Sub Lead

ആവിക്കൽ സമരത്തിന് പിന്നിൽ മത തീവ്രവാദികളും അർബന്‍ മാവോയിസ്റ്റുകളും; ജനകീയ സമരത്തെ ആക്ഷേപിച്ച് പി മോഹനൻ

മാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പോലിസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്.

ആവിക്കൽ സമരത്തിന് പിന്നിൽ മത തീവ്രവാദികളും അർബന്‍ മാവോയിസ്റ്റുകളും; ജനകീയ സമരത്തെ ആക്ഷേപിച്ച് പി മോഹനൻ
X

കോഴിക്കോട്: കോഴിക്കോട് ആവിക്കൽ തോട് ജനകീയ സമരത്തെ ആക്ഷേപിച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ. സമരത്തിന് പിന്നിൽ മത തീവ്രവാദികൾക്കൊപ്പം അർബന്‍ മാവോയിസ്റ്റുകളുമുണ്ടെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. എന്നാൽ പി മോഹനന്റെ പരാമർശത്തിനെതിരേ ആവിക്കലിലെ ജനങ്ങൾ തന്നെ രൂക്ഷവിമർശനവുമായി രം​ഗത്തുവന്നു.

ആവിക്കലില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്‍റിനെതിരായ സമരത്തിന് പിന്നിൽ തീവ്രവാദ സംഘടനകളെന്നായിരുന്നു മന്ത്രി എം വി ഗോവിന്ദന്‍റെ നിയമസഭയിലെ ആരോപണം. ഇതിന് പിന്നാലെയാണ് സമരത്തിന് പിന്നില്‍ അര്‍ബന്‍ മാവോയിസ്റ്റുകളെന്ന ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ രംഗത്തെത്തിയത്.

ഇന്നലെ ആവിക്കൽ സമരം സന്ദർശിക്കാനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായി എത്തിയ പുരോ​ഗമന യുവജന പ്രസ്ഥാനം നേതാക്കളെ പോലിസ് കസ്റ്റഡിയിൽ എടുക്കുകയും കരുതൽ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ എടുത്തിരുന്നു. ദേശീയ തലത്തില്‍ ബിജെപി ഉന്നയിച്ചുവരുന്ന അതേ പ്രയോഗം ഏറ്റെടുത്തുളള പി മോഹനന്‍റെ ആരോപണം സമരത്തെ ദുർബലപ്പെടുത്താനുള്ള സിപിഎം നീക്കമാണെന്ന വിമർശനം വ്യാപകമാണ്.

മാലിന്യ പ്ലാന്‍റിനെതിരായ സമരം പൊളിക്കാൻ സിപിഎമ്മും പോലിസും ചേർന്ന് നടത്തുന്ന നാടകമാണ് മാവോയിസ്റ്റ് ആരോപണമെന്നാണ് സമരസമിതി പറയുന്നത്. സമരസ്ഥലത്ത് നിന്ന് പിടികൂടിയവരെ അറിയില്ലെന്നും സമരസമിതി പറഞ്ഞു. സി പി നഹാസ്, ഷനീർ, ഭഗത് ദിൻ എന്നിവരെയാണ് വെള്ളയിൽ പോലിസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. സമരസമിതി തങ്ങളെ ക്ഷണിച്ചിട്ടില്ല, ചിത്രങ്ങൾ പകർത്താനും മറ്റുമായി എത്തിയതെന്നാണ് ഇവർ മൊഴി നൽകിയത്.

ആവിക്കല്‍ തോടിലെ ജനവാസ മേഖലയില്‍ കക്കൂസ് മാലിന്യ സംസ്കരണ പ്ളാന്‍റ് സ്ഥാപിക്കുന്നതിനെതിരേ ഒരു മാസത്തോളമായി സമീപവാസികള്‍ സമരത്തിലാണ്. മണ്ണ് പരിശോധന ഉൾപ്പടെയുളള പ്രാഥമിക ജോലികള്‍ പ്രക്ഷോഭകരുടെ ചെറുത്ത് നില്‍പ്പിനിടെ പൂര്‍ത്തിയാക്കിയിരുന്നു. ഇനി ഉദ്യോഗസ്ഥരും തൊഴിലാളികളും പദ്ധതി പ്രദേശത്തേക്ക് നേരിട്ട് ഉടനെത്തില്ല. പ്ലാൻ തയ്യാറാക്കി നിർമാണഘട്ടത്തിലേക്ക് നീങ്ങാനുളള രേഖകള്‍ തയ്യാറാക്കുന്ന നടപടികളിലേക്ക് കോര്‍പറേഷന്‍ കടന്നു.

സമാനമായ പദ്ധതി കോതിയിലും കോര്‍പറേഷൻ തുടങ്ങും. ഇതിന്‍റെ പ്രാരംഭ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്. എന്നാല്‍ ഇതുള്‍പ്പടെ കല്ലായി പുഴയോരത്ത് സ്ഥാപിക്കുന്ന പദ്ധതിക്കെതിരേയും ശക്തമായ പ്രതിഷേധം നടത്താനാണ് നാട്ടുകാരുടെ തീരുമാനം. നിലവിൽ മേഖലയിലെ പൗരാവകാശ പ്രവർത്തകർ പദ്ധതിക്കെതിരേ ബോധവൽകരണ പ്രവർത്തനം നട്ടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it