Sub Lead

മന്ത്രിയെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയത് അസാധാരണ നടപടി; ഇ ഡിക്കെതിരേ വിമര്‍ശനവുമായി സിപിഎം

മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി.

മന്ത്രിയെ ചോദ്യം ചെയ്തത് പരസ്യപ്പെടുത്തിയത് അസാധാരണ നടപടി; ഇ ഡിക്കെതിരേ വിമര്‍ശനവുമായി സിപിഎം
X

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്ത നടപടി പരസ്യപ്പെടുത്തിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്് (ഇഡി) നടപടിക്കെതിരേ നിശിതവിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ കുറ്റപ്പെടുത്തി. വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്നു കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തത് ദുരൂഹമാണെന്നും രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജന്‍സിയാണ് ഇ ഡി എന്നതും പ്രസക്തമാണെന്നും സിപിഎം വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

ഇ ഡി വിവരങ്ങള്‍ തേടി എന്നതിന്റെ പേരില്‍ മന്ത്രി ജലീല്‍ രാജിവെയ്ക്കണമെന്ന കോണ്‍ഗ്രസ്സിന്റെയും ബിജെപിയുടെയും ആവശ്യം രാഷ്ട്രീയപ്രേരിതമാണ്. കോണ്‍ഗ്രസ്സ് ബിജെപിയുടെ ബി ടീം തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്.

ബിജെപിയുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഇ ഡി ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രം ഉപയോഗിക്കുന്നുവെന്ന് പ്രഖ്യാപിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഭാഗം തന്നെയാണോ കേരളത്തിലുള്ളതെന്ന് വ്യക്തമാക്കേണ്ടത് അഖിലേന്ത്യാ കോണ്‍ഗ്രസ്സ് നേതൃത്വമാണ്.

രാജസ്ഥാന്‍ ഗതാഗത മന്ത്രി പ്രതാപ് സിംഗ് കചര്യവാസനെ ഓഗസ്റ്റ് മാസത്തില്‍ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തത് മുല്ലപ്പളളിയും സംഘവും അറിഞ്ഞമട്ടില്ല. മന്ത്രിമാരെയും എം എല്‍ എ മാരെയും ഇ ഡി അടക്കമുള്ള ഏജന്‍സികള്‍ വേട്ടയാടിയെന്ന് നിയമസഭയില്‍ പറഞ്ഞത് രാജസ്ഥാന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടാണ്. ഗെഹ്‌ലോട്ടിന്റെ സഹോദരനെ ചോദ്യം ചെയ്യുക മാത്രമല്ല അദ്ദേഹത്തിന്റെ വീട് റെയ്ഡും ചെയ്തു.

മതില്‍ ചാടി കടന്നാണ് സിബിഐ ചിദംബരത്തെ അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ചുമത്തിയ കേസില്‍ റിമാന്റ് ചെയ്യപ്പെട്ട ശിവകുമാറിനെ ജയില്‍ വിമോചിതനായപ്പോള്‍ കര്‍ണ്ണാടക പിസിസി പ്രസിഡന്റാക്കിയതും ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. റോബര്‍ട്ട് വാദ്രയെ 12 പ്രാവശ്യമായി 70 മണിക്കൂറിലധികവും അഹമ്മദ് പട്ടേലിനെ നാലു തവണയായി 25 മണിക്കൂറിലധികവും ആണ് ഇ ഡി ചോദ്യം ചെയ്തത്. അന്ന്, എന്‍ഫോഴ്‌സ്‌മെന്റ് രഷ്ട്രീയ ആയുധമെന്നു പറഞ്ഞ പാര്‍ടിയുടെ കേരള ഘടകം ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബിജെപി തന്നെയായി മാറിയിരിക്കുന്നു.

സ്വര്‍ണ്ണക്കടത്ത് കേസ് മുതല്‍ ഉയര്‍ന്ന എല്ലാ പ്രശ്‌നങ്ങളിലും എത് ഏജന്‍സി വേണമെങ്കിലും അന്വേഷിച്ചോട്ടെ എന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. മറ്റു ചില സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യുന്നതു പോലെ അന്വേഷണ ഏജന്‍സികളെ തടയുന്ന സമീപനവും എല്‍ ഡി എഫ് സര്‍ക്കാരിനില്ല. ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന ഉറച്ച ബോധ്യം തന്നെയാണ് ഈ നിലപാടില്‍ പ്രതിഫലിക്കുന്നത്. എന്നാല്‍, വിവാദമായ നയതന്ത്ര ബാഗേജുകള്‍ അയച്ചവരേയും കൈപ്പറ്റിയവരേയും ചോദ്യം ചെയ്യാന്‍ പോലും മൂന്നു കേന്ദ്ര ഏജന്‍സികളും തയ്യാറാകാത്തത് ദുരൂഹമാണ്.

നയതന്ത്ര ബാഗേജ് വഴി നിരവധി തവണ സ്വര്‍ണ്ണം കടത്തിയെന്ന് കോടതിയില്‍ പറഞ്ഞ ഏജന്‍സികള്‍ തന്നെ ഇവരെ അന്വേഷണ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതും സംശയാസ്പദമാണ്. ഇ ഡിയുടെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ധൃതിപിടിച്ച് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കുകയുണ്ടായി. ഇന്നലെ മന്ത്രി ജലീലില്‍ നിന്നും വിവരം തേടിയ വിവരം ഡല്‍ഹിയില്‍ ഇ ഡി മേധാവി തന്നെ പരസ്യപ്പെടുത്തിയ നടപടി അസാധാരണമാണ്. രാജ്യവ്യാപകമായി രാഷട്രീയമായി ഉപയോഗിക്കുന്നുവെന്ന ആക്ഷേപമുള്ള ഏജന്‍സിയാണ് ഇ ഡി എന്നതും പ്രസക്തം.

ബിജെപി അനുകൂല ചാനലിന്റെ കോര്‍ഡിനേറ്റിങ് എഡിറ്ററെ ചോദ്യം ചെയ്തതിനു ശേഷം തുടര്‍ നടപടികളില്ലാത്തതും കസ്റ്റംസ് സംഘത്തിലുണ്ടായ മാറ്റങ്ങളും ജനങ്ങളില്‍ സംശയം സൃഷ്ടിച്ചിട്ടുണ്ട്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ഫൈസല്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതില്‍ വിദേശ മന്ത്രാലയവും കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നത്. എന്‍ഐഎയും കസ്റ്റംസിനേയും നിഷേധിച്ച് നയതന്ത്ര ബാഗേജല്ല എന്ന നിലപാട് തുടര്‍ച്ചയായി സ്വീകരിച്ച വി മുരളീധരന്‍ ഈ വകുപ്പിലെ സഹമന്ത്രിയാണെന്നതും ഇതിനു കാരണമായിരിക്കാം.

അതു കൊണ്ട് തന്നെ നിഷ്പക്ഷമായ അന്വേഷണം നടത്തി രാജ്യദ്രോഹക്കുറ്റം ആരോപിച്ച കേസില്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കുറ്റവാളികളെ രക്ഷപ്പെടുത്തുന്നതിനും സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിച്ചു വിടുന്നതിനുമായി യുഡിഎഫ് ബി ജെ പി സഖ്യം നടത്തുന്ന രാഷ്ട്രീയ നീക്കം ജനങ്ങള്‍ തിരിച്ചറിയുക തന്നെ ചെയ്യും.

മുസ്‌ലിം ലീഗിന്റെ എംഎല്‍എ കമറുദ്ധീനെതിരെ ഉയര്‍ന്ന 150 കോടിയില്‍പരം രൂപയുടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ് നാടിനെ ഞെട്ടിച്ചതാണ്. വഖഫ് ഭൂമി തിരിമിറി നടത്തിയതിലും നിക്ഷേപ തട്ടിപ്പിലും എംഎല്‍എയ്ക്കുള്ള പങ്ക് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ഇത് മൂടിവയ്ക്കാനും വഴിതിരിച്ചു വിടാനുമാണ് മന്ത്രി കെ ടി ജലീലിന്റെ പേരുപറഞ്ഞ് യുഡിഎഫ് അക്രമവും കലാപവും സൃഷ്ടിച്ച് രംഗത്ത് വരുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് വാര്‍ത്താക്കുറിപ്പിലൂടെ ആരോപിച്ചു.

Next Story

RELATED STORIES

Share it