Big stories

ജാഗ്രതയോടെ രാജ്യം; വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന

ജാഗ്രതയോടെ രാജ്യം; വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന
X

ന്യൂഡല്‍ഹി: ആഗോള തലത്തിലെ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിമാനത്താവളങ്ങളില്‍ നാളെ മുതല്‍ കൊവിഡ് പരിശോധന ആരംഭിക്കും. നാളെ മുതല്‍ രാജ്യത്തേയ്ക്ക് എത്തുന്ന ഓരോ വിമാനത്തിലെയും രണ്ട് ശതമാനം യാത്രക്കാരെയാണ് പരിശോധിക്കുക. വിദേശത്ത് നിന്നെത്തുന്ന യാത്രക്കാരില്‍ പരിശോധനയ്ക്ക് വിധേയരാക്കേണ്ടത് ആരെയെന്ന് വിമാന കമ്പനികള്‍ തീരുമാനിക്കും. പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര വ്യോമയാന സെക്രട്ടറി രാജീവ് ബന്‍സലിന് ആരോഗ്യ സെക്രട്ടറി കത്തയച്ചിട്ടുണ്ട്.

രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷണത്തിലേക്ക് മാറ്റും. വരും ദിവസങ്ങളില്‍ ആവശ്യമെങ്കില്‍ വിദേശത്ത് നിന്നെത്തുന്നവര്‍ക്കെല്ലാം പരിശോധന നിര്‍ബന്ധമാക്കുമെന്ന് ആരോഗ്യമന്ത്രി രാജ്യസഭയില്‍ വ്യക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായ ചൈന ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കില്ല. ചൈനയില്‍ കൊവിഡ് കുതിച്ചുയരാന്‍ കാരണമായ ഒമിക്രോണ്‍ ഉപവകഭേദമായ ബിഎഫ്. 7 കേസുകള്‍ ഇന്ത്യയില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, മാസ്‌ക് നിര്‍ബന്ധമാക്കണമെന്നും വിവാഹങ്ങള്‍, മറ്റ് ആഘോഷങ്ങള്‍, രാഷ്ട്രീയ കൂട്ടായ്മകള്‍ തുടങ്ങിയ ഒത്തുചേരലുകള്‍ നിയന്ത്രിക്കണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.

മാസ്‌ക് ധരിക്കണമെന്നും രോഗനിര്‍ണയ പരിശോധനയും ജനിതക ശ്രേണീകരണവും കൂട്ടാന്‍ അവലോകന യോഗത്തില്‍ പ്രധാനമന്ത്രിയും നിര്‍ദേശിച്ചിട്ടുണ്ട്. കൊവിഡ് ആശങ്കയുടെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളും ജാഗ്രതാ നടപടികള്‍ സ്വീകരിച്ചുവരികയാണ്. കര്‍ണാടകയും മഹാരാഷ്ട്രയും അടക്കം സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ നടപ്പാക്കിത്തുടങ്ങി. കേരളത്തിലും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ക്ക് നിര്‍ദേശമുണ്ട്. പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കണമെന്നും ആരോഗ്യശുചിത്വം പാലിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it