Sub Lead

കണ്ണൂരില്‍ തൊഴിലിടങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കലക്ടര്‍

കണ്ണൂരില്‍ തൊഴിലിടങ്ങളില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കലക്ടര്‍
X

കണ്ണൂര്‍: ജില്ലയില്‍ വാണിജ്യ മേഖലകളും വിവിധ തൊഴില്‍ രംഗങ്ങളും കൊവിഡ് വിമുക്ത സുരക്ഷിത മേഖലയാക്കുന്നതിനായി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു. പൊതു ഗതാഗത മേഖലയായ ബസ്, ഓട്ടോ, ടാക്‌സി എന്നിവയിലെ തൊഴിലാളികള്‍, കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ എന്നിവര്‍ക്കും രണ്ട് ഡോസ് വാക്‌സിനോ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും. രണ്ട് ഡോസ് വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് 15 ദിവസത്തിലൊരിക്കല്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിലെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാവണമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു.

കൊവിഡിനൊപ്പം സാധാരണ ജനജീവിതവും സാമ്പത്തിക പ്രക്രിയയും പൂര്‍വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരികയെന്ന ഉദ്ദേശ്യത്താടെയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പദ്ധതിയെന്നാണ് വിശദീകരണം. കൊവിഡ് പ്രതിരോധ നടപടികള്‍ സാധാരണ മനുഷ്യരുടെ ജീവനോപാധികളെയും വാണിജ്യ, വ്യാപാര പ്രക്രിയയെയും ഏറെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൊവിഡ് സാഹചര്യം തുടര്‍ന്നുപോവുന്ന സ്ഥിതിയില്‍ കൊവിഡിനൊപ്പം തന്നെ സമൂഹത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ എങ്ങനെ സാധാരണ രീതിയില്‍ സാധ്യമാക്കാമെന്നാണ് ആലോചിക്കുന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രണ്ട് ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ വിവിധ മേഖലകളില്‍ നിര്‍ബന്ധമാക്കുന്നതെന്നും കലക്ടര്‍ അറിയിച്ചു.

കൊവിഡ് വാക്‌സിന്‍ എടുക്കാനും 72 മണിക്കൂറിനുള്ളിലുളള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കും. ജൂലൈ 28 മുതല്‍ ഈ നിബന്ധന പ്രാബല്യത്തില്‍ വരും. തദ്ദേശ സ്ഥാപനങ്ങള്‍ തയ്യാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ഇവര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുകയും വേണം. ആകെ നല്‍കുന്ന വാക്‌സിന്റെ 50 ശതമാനം ആയിരിക്കും ഈ രീതിയില്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍ഗണന നിശ്ചയിച്ചു പട്ടിക തയ്യാറാക്കുക. വാക്‌സിന്‍ എടുക്കേണ്ടവര്‍ തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് വാക്‌സിന്‍ ഉറപ്പ് വരുത്തണം. ഇതിനനുസരിച്ച് വാക്‌സിന്‍ വിതരണ സംവിധാനം പുനക്രമീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

പൊതുജനങ്ങള്‍ ഏറെ സമ്പര്‍ക്കം പുലര്‍ത്തുന്ന ഇടങ്ങള്‍ കൊവിഡ് വ്യാപന സാധ്യത ഇല്ലാതാക്കി സുരക്ഷിതമാക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. ഇതുവഴി വിവിധ തൊഴില്‍ രംഗങ്ങളെയും സാമ്പത്തിക മേഖലകളെയും കൊവിഡ് വിമുക്ത സുരക്ഷിതമേഖലയാക്കി അവിടങ്ങളിലെ സാധാരണ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ ആവശ്യമായ ക്വാറന്റൈന്‍ സൗകര്യം ഇല്ലെങ്കിലും വീടുകളില്‍ നിന്ന് മാറാന്‍ മടിക്കുന്ന സാഹചര്യം ഉണ്ട്. ഇത് അനുവദിക്കാനാവില്ല. ക്വാറന്റൈന്‍ സൗകര്യം പര്യാപ്തമാണോയെന്ന് ഉറപ്പിക്കേണ്ടത് ബന്ധപ്പെട്ട ആര്‍ആര്‍ടി ആണ്. അവരുടെ തീരുമാന പ്രകാരം ആവശ്യമെങ്കില്‍ അത്തരമാളുകളെ നിര്‍ബന്ധപൂര്‍വം ഡിസിസികളിലേക്ക് മാറ്റാന്‍ തദ്ദേശസ്ഥാപനങ്ങള്‍ നടപടിയെടുക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി.

Covid negative certificate will be mandatory in workplaces in Kannur

Next Story

RELATED STORIES

Share it