Sub Lead

ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും

150 മില്യണ്‍ യൂറോ (206.5 മില്ല്യണ്‍ ഡോളറിന്റെ) കരാറിലാണ് ഡേവിഡ് ബെക്കാം ഒപ്പുവച്ചതെന്നാണ് ദ സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

ഡേവിഡ് ബെക്കാം 2022 ഖത്തര്‍ ലോകകപ്പിന്റെ അംബാസഡറാവും
X

ദോഹ: ലോകമാകെ നിരവധി ആരാധകരുള്ള മുന്‍ ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം ക്യാപ്റ്റന്‍ ഡേവിഡ് ബെക്കാം അടുത്ത പത്തു വര്‍ഷത്തേക്ക് ഖത്തറിന്റെ അംബാസഡറാകാന്‍ ധാരണയിലെത്തിയതായി റിപോര്‍ട്ട്. പത്ത് വര്‍ഷത്തെ കരാര്‍ പ്രകാരം മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ അടുത്ത മാസം ഖത്തര്‍ ലോകകപ്പിന്റെ മുഖമാകുമെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. 150 മില്യണ്‍ യൂറോ (206.5 മില്ല്യണ്‍ ഡോളറിന്റെ) കരാറിലാണ് ഡേവിഡ് ബെക്കാം ഒപ്പുവച്ചതെന്നാണ് ദ സണ്‍ ഉള്‍പ്പെടെയുള്ള ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്.

എന്നാല്‍, ബെക്കാമുമായുള്ള കരാര്‍ തുകയുടെ കണക്ക് പര്‍വ്വതീകരിച്ചതാണെന്നും റിപോര്‍ട്ടുണ്ട്. ഇത് പര്‍വ്വതീകരിച്ച വാര്‍ത്തയാണെന്നും കരാറിന്റെ യഥാര്‍ത്ഥ തുക കുറവാണെന്നും ലോകകപ്പ് സംഘാടകവൃത്തങ്ങള്‍ അറിയിച്ചു.

സൂക്ക് വാഖിഫും മുശൈരിബുമടക്കമുള്ള ഖത്തറിലെ സ്ഥലങ്ങളില്‍ ബെക്കാം ഈയിടെ സന്ദര്‍ശനം നടത്തിയിരുന്നു. സുപ്രിം കമ്മിറ്റി അംഗങ്ങളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതിനു പിന്നാലെയാണ് കരാര്‍ വാര്‍ത്ത പുറത്തുവന്നത്. ഖത്തര്‍ പൗരനായ പിഎസ്ജി ഉടമ നാസര്‍ അല്‍ ഖലൈഫിയുമായി മികച്ച ബന്ധമാണ് ബെക്കാമിനുള്ളത്. ഈ ബന്ധവും ബെക്കാമിനെ തിരഞ്ഞെടുക്കുന്നതിനെ സ്വാധീനിച്ചതായാണ് റിപോര്‍ട്ട്. 2022 ല്‍ ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന്റെ മുഖമായി അദ്ദേഹം മാറും. കരാറിന്റെ ഭാഗമായി ബെക്കാം രാജ്യത്തിന്റെ ടൂറിസവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കും.

എന്നാല്‍, ഖത്തറിന്റെ മനുഷ്യാവകാശരേഖയും വിദേശ തൊഴിലാളികളോടും എല്‍ജിബിടിക്യു സമൂഹത്തോടുമുള്ള പെരുമാറ്റവും ചൂണ്ടിക്കാട്ടി പലരും ഇടപാടില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.

ഖത്തറിന്റെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് പഠിക്കാന്‍ ബെക്കാമിനോട് ആംനസ്റ്റി ഇന്റര്‍നാഷണല്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'ഡേവിഡ് ബെക്കാം ഇത്രയും വലിയൊരു ഫുട്‌ബോള്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നതില്‍ അതിശയിക്കാനില്ല, പക്ഷേ ഖത്തറിലെ മനുഷ്യാവകാശ സാഹചര്യങ്ങളെക്കുറിച്ച് ആഴത്തില്‍ പഠിക്കാനും അതിനെക്കുറിച്ച് സംസാരിക്കാനും തങ്ങള്‍ അദ്ദേഹത്തെ പ്രേരിപ്പിക്കും'-സംഘടനയുടെ പ്രസിഡന്റ് യു കെ സച്ചാ ദേശ് മുഖ് പറഞ്ഞു.


Next Story

RELATED STORIES

Share it