Sub Lead

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ; ഒക്ടോബറില്‍ വ്യാപനം ഉച്ചസ്ഥായില്‍ എത്തും, മുന്നറിയിപ്പ്

കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്.

രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ; ഒക്ടോബറില്‍ വ്യാപനം ഉച്ചസ്ഥായില്‍ എത്തും, മുന്നറിയിപ്പ്
X
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്. ഒക്ടോബറില്‍ കൊവിഡ് വ്യാപനം അതിന്റെ ഉച്ചസ്ഥായില്‍ എത്തിയേക്കാമെന്നും ഐഐടി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ രണ്ടാം തരംഗത്തിന്റെ അലയൊലികള്‍ ഇപ്പോഴും തുടരുകയാണ്.

പ്രതിദിനം 20,000 കേസുകളാണ് കേരളത്തില്‍ റിപോര്‍ട്ട് ചെയ്യുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കോവിഡ് കേസുകള്‍ ഉയരുന്നതില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതിനിടെയാണ് മൂന്നാം തരംഗം ഈ മാസം തന്നെ സംഭവിച്ചേക്കാമെന്ന പ്രവചനം. ഒക്ടോബറില്‍ ഉച്ചസ്ഥായില്‍ എത്തിയേക്കുമെന്നാണ് ഐഐടിയിലെ പ്രഫസര്‍മാരായ മാത്തുകുമളി വിദ്യാസാഗറും മനീന്ദ്ര അഗര്‍വാളും നേതൃത്വം നല്‍കുന്ന ഗവേഷണ സംഘത്തിന്റെ പഠന റിപോര്‍ട്ട് വ്യക്തമാക്കുന്നത്.

ഒക്ടോബറില്‍ പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെ വരെ വരാം. പരമാവധി ഒന്നരലക്ഷം വരെ ഉയരാനും സാധ്യതയുണ്ടെന്നും റിപോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ പ്രതിദിനം 40,000നും 50,000നും ഇടയില്‍ രോഗികളാണ് രാജ്യത്ത് റിപോര്‍ട്ട് ചെയ്യുന്നത്.

അതേസമയം, രാജ്യത്ത് ഇന്നലെ 40,134 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 422 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.ഇന്നലെ 36,946പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

നിലവില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളത് 4,13,718 രോഗികളാണ്. പുതുതായി 40,134 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,16,95,958 ആയി.

Next Story

RELATED STORIES

Share it