Sub Lead

യുപി സര്‍ക്കാര്‍ പരിപാടിയില്‍ ഖവാലി വിലക്കിയെന്ന് നര്‍ത്തകി മഞ്ജരി ചതുര്‍വേദി

യുപി സര്‍ക്കാര്‍ പരിപാടിയില്‍ ഖവാലി വിലക്കിയെന്ന് നര്‍ത്തകി മഞ്ജരി ചതുര്‍വേദി
X

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ സൂഫി ഖവാലി അവതരണം തടസ്സപ്പെടുത്തിയെന്ന് ആരോപണം. യുപി സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രി സംഘടിപ്പിച്ച പരിപാടിക്കിടെ സൂഫി ഭക്തിഗാനത്തോടെയുള്ള ഖവാലി അവതരണം തുടങ്ങിയപ്പോള്‍ മ്യൂസിക് ഓഫ് ചെയ്യുകയായിരുന്നുവെന്ന് നര്‍ത്തകി മഞ്ജരി ചതുര്‍വേദി പറഞ്ഞു. സാങ്കേതിക പ്രശ്‌നമായിരിക്കുമെന്നാണ് താന്‍ ആദ്യം കരുതിയതെന്നും എന്നാല്‍ പെട്ടെന്ന് തന്നെ അടുത്ത പരിപാടിയെ കുറിച്ച് അനൗണ്‍സ് ചെയ്യുകയുമായിരുന്നുവെന്ന് മഞ്ജരി പറഞ്ഞു. സാങ്കേതിക പ്രശ്‌നമല്ലെന്ന് മനസ്സിലായതോടെ ഇക്കാര്യത്തെ കുറിച്ച് സംഘാടകരോട് ചോദിച്ചു. ഇവിടെ ഖവാലി വേണ്ടെന്നായിരുന്നു മറുപടിയെന്നും മഞ്ജരി വാര്‍ത്താ മാധ്യമങ്ങളോട് പറഞ്ഞു. കോമണ്‍വെല്‍ത്ത് പാര്‍ലമെന്ററി അസോസിയേഷന്‍ സമ്മേളനത്തിനു വേണ്ടി യുപി നിയമസഭാ സ്പീക്കര്‍ നടത്തിയ അത്താഴവിരുന്നിലാണ് സംഭവം. ഇന്നത്തെ ഷോ എന്റെ ജീവിതത്തില്‍ എന്നെന്നും ഓര്‍മിക്കപ്പെടും, വിശദവിവരങ്ങള്‍ പിന്നീട് പറയാം എന്ന് ഫേസ്ബുക്കിലൂടെ പോസ്റ്റ് ചെയ്താണ് നര്‍ത്തകി മഞ്ജരി ചതുര്‍വേദി ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.

മുക്കാല്‍ മണിക്കൂറാണ് മഞ്ജരിക്ക് സമയം അനുവദിച്ചിരുന്നത്. എന്നാല്‍, ഖവാലി അവതരിപ്പിക്കാന്‍ തുടങ്ങിയതോടെ ഇടയ്ക്കു വച്ച് തടസ്സപ്പെടുത്തുകയായിരുന്നു. എന്റെ രണ്ടു ദശകത്തിലെ സംഗീതജീവിതത്തിനിടെ ഇതുവരെ ഇത്തരമൊരു അനുഭവം ഉണ്ടായിരുന്നില്ലെന്നും മഞ്ജരി പ്രതികരിച്ചു. എന്നാല്‍, ആരോപണങ്ങള്‍ സര്‍ക്കാര്‍ വക്താവ് നിഷേധിച്ചതായി എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു. അവരെ ക്ഷണിച്ചത് രംഗെ ഇഷ്ഖ് എന്ന് പേരിട്ട പരിപാടിക്കാണെന്ന് യുപി സര്‍ക്കാരിനറിയാം. വ്യാഴാഴ്ച നഗരത്തില്‍ കനത്ത മഴയുണ്ടായിരുന്നു. പ്രതിനിധികളെല്ലാം ഒരു മണിക്കൂറോളം വൈകി രാത്രി 8.45നാണു വേദിയിലെത്തിയത്. അതിനാല്‍ എല്ലാവരുടെയും പരിപാടിയുടെ സമയം കാല്‍ മണിക്കൂറാക്കി വെട്ടിക്കുറക്കുകയായിരുന്നു. മഞ്ജരി ചതുര്‍വേദി ഒരു പരിപാടി അവതരിപ്പിച്ച ശേഷം സമയം കഴിഞ്ഞതിനാലാണ് നിര്‍ത്തിയതെന്നും സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

അതേസമയം ഉച്ചയ്ക്കു ശേഷം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍, ഈ വര്‍ഷം ജനുവരി 27 ന് നടക്കുന്ന ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഖവാലി അവതരിപ്പിക്കാന്‍ യുപി സര്‍ക്കാര്‍ അധികൃതര്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുക്കുമെന്നും മഞ്ജരി ചതുര്‍വേദി വ്യക്തമാക്കി. പരിസ്ഥിതി ശാസ്ത്രത്തില്‍ പിജി നേടിയ മഞ്ജരി ചതുര്‍വേദി സൂഫി കഥക് നൃത്തരംഗത്ത് അറിയപ്പെടുന്ന നര്‍ത്തകിയും ലോകത്തിന്റെ വിവിധ സ്ഥലങ്ങളില്‍ 200ഓളം പരിപാടികള്‍ നടത്തുകയും ചെയ്തിട്ടുണ്ട്.




Next Story

RELATED STORIES

Share it