Sub Lead

സിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി

യുഡിഎഫ് കണ്ണൂര്‍ മണ്ഡലം കണ്‍വീനറായ കെ പി താഹിറിനെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

സിപിഎം ബാന്ധവം: കെ പി താഹിറിനെയും എം പി എ റഹീമിനെയും മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി
X

കണ്ണൂര്‍: സ്വാതന്ത്ര്യദിനത്തില്‍ സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച് സെമിനാര്‍ നടത്തിയ സംഭവത്തില്‍ തുടര്‍ച്ചയായ അച്ചടക്കലംഘനം ആരോപിച്ച് മുസ് ലിം ലീഗ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് കെ പി താഹിറിനെയും എം പി എ റഹീമിനെയും നീക്കി. കണ്ണൂരില്‍ പുതുതായി രൂപീകരിച്ച മുസ് ലിം സാംസ്‌കാരികവേദി എന്ന സംഘടനയുമായി മുസ് ലിം ലീഗ് ജില്ലാ കമ്മറ്റിക്കോ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ യാതൊരു ബന്ധവുമില്ലെന്ന് മുസ് ലിം ലീഗ് ജില്ലാ ഭാരവാഹികളുടെ യോഗം വ്യക്തമാക്കി. പാര്‍ട്ടിയുടെ അംഗീകാരമില്ലാത്തതും പാര്‍ട്ടിയുടെ നയപരിപാടികളും കര്‍മ്മ പദ്ധതികളും സമാന രീതിയില്‍ നടപ്പിലാക്കുന്നതുമായ സാമുഹ്യ സാംസ്‌കാരിക സന്നദ്ധ സംഘടനകളുമായി മുസ് ലിം ലീഗ് നേതാക്കളും ഭാരവാഹികളും പ്രവര്‍ത്തകരും സഹകരിക്കരുതെന്ന് യോഗം കര്‍ശന നിര്‍ദ്ദേശം നല്‍കി.


കെ പി താഹിര്‍

കെ പി താഹിര്‍

നേരത്തെയുള്ള പ്രസ്തുത തീരുമാനം ലംഘിക്കുകയും ഗുരുതരമായ അച്ചടക്ക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറിമാരായ കെ പി താഹിര്‍, എം പി എ റഹീം എന്നിവരെ തിരഞ്ഞെടുക്കപ്പെട്ട എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും നീക്കം ചെയ്യാനും തുടര്‍ന്ന് യുക്തമായ അച്ചടക്ക നടപടികള്‍ സ്വീകരിക്കുവാന്‍ സംസ്ഥാന പ്രസിഡന്റിനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. യു.ഡി.എഫ് കണ്ണൂര്‍ മണ്ഡലം കണ്‍വീനറായ കെ.പി. താഹിറിനെ പ്രസ്തുത സ്ഥാനത്ത് നിന്നും നീക്കം ചെയ്തു.

ഇക്കഴിഞ്ഞ ആഗസ്ത് 15നാണ് കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സെമിനാര്‍ നടത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസാണ് ഉദ്ഘാടനം ചെയ്തത്. എംവി ജയരാജന്‍ മുഖ്യപ്രഭാഷണം നടത്തി. നേരത്തേ താഹിര്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുല്ലക്കുട്ടിയെ ദേശീയ ഹജ്ജ് ചെയര്‍മാനായി നിയമിച്ചപ്പോള്‍ ഇഫ്താര്‍ വിരുന്നൊരുക്കുകയും പൊന്നാട അണിയിക്കുകയും ചെയ്ത സംഭവത്തില്‍ പാര്‍ട്ടി താക്കീത് നല്‍കിയിരുന്നു. എല്‍ഡിഎഫ് ചെയര്‍മാന്‍ ഇ പി ജയരാജന്‍ മുസ് ലിം ലീഗിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്തതിനു പിന്നാലെ കണ്ണൂരില്‍ സിപിഎം നേതാക്കളെ പങ്കെടുപ്പിച്ച മുസ് ലിം ലീഗ് നേതാക്കളുടെ സെമിനാര്‍ പാര്‍ട്ടിയില്‍ ഏറെ ചര്‍ച്ചയായിരുന്നു. മുസ് ലിം ലീഗ് ജില്ലാ സെക്രട്ടറി കെ പി താഹിര്‍ ചെയര്‍മാനും ജോയിന്റ് സെക്രട്ടറി എം പി എ റഹീം കണ്‍വീനറുമായ മുസ് ലിം സാംസ്‌കാരിക വേദി നടത്തിയ സ്വാതന്ത്ര്യദിന സെമിനാറിലാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചത്. ഇവര്‍ക്കു പുറമെ വഖ്ഫ് ബോര്‍ഡ് അംഗവും ജില്ലയിലെ പ്രമുഖ ലീഗ് നേതാവുമായ അഡ്വ. പി.വി. സൈനുദ്ധീന്‍, മുസ് ലിം ലീഗ് കണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് ഫാറൂഖ് വട്ടപ്പൊയില്‍, ഖജാഞ്ചി പി സി അഹമ്മദ് കുട്ടി തുടങ്ങിയവരെല്ലാം വേദിയിലുണ്ടായിരുന്നു. ഈയിടെ മുസ് ലിം ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഡ്വ. കെ മുഹമ്മദലിയും താഹിറും ഉള്‍പ്പെടെയുള്ളവരാണ് മന്ത്രി മുഹമ്മദ് റിയാസിനെയും എം വി ജയരാജനെയും മറ്റും സ്വീകരിക്കാനും പരിപാടിക്ക് നേതൃത്വം നല്‍കാനും മുന്‍പന്തിയിലുണ്ടായിരുന്നത്. ന്യൂനപക്ഷ സമുദായങ്ങളെ പാര്‍ട്ടിയുമായി അടുപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിപിഎം വിവിധ മുസ് ലിം പേരുകളില്‍ സംഘടനകള്‍ രൂപീകരിച്ച് സെമിനാറുകളും മറ്റും സംഘടിപ്പിക്കാറുണ്ട്.

എംപിഎ റഹീം

എംപിഎ റഹീം

നേരത്തേ, കണ്ണൂരില്‍ തന്നെ ന്യൂനപക്ഷ സമ്മേളനം നടത്തി നിസ്‌കാരപ്പായ വിരിക്കുകയും സാംസ്‌കാരിക സമ്മേളനം നടത്തുകയും ചെയ്തത് ഏറെ ചര്‍ച്ചയായിരുന്നു. ലീഗ് ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനിടെ, മുസ് ലിം ലീഗ് നേതാക്കള്‍ നടത്തിയ സെമിനാറിലാണ് സിപിഎം നേതാക്കളെ പങ്കെടുപ്പിച്ചത് എന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. മുസ് ലി ലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി സെമിനാറില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. മുസ് ലിം സാംസ്‌കാരിക വേദിക്ക് മുസ് ലിം ലീഗുമായി ബന്ധമില്ലെന്നും പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് സംഘാടകരെ അറിയിച്ചിരുന്നതായും മുസ് ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി തേജസ് ഓണ്‍ലൈനിനോട് അന്നുതന്നെ വ്യക്തമാക്കിയിരുന്നു.

മുസ് ലിം ലീഗ് ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് പി കുഞ്ഞി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. അബ്ദുല്‍ കരീം ചേലേരി, സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ കല്ലായി, ജില്ലാ ഭാരവാഹികളായ വി പി വമ്പന്‍, അഡ്വ. എസ് മുഹമ്മദ്, എന്‍ എ അബൂബക്കര്‍, ടി എ തങ്ങള്‍, കെ വി മുഹമ്മദലി, ഇബ്രാഹിം മുണ്ടേരി, കെ ടി സഹദുല്ല, അഡ്വ. കെ എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, അന്‍സാരി തില്ലങ്കേരി പങ്കെടുത്തു.

Next Story

RELATED STORIES

Share it