Sub Lead

'കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി'; 'ടിപ്പു'വിനെ 'മതഭ്രാന്തനാ'ക്കുന്ന വിദ്വേഷ സിനിമയുമായി സംഘപരിവാരം

കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി; ടിപ്പുവിനെ മതഭ്രാന്തനാക്കുന്ന വിദ്വേഷ സിനിമയുമായി സംഘപരിവാരം
X

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ കര്‍ണാടകയില്‍ ടിപ്പുവിനെ മതഭ്രാന്തനാക്കിക്കൊണ്ടുള്ള സിനിമ പ്രഖ്യാപിച്ച് സംഘപരിവാരം. ടിപ്പു എന്ന് പേരിട്ടിട്ടുള്ള സിനിമ ടിപ്പുസുല്‍ത്താന്റെ രക്തസാക്ഷി ദിനത്തിലാണ് പ്രഖ്യാപനം നടത്തിയത്. സ്വാതന്ത്ര്യസമര സേനാനിയും മൈസൂര്‍ കടുവയെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭരണാധികാരിയുമായ ടിപ്പു ആക്ഷേപിച്ചു കൊണ്ടുള്ളതാണ് സിനിമ. ചരിത്രം വളച്ചൊടിക്കുന്നതിനു പുറമെ മുസ് ലിംകള്‍ക്കെതിരേ വിദ്വേഷം പ്രചരിപ്പിക്കുന്നതുമായിരിക്കും സിനിമയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ നല്‍കുന്ന സൂചന. മോഷന്‍ പോസ്റ്ററില്‍ ടിപ്പുവിനെതിരേ നട്ടാല്‍ മുളയ്ക്കാത്ത ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. 8000 ക്ഷേത്രങ്ങളും 27 മുസ് ലിം പള്ളികളും നശിപ്പിച്ചു. 40 ലക്ഷം ഹിന്ദുക്കള്‍ ഇസ് ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരായി. ഒരു ലക്ഷത്തിലധികം ഹിന്ദുക്കളെ ജയിലിലടച്ചു. കോഴിക്കോട്ടെ 2000ലധികം ബ്രാഹ്മണരെ തുടച്ചുനീക്കി. 1783ല്‍ ജിഹാദിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ മുറവിളി തുടങ്ങി എന്നിവയാണ് മോഷന്‍ പോസ്റ്ററിലെ വിദ്വേഷ പ്രചാരണങ്ങള്‍. മോഷന്‍ പോസ്റ്റര്‍ അവസാനിക്കുമ്പോള്‍ ടിപ്പു സുല്‍ത്താന്റെ മുഖത്ത് കരിഓയില്‍ ഒഴിച്ച് വികൃതമാക്കിയാണ് അവതരിപ്പിച്ചിട്ടുള്ളത്. ടിപ്പുസുല്‍ത്താനെതിരേ സംഘപരിവാരം കാലങ്ങളായി ഉയര്‍ത്തുന്ന വ്യാജ ആരോപണങ്ങളാണ് സിനിമയുടെ ഇതിവൃത്തം.


