Sub Lead

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കും

ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ എടുക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും സെക്രട്ടേറിയറ്റിന്റെ അജണ്ടയിലുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും; രാജ്യസഭാ സ്ഥാനാര്‍ഥികളെ തീരുമാനിക്കും
X

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. സിപിഎമ്മിന്റെ രാജ്യസഭ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കും. ഒഴിവു വരുന്ന മൂന്നില്‍ രണ്ടു സീറ്റുകളും സിപിഎം തന്നെ എടുക്കാനാണ് സാധ്യത. നിയമസഭാ തിരഞ്ഞെടുപ്പ് അവലോകനവും സെക്രട്ടേറിയറ്റിന്റെ അജണ്ടയിലുണ്ട്.

നിയമസഭയിലെ കക്ഷിനില അനുസരിച്ച് ഒഴിവുവരുന്ന മൂന്നില്‍ രണ്ടു സീറ്റില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാം. ഇടതു സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പ്, സിപിഎം കേന്ദ്രക്കമ്മിറ്റി അംഗവും കിസാന്‍ സഭ ജോയിന്റ് സെക്രട്ടറിയുമായ വിജു കൃഷ്ണന്‍, സിപിഎം സംസ്ഥാന സമിതി അംഗം ഡോ. വി ശിവദാസന്‍ എന്നിവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്.

ധനമന്ത്രി തോമസ് ഐസക്ക്, കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് എന്നിവരുടെ പേരും പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ സ്ഥാനമൊഴിയുന്ന കെ കെ രാഗേഷിന് ഒരു ടേം കൂടി നല്‍കണമെന്ന അഭിപ്രായവും ഉയര്‍ന്നിട്ടുണ്ട്. കര്‍ഷകസമരത്തില്‍ നടത്തിയ ഇടപെടലുകളാണ് രാഗേഷിന് വേണ്ടി വാദിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്.

രാവിലെ പത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം. വോട്ടെടുപ്പിന് ശേഷം ആദ്യമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചേരുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിശദമായ ചര്‍ച്ചയും സെക്രട്ടേറിയറ്റില്‍ നടക്കും. കെ ടി ജലീലിന്റെ രാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം ഇടതുമുന്നണിയും ഇന്നു ചേരുന്നുണ്ട്. അതിന് ശേഷമാകും സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

Next Story

RELATED STORIES

Share it