Sub Lead

'പാര്‍ട്ടിക്കാരനെന്ന് പറഞ്ഞിട്ടും തല്ലി'; നവകേരളസദസ്സിനിടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു

പാര്‍ട്ടിക്കാരനെന്ന് പറഞ്ഞിട്ടും തല്ലി; നവകേരളസദസ്സിനിടെ മര്‍ദ്ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു
X

കൊച്ചി: നവകേരള സദസ്സിനിടെ മര്‍ദ്ദനമേറ്റ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം പാര്‍ട്ടി വിട്ടു. തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മറ്റിയംഗം റയീസാണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. താന്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകനാണെന്നും പാര്‍ട്ടിക്കാരനെന്ന് പറഞ്ഞിട്ടും തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നും റയീസ് ആരോപിച്ചു. കൈക്കും തലയ്ക്കും മര്‍ദ്ദനമേറ്റ പരിക്കുകളോടെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. നവകേരള സദസ്സിനിടെ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും പോലിസ് നോക്കിനില്‍ക്കുകയായാണെന്നും അദ്ദേഹം ആരോപിച്ചു. ഫോണ്‍കോള്‍ വന്നതിനെ തുടര്‍ന്ന് പുറത്തിറങ്ങിയ തന്നെ അഞ്ചുപേര്‍ തടയുകയും ഫോണ്‍ പരിശോധിച്ച ശേഷം വിട്ടയക്കുകയും ചെയ്തു. തുടര്‍ന്ന് പുറത്തേക്ക് നീങ്ങിയ തന്നെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്നും റയീസ് ആരോപിച്ചു. ലഘുലേഖ വിതരണം ചെയ്ത പ്രതിഷേധക്കാര്‍ക്ക് സമീപമിരുന്നതാണ് തന്നെ മര്‍ദ്ദിക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല, മര്‍ദനമേറ്റ തനിക്കെതിരേ കേസെടുത്തതായും റയീസ് പറഞ്ഞു. ബ്രാഞ്ച് സെക്രട്ടറിയാണ് പോലിസ് സ്‌റ്റേഷനില്‍നിന്ന് തന്നെ പുറത്തിറക്കാന്‍ എത്തിയത്. കൈയ്ക്കും തലയ്ക്കുമുള്‍പ്പെടെ പരിക്കുണ്ട്. കൊച്ചി മറൈന്‍ ഡ്രൈവിലെ നവകേരള സദസ്സ് വേദിക്ക് സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍(ഡിഎസ്എ) പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. പരിപാടി നടക്കുന്ന സദസ്സില്‍ ഇവര്‍ക്കു സമീപമാണ് റയീസ് ഇരുന്നിരുന്നത്. എറണാകുളം ജില്ലയിലെ രണ്ടാം ദിവസ പര്യടനത്തിന്റെ സമാപനവേദിയായ മറൈന്‍ ഡ്രൈവില്‍ വെള്ളിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി എത്തുന്നതിനു മുമ്പാണ് സംഭവം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.

Next Story

RELATED STORIES

Share it