Sub Lead

കര്‍ഷക സമരം ശക്തമാവുന്നു; ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടയ്ക്കും

കര്‍ഷക സമരം ശക്തമാവുന്നു; ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടയ്ക്കും
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഒത്തുതീര്‍പ്പ് ഉപാധികളെല്ലാം തള്ളി കര്‍ഷകസമരം കൂടുതല്‍ ശക്തമാവുന്നു. സമരത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കുള്ള പ്രവേശന കവാടങ്ങളെല്ലാം അടച്ച് ഇന്നുമുതല്‍ സമരം ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ ആവശ്യം അംഗീകരിക്കില്ലെന്നും സമരമുഖം ബുറാദിയിലെ നിരങ്കരി മൈതാനത്തേക്ക് മാറ്റില്ലെവ്വും കര്‍ഷകര്‍ അറിയിച്ചു. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം രാത്രി ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, നരേന്ദ്ര സിങ് തോമര്‍ എന്നിവര്‍ ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ വീട്ടില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ മന്‍ കി ബാത്തില്‍ കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് സംസാരിച്ചതിനു പിന്നാലെ, വിഷയത്തില്‍ ചര്‍ച്ച നടത്തണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിര്‍ദേശം കര്‍ഷകര്‍ നിരസിച്ചു. മുന്‍ധാരണയില്ലാതെ തുറന്ന മനസ്സോടെയാണ് സര്‍ക്കാര്‍ സമീപിക്കേണ്ടതെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.

ഡല്‍ഹിയുടെ അതിര്‍ത്തികള്‍ ഉപരോധിക്കുമെന്ന് സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് അറിയിച്ചു. സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പ്രതിഷേധ സ്ഥലങ്ങള്‍ ജയിലുകളായി മാറുമെന്ന് കര്‍ഷകര്‍ ഭയപ്പെടുന്നു. ഡല്‍ഹി പോലിസ് നിര്‍ദേശിച്ച സ്ഥലത്ത് അവര്‍ തടവിലാക്കും. കര്‍ഷകരുടെ എല്ലാ പ്രശ്നങ്ങളും ആവശ്യങ്ങളും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച പ്രതിഷേധക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ഡിസംബര്‍ മൂന്നിന് കേന്ദ്രം കര്‍ഷക യൂനിയനുകളുമായി ചര്‍ച്ച നടത്തുമെന്നും അതിനുമുമ്പ് ചര്‍ച്ചകള്‍ വേണമെങ്കില്‍ പ്രതിഷേധം നിശ്ചിത വേദിയിലേക്ക് മാറ്റേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക പരിഷ്‌കരണ നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം തുടങ്ങിയ കര്‍ഷകരുടെ ദില്ലി ഛലോ മാര്‍ച്ച് സംഘര്‍ഷങ്ങള്‍ക്ക് കാരണമാക്കിയിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കര്‍ഷകര്‍ പ്രക്ഷോഭത്തിനെത്തിയത്. സമരം അവസാനിപ്പിക്കണമെന്നും ഡിസംബര്‍ മൂന്നിന് ചര്‍ച്ചയാവാമെന്നും കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയെങ്കിലും വഴങ്ങിയില്ല. പഞ്ചാബിനു പുറമെ മറ്റു സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ കൂടി ഡല്‍ഹിയിലെത്തുമെന്ന് സമര നേതാക്കള്