Sub Lead

അഫ്ഗാനില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ പള്ളിയില്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു

ജുമുഅ പ്രാര്‍ഥനയ്ക്കിടെയാണ് ഫാത്വിമിയ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല.

അഫ്ഗാനില്‍ ജുമുഅ പ്രാര്‍ഥനയ്ക്കിടെ പള്ളിയില്‍ സ്‌ഫോടനം; 32 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്കേറ്റു
X

കാണ്ഡഹാര്‍ (അഫ്ഗാനിസ്താന്‍): ദക്ഷിണ അഫ്ഗാനിസ്താന്‍ നഗരമായ കാണ്ഡഹാറിലെ ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും 53 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജുമുഅ പ്രാര്‍ഥനയ്ക്കിടെയാണ് ഫാത്വിമിയ മസ്ജിദില്‍ സ്‌ഫോടനമുണ്ടായത്. സ്‌ഫോടന കാരണം വ്യക്തമായിട്ടില്ല.

വടക്കന്‍ നഗരമായ കുണ്ടുസിലെ ഒരു ഷിയാ പള്ളിയിലുണ്ടായ സ്‌ഫോടനത്തിന് ഒരാഴ്ച തികയുന്ന വേളയിലാണ് വീണ്ടും സ്‌ഫോടനമുണ്ടായത്.32 മൃതദേഹങ്ങളും 53 പരിക്കേറ്റ ആളുകളും ഇതുവരെ തങ്ങളുടെ ആശുപത്രിയിലേക്ക് കൊണ്ടുവന്നിട്ടുണ്ടെന്ന് നഗരത്തിലെ സെന്‍ട്രല്‍ മിര്‍വായിസ് ഹോസ്പിറ്റലിലെ ഒരു ഡോക്ടറെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു.

മറ്റ് ആശുപത്രി വൃത്തങ്ങളും ഒരു പ്രവിശ്യാ ഉദ്യോഗസ്ഥനും 30ല്‍ അധികം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്‌ഫോടനങ്ങള്‍ കേട്ടതായി ഒരു ദൃക്‌സാക്ഷി എഎഫ്പിയോട് പറഞ്ഞു.ഒന്ന് പള്ളിയുടെ പ്രധാന വാതിലിന് സമീപവും മറ്റൊന്ന് തെക്കന്‍ ഭാഗത്തും മൂന്നാമത്തേത് പ്രാര്‍ത്ഥനയ്ക്ക് മുമ്പ് വിശ്വാസികള്‍ വുദു ചെയ്യുന്ന ഇടത്തുമാണ് സ്‌ഫോടനങ്ങളുണ്ടായത്.

'കാണ്ഡഹാര്‍ നഗരത്തിലെ ആദ്യ ജില്ലയിലെ ഷിയാ സഹോദരങ്ങളുടെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ തങ്ങള്‍ ദുഖിതരാണ്. സംഭവത്തില്‍ തങ്ങളുടെ നിരവധി നാട്ടുകാര്‍ രക്തസാക്ഷികളാവുകയും പരിക്കേല്‍ക്കുകയും ചെയ്തു'- അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സെയ്ദ് ഖോസ്തി ട്വീറ്റ് ചെയ്തു.

സംഭവത്തിന്റെ സ്വഭാവം നിര്‍ണ്ണയിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും ഇസ്‌ലാമിക് എമിറേറ്റ്‌സിന്റെ പ്രത്യേക സേന പ്രദേശത്ത് എത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it