ടിപ്പുവിന്റെ മറ്റൊരു മുഖമാണ് ചിത്രത്തിലൂടെ പുറത്തുവിടുകയെന്നാണ് 'ടിപ്പു' എന്ന സിനിമയുടെ നിര്‍മ്മാതാക്കളുടെ അവകാശവാദം. ഇന്ത്യയില്‍ ആദ്യമായി റോക്കറ്റ് പരിചയപ്പെടുത്തിയ ഭരണാധികാരിയായ ടിപ്പുവിനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുകയും ക്ഷേത്രങ്ങള്‍ കൊള്ളയടിക്കുകയും ചെയ്ത ഭരണാധികാരിയെന്നാണ് ബിജെപിയും സംഘപരിവാഹ ഹിന്ദുത്വ ശക്തികളും വിശേഷിപ്പിക്കാറുള്ളത്. ചരിത്രകാരന്‍മാരെല്ലാം തെളിവുകള്‍ കൊണ്ട് ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നിട്ടും രാഷ്ട്രീയ ലാഭത്തിനും ഹിന്ദു-മുസ് ലിം മൈത്രി തകര്‍ക്കാനും ലക്ഷ്യമിട്ടാണ് ടിപ്പു സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് ഉറപ്പാണ്. നേരത്തേ കര്‍ണാടകയില്‍ ടിപ്പു ജയന്തി ആഘോഷങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ടിപ്പു-സവര്‍ക്കര്‍ പോരായി തിരഞ്ഞെടുപ്പില്‍ ധ്രുവീകരണത്തിന് ശ്രമം ഊര്‍ജ്ജിതമാക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ടിപ്പുവിനെ കുറിച്ചുള്ള വ്യാജ കഥകളുമായി സിനിമയും പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ വടക്കുകിഴക്കന്‍ തന്ത്രജ്ഞനും മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ ഉപദേശകനും എഴുത്തുകാരനും ടിവി കമന്റേറ്ററുമായ രജത് സേത്തിയാണ് ചിത്രത്തിനു വേണ്ടി ഗവേഷണം നടത്തിയതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ടിപ്പുവിന്റെ ക്രൂരതകള്‍ പാഠപുസ്തകങ്ങളില്‍ ഭംഗിയായി മറച്ചുവയ്ക്കുകയും അദ്ദേഹത്തെ അമിതമായി പുകഴ്ത്തുകയും ചെയ്യുന്നതിനാലാണ് ചരിത്രപുരുഷനായതെന്നാണ് രജത് സേത്തി പറഞ്ഞു. ചരിത്രം പല നായകന്‍മാരോടും ദയ കാണിക്കുന്നുണ്ടെങ്കിലും മറ്റ് പലരുടെയും സ്വേച്ഛാധിപത്യത്തെ നികൃഷ്ടമായി അവഗണിച്ചിട്ടുണ്ട്. ചരിത്രം മാത്രമല്ല, ജനപ്രിയ സംസ്‌കാരം, സിനിമകള്‍, തിയേറ്ററുകള്‍ മുതലായവ ടിപ്പുവിന്റെ യാഥാര്‍ത്ഥ്യങ്ങളെ വ്യവസ്ഥാപിതമായി അവഗണിച്ചു. ഇതിന്റെ ഒരു തിരുത്തലാണ് ടിപ്പു സിനിമയെന്നും സേത്തി അവകാശപ്പെട്ടു. ടിപ്പു സുല്‍ത്താനെ കുറിച്ച് സ്‌കൂളുകളില്‍ പഠിപ്പിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ഒരു മതഭ്രാന്തനായ രാജാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ യാഥാര്‍ത്ഥ്യം അറിഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയെന്നും ചിത്രത്തിന്റെ സംവിധായകന്‍ പവന്‍ ശര്‍മ്മ പറഞ്ഞു. ടിപ്പുവിനെ യോദ്ധാവായി കാണിക്കാന്‍ വേണ്ടി മാത്രം കൈകാര്യം ചെയ്ത ക്രൂരമായ യാഥാര്‍ത്ഥ്യമാണ് തന്റെ സിനിമയിലൂടെ കാണിക്കാന്‍ ധൈര്യപ്പെടുന്നത്. ടിപ്പു സുല്‍ത്താന്റെ ഇസ് ലാമിക മതഭ്രാന്ത് അദ്ദേഹത്തിന്റെ പിതാവ് ഹൈദരാലി ഖാന്റേതിനേക്കാള്‍ വളരെ മോശമായിരുന്നു. ടിപ്പു അക്കാലത്തെ ഹിറ്റ്‌ലറായിരുന്നുവെന്നും പവന്‍ ശര്‍മ്മ അധിക്ഷേപിച്ചു.

ഭാവി തലമുറയ്ക്കായി ടിപ്പുവിന്റെ ഇരുണ്ട വശം തുറന്നുകാട്ടാനാണ് സിനിമയിലൂടെ ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാതാവ് സന്ദീപ് സിങ് പറഞ്ഞു. സംഘപരിവാര നേതാക്കളെ പുകഴ്ത്തിക്കൊണ്ടുള്ള 'പിഎം നരേന്ദ്ര മോദി', 'സ്വതന്ത്ര വീര്‍ സവര്‍ക്കര്‍', 'അടല്‍' 'ബാല്‍ ശിവജി' തുടങ്ങിയ സിനിമകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചയാളാണ് സന്ദീപ് സിങ്. 'നമ്മുടെ ചരിത്ര പാഠപുസ്തകങ്ങളില്‍ ടിപ്പുവിനെ ധീരഹൃദയനാണെന്ന് വിശ്വസിപ്പിക്കാന്‍ മസ്തിഷ്‌ക പ്രക്ഷാളനം നടത്തി. എന്നാല്‍ ടിപ്പുവിന്റെ ദ്രോഹകരമായ വശം ആര്‍ക്കും അറിയില്ലെന്നായിരുന്നു സന്ദീപ് സിങിന്റെ വാദം. ഇറോസ് ഇന്റര്‍നാഷനല്‍, രശ്മി ശര്‍മ്മ ഫിലിംസ് എന്നിവയുടടെ പിന്തുണയോടെ നിര്‍മിക്കുന്ന 'ടിപ്പു' സിനിമ ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിലാണ് പുറത്തിറക്കുന്നത്.

Next Story

RELATED STORIES

Share it