Sub Lead

സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസ്; ബംഗാളില്‍ തൃണമൂല്‍ നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ജാര്‍ഗ്രാം ജില്ലയില്‍ ലാല്‍ഗഡിലെ മഹാതൊയുടെ വസതിയിലെത്തിയാണ് എന്‍ഐഎയുടെ നാല്‍പ്പതംഗ സംഘം പ്രതിയെ അറസ്റ്റുചെയ്തത്. 2009 ല്‍ സിപിഎം നേതാവ് പ്രബീര്‍ ഘോഷിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് മാറ്റി.

സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസ്; ബംഗാളില്‍ തൃണമൂല്‍ നേതാവിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
X

കൊല്‍ക്കത്ത: സിപിഎം നേതാവിനെ കൊലപ്പെടുത്തിയ കേസില്‍ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ എന്‍ഐഎ അറസ്റ്റുചെയ്തു. തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന സമിതി അംഗമായ ഛത്രധര്‍ മഹാതൊയാണ് പിടിയിലായത്. ജാര്‍ഗ്രാം ജില്ലയില്‍ ലാല്‍ഗഡിലെ മഹാതൊയുടെ വസതിയിലെത്തിയാണ് എന്‍ഐഎയുടെ നാല്‍പ്പതംഗ സംഘം പ്രതിയെ അറസ്റ്റുചെയ്തത്. 2009 ല്‍ സിപിഎം നേതാവ് പ്രബീര്‍ ഘോഷിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് മാറ്റി.

ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പിലെ ഒന്നാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് അറസ്റ്റുണ്ടായിരിക്കുന്നത്. വീട്ടില്‍ ഉറങ്ങുകയായിരുന്ന അദ്ദേഹത്തെ എന്‍ഐഎ സംഘം ബലപ്രയോഗത്തിലൂടെയാണ് അറസ്റ്റുചെയ്തതെന്ന് തൃണമൂല്‍ പ്രാദേശിക നേതാക്കള്‍ അറിയിച്ചു. അതിനിടെ ഒരു പോലിസുകാരന് പരിക്കേല്‍ക്കുകയും ചെയ്തു. 57 കാരനായ മഹാതോയുടെ കുടുംബം എന്‍ഐഎ നല്‍കിയ ഒരു രേഖയിലും ഒപ്പിടാനോ സ്വീകരിക്കാനോ തയ്യാറായില്ല. എന്‍ഐഎ ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തുകൊണ്ടുപോവുമ്പോള്‍ ശരിയായി വസ്ത്രം ധരിക്കാന്‍പോലും അനുവദിച്ചിരുന്നില്ലെന്ന് ഭാര്യ അറിയിച്ചതായി അഭിഭാഷകന്‍ കൗശിക് സിന്‍ഹ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

കേസിനെക്കുറിച്ചോ അറസ്റ്റ് വാറന്റിനെക്കുറിച്ചോ കോടതി ഉത്തരവിനെക്കുറിച്ചോ ഉള്ള വിവരങ്ങളൊന്നും ധരിപ്പിക്കാതെയായിരുന്നു അറസ്റ്റ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വ്യവസ്ഥയനുസരിച്ച് എന്‍ഐഎ സ്വീകരിച്ച അറസ്റ്റ് നടപടിക്രമങ്ങള്‍ ന്യായീകരിക്കാവുന്നതല്ലെന്നും സിന്‍ഹ പറഞ്ഞു. 2009ല്‍ ജന്‍മഹല്‍ പ്രദേശത്തെ ലാല്‍ഗഡില്‍ മാവോവാദി പ്രക്ഷോഭത്തിനിടെയാണ് സിപിഎം നേതാവ് കൊല്ലപ്പെടുന്നത്. ഈ കേസില്‍ മഹാതൊ അറസ്റ്റിലായതിന് പിന്നാലെ മാവോവാദികള്‍ ഭുവനേശ്വര്‍ രാജധാനി എക്‌സ്പ്രസ് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയെന്ന കേസും എന്‍ഐഎ അന്വേഷിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി ആഴ്ചയില്‍ മൂന്നുദിവസം എന്‍ഐഎയ്ക്ക് മുന്നില്‍ ഹാജരാവാന്‍ കൊല്‍ക്കത്ത കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇത് ലംഘിച്ചാല്‍ എന്‍ഐഎയ്ക്ക് കസ്റ്റഡിയിലെടുക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഹാജരാവുന്നതില്‍ വീഴ്ച വരുത്തിയതിനെത്തുടര്‍ന്നാണ് എന്‍ഐഎ ഇയാളെ അറസ്റ്റുചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. പീപ്പിള്‍സ് കമ്മിറ്റി എഗേയിന്‍സ്റ്റ് പോലിസ് അട്രോസിറ്റീസ് (പിസിഎപിഎ) നേതാവായിരുന്നു മഹാതൊ.

2008 ല്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്‍ജിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലും അറസ്റ്റിലായിരുന്നു. അദ്ദേഹത്തിന്റെ ജ്യേഷ്ഠന്‍ സസാധര്‍ മഹാതോയെയും കൊലപാതകശ്രമക്കേസില്‍ ഉള്‍പ്പെടുത്തി. 2009 ല്‍ അറസ്റ്റിലായ ഛത്രധര്‍ മഹാതോ 2020 ഫെബ്രുവരിയിലാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ഇതിനുശേഷം മമതാ ബാനര്‍ജി ഇയാളെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയുടെ സെക്രട്ടറിയാക്കി. നിലവില്‍ മൂന്ന് ജില്ലകളിലായി 10 നിയോജകമണ്ഡലങ്ങളുടെ ചുമതലയാണ് മഹാതോയ്ക്കുള്ളത്. 2010 ല്‍ യുഎപിഎ നിയമപ്രകാരം ജയിലില്‍ പോയശേഷം ആദ്യമായാണ് ഇന്നലെ അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.

Next Story

RELATED STORIES

Share it