ കാഴ്ച, കേള്‍വി പരിമിതികളുള്ള ഭിന്നശേഷികുട്ടികള്‍ക്കും ഭക്ഷ്യ ഭദ്രതാ അലവന്‍സ് വിതരണം ചെയ്യും.

പ്രീ-പ്രൈമറി, പ്രൈമറി വിഭാഗം സ്‌കൂള്‍ കുട്ടികള്‍ക്ക് യഥാക്രമം 2 കിലോഗ്രാം, 6 കിലോഗ്രാം എന്നിങ്ങനെയെന്ന് ഭക്ഷ്യധാന്യം വിതരണം ചെയ്യുക. അതോടൊപ്പം ഈ രണ്ട് വിഭാഗങ്ങള്‍ക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും. അപ്പര്‍ പ്രൈമറി വിഭാഗം കുട്ടികള്‍ക്ക് 10 കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷ്യക്കിറ്റുകളുമാണ് വിതരണം ചെയ്യുക. പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങള്‍ക്കുള്ള ഭക്ഷ്യകിറ്റുകളില്‍ 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 1 ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അപ്പര്‍ െ്രെപമറി വിഭാഗത്തിനുള്ള ഭക്ഷ്യകിറ്റുകളില്‍ 1 കിലോഗ്രാം ചെറുപയര്‍, 500 ഗ്രാം തുവരപ്പരിപ്പ്, 1 കിലോഗ്രാം ഉഴുന്നുപരിപ്പ്, 1 കിലോഗ്രാം വറുത്ത റവ, 1 കിലോഗ്രാം റാഗിപ്പൊടി, 2 ലിറ്റര്‍ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും സ്‌കൂളുകളില്‍ എത്തിച്ചു നല്‍കുന്നത്. സ്‌കൂള്‍ പിടിഎ, ഉച്ചഭക്ഷണ കമ്മിറ്റി, മദര്‍ പിടിഎ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികള്‍ എന്നിവരുടെ സഹകരണത്തോടെ ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായ സാമൂഹിക അകലവും പാലിച്ച് കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും. സപ്ലൈകോയുടെ സഹകരണത്തോടെ ഓണത്തിന് മുമ്പായി വിതരണം ആരംഭിക്കാനുള്ള നടപടികള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Covid: 'Food Security Allowance' for students will be distributed before Onam


Next Story

RELATED STORIES

Share it