Sub Lead

വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ടിവി എഡിറ്റര്‍; ഇന്ത്യന്‍ സൈന്യം കശ്മീരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു

വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ടിവി എഡിറ്റര്‍; ഇന്ത്യന്‍ സൈന്യം കശ്മീരില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്തു
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ മേലും മുസ്‌ലിം വിരുദ്ധത അഴിച്ചുവിട്ട് വിദ്വേഷ പ്രചരണവുമായി സുദര്‍ശന്‍ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവങ്കെ രംഗത്ത്. ജമ്മുവില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നാണ് വര്‍ഗീയ വിഷപ്രചാരകനായ സുരേഷ് ചാവങ്കെയെ പ്രകോപിപ്പിച്ചത്. ഇഫ്താര്‍ വിരുന്നിന്റെ ചിത്രങ്ങള്‍ ജമ്മുവിലെ പ്രതിരോധ മന്ത്രാലയത്തിന്റെ പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ (പിആര്‍ഒ) ലെഫ്റ്റനന്റ് കേണല്‍ ദേവേന്ദര്‍ ആനന്ദ് ദോഡയില്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.

ഇഫ്താര്‍ സംഗമം, ആര്‍മിയുടെ രാഷ്ട്രീയ റൈഫിള്‍സിലെ ഡെല്‍റ്റ ഫോഴ്‌സിന്റെ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് പ്രാദേശിക മുസ്‌ലിംകളുമായി സംവദിക്കുന്നതും യൂനിഫോം ധരിച്ച ഒരാള്‍ സാധാരണക്കാരുമായി നമസ്‌കരിക്കുന്നതും ചിത്രങ്ങളില്‍ കാണാമായിരുന്നു. ഇതിന് 'ഇപ്പോള്‍ ഈ രോഗം ഇന്ത്യന്‍ സൈന്യത്തിലും പടര്‍ന്നോ ? ദു:ഖകരം' എന്നായിരുന്നു ചാവങ്കെയുടെ ഹിന്ദിയിലുള്ള പ്രതികരണം. ചാവങ്കെയെ പിന്തുണച്ച് നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ വിദ്വേഷ കമന്റുകള്‍ പോസ്റ്റുചെയ്തു. സോഷ്യല്‍ മീഡിയയില്‍ ഹിന്ദുത്വവാദികളുടെ വിമര്‍ശനം ശക്തമായതിനെത്തുടര്‍ന്ന് പിആര്‍ഒ ട്വീറ്റ് നീക്കംചെയ്തു.

ചാവങ്കെയുടെ പരാമര്‍ശങ്ങളോട് സൈന്യത്തില്‍ നിന്നോ പ്രതിരോധവകുപ്പില്‍ നിന്നോ പ്രതികരണമൊന്നുമുണ്ടായിട്ടില്ല. വെസ്റ്റേണ്‍ കമാന്‍ഡിന്റെ മുന്‍ ജനറല്‍ ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ തേജ് സപ്രു (റിട്ട) ട്വീറ്റ് നീക്കം ചെയ്തതില്‍ നിരാശ പ്രകടിപ്പിച്ചു. 'ട്വീറ്റില്‍ തെറ്റൊന്നുമില്ല. അതിനെ ശക്തമായി പ്രതിരോധിക്കണമായിരുന്നു. കലാപസാധ്യതയുള്ള പ്രദേശത്ത് സൈന്യം ഇഫ്താര്‍ സംഘടിപ്പിക്കുന്നു, കാരണം പ്രാദേശിക ജനതയെ സമീപിക്കുകയെന്നത് സായുധരോട് പോരാടുന്നതിന്റെ അവിഭാജ്യഘടകമാണ്. ജമ്മു കശ്മീരിന്റെ ഈ ഭാഗത്തുള്ള മുസ്‌ലിംകള്‍ നിങ്ങളേക്കാളും എന്നെക്കാളും ഇന്ത്യക്കാരാണ്.

വടക്കുകിഴക്കന്‍ പ്രദേശങ്ങളിലും ഞങ്ങള്‍ അങ്ങനെ ചെയ്യുന്നത് ക്രിസ്ത്യന്‍ ജനതയെ സമീപിച്ചുകൊണ്ടാണ്. ഇതിന് മതവുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സൈന്യം സര്‍വമത സൗഹാര്‍ദത്തിന്റെ മുന്‍നിരയിലാണ്. ഞങ്ങള്‍ക്ക് ഒരു മതവുമില്ല- സൈന്യത്തില്‍ നിന്ന് വിരമിച്ച മുന്‍ മേജര്‍ ജനറല്‍ യാഷ് മോര്‍ ട്വീറ്റ് ചെയ്തു.

യഥാര്‍ഥ ട്വീറ്റിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെടുകയും വിമര്‍ശനങ്ങളെത്തുടര്‍ന്ന് അത് നീക്കംചെയ്യുകയും ചെയ്തത് 'ഭീരുത്വമാണ്- ലഫ്റ്റനന്റ് ജനറല്‍ എച്ച് എസ് പനാഗ് ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ബന്ധപ്പെട്ട പിആര്‍ഒയ്ക്കും സൈന്യത്തിനും റമദാനില്‍ ഇഫ്താര്‍ നടത്തുന്ന പാരമ്പര്യത്തെ സംരക്ഷിക്കാനുള്ള ധൈര്യമുണ്ടായിരിക്കണം. അതില്‍ തെറ്റൊന്നുമില്ല. പ്രദേശവാസികളുടെ മനസ്സ് കീഴടക്കാനുള്ള സൈന്യത്തിന്റെ നയത്തിന്റെ ഭാഗമാണിത്.

ഞങ്ങള്‍ പ്രാദേശിക ജനതയ്ക്കായി ആര്‍മി ഗുഡ്‌വില്‍ സ്‌കൂളുകള്‍ നടത്തുന്നു, ഈ നടപടികളെല്ലാം ഞങ്ങള്‍ വിദേശ സ്‌പോണ്‍സര്‍ ചെയ്യുന്ന തീവ്രവാദത്തിനെതിരേ പോരാടുമ്പോള്‍ പ്രാദേശിക ജനതയെ ഒപ്പം കൊണ്ടുപോവാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഈ ശ്രമങ്ങളെ നാട്ടുകാര്‍ അഭിനന്ദിക്കുകയും ചെയ്യുന്നു. എന്തായാലും, ജമ്മു കശ്മീരില്‍ ഇഫ്താര്‍ സംഘടിപ്പിക്കുന്നതില്‍ പുതുമയില്ല, ഇത് വര്‍ഷങ്ങളായി തുടരുന്ന ഒരു ശീലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it