Big stories

'മാന്‍ഡസ്' ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ഒമ്പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

മാന്‍ഡസ് ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടും; ഒമ്പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
X

ചെന്നൈ: തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടയില്‍ രൂപംകൊണ്ട തീവ്രന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. 'മാന്‍ഡസ'് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് മണിക്കൂറില്‍ 85 കിലോമീറ്റര്‍ വേഗത്തില്‍ ഇന്ന് വടക്കന്‍ തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. നിലവില്‍ ചെന്നൈയില്‍ നിന്നു 700 കിലോമീറ്റര്‍ അകലെയായി സ്ഥിതിചെയ്യുന്ന ചുഴലിക്കാറ്റ് പടിഞ്ഞാറു- വടക്കുപടിഞ്ഞാറു ദിശയില്‍ നീങ്ങി. ഇന്ന് അര്‍ധരാത്രിയോടെ പുതുച്ചേരിയിലും ആന്ധ്രയുടെ തെക്കന്‍ തീരങ്ങളിലുമെത്തും.

തമിഴ്‌നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ടും ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും, ആന്ധ്രപ്രദേശിന്റെ തെക്കന്‍ തീരത്തും ഞായറാഴ്ച വരെ കനത്ത മഴയ്ക്ക് ചുഴലിക്കാറ്റ് ഇടയാക്കും. സംസ്ഥാനത്ത് ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം എന്നീ മൂന്ന് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കടലൂര്‍, മയിലാടുതുറൈ, നാഗപട്ടണം, തിരുവാരൂര്‍, തഞ്ചാവൂര്‍, പുതുക്കോട്ട ജില്ലകളില്‍ വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഡിസംബര്‍ 9, 10 തിയ്യതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാവുമെന്ന് ഐഎംഡി മുന്നറിയിപ്പ് നല്‍കി. ആളുകളെ ഒഴിപ്പിച്ചതിനു പിന്നാലെ വടക്കന്‍ തീരദേശങ്ങളില്‍ 5000 പുനരധിവാസക്യാംപുകള്‍ തുറന്നതായി സര്‍ക്കാര്‍ അറിയിച്ചു. ചെന്നൈയില്‍ 35 അംഗ ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു. നാഗപട്ടണത്തു ജനങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 100 കേന്ദ്രങ്ങള്‍ തയ്യാറാക്കി. ആര്‍ക്കോണത്തു നിന്നുള്ള ദേശീയ ദുരന്തനിവാരണ സേനയുടെ ഒരു യൂനിറ്റ് പുതുച്ചേരിയില്‍ വിന്യസിച്ചു. മാന്‍ഡസ് തീരത്തേക്ക് അടുത്തുതുടങ്ങിയതോടെ ചെന്നൈ ഉള്‍പ്പെടുന്ന വടക്കന്‍ തമിഴ്‌നാടിന്റെ വിവിധയിടങ്ങളില്‍ മഴ തുടങ്ങി.

2016ല്‍ ആഞ്ഞുവീശിയ വാര്‍ധയെ പോലെ ചെന്നൈ നഗരത്തിലേക്ക് ചുഴലിക്കാറ്റ് എത്തുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തോടൊപ്പം സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് തമിഴ്‌നാട് റവന്യൂവകുപ്പ്. എല്ലാ ജില്ലാ ഭരണകൂടങ്ങളുടെയും കീഴില്‍ പമ്പുകളും മറ്റ് യന്ത്രങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

ഏത് സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്തനിവാരണ സേനയുടെയും സംസ്ഥാന ദുരന്തനിവാരണ സേനയുടെയും ടീമുകള്‍ എല്ലാ ജില്ലാ കളക്ടറേറ്റുകളിലും സജ്ജമാണ്. ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് ആലോചിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ഗുണഭോക്താക്കളുടെ യോഗം ചേര്‍ന്നു. ഏത് പ്രതികൂല സാഹചര്യങ്ങളെയും നേരിടാന്‍ തയ്യാറായിരിക്കാന്‍ വിമാനത്താവളത്തിലെ എല്ലാ വിഭാഗങ്ങളോടും നിര്‍ദേശിച്ചതായി എയര്‍പോര്‍ട്ട് ഡയറക്ടര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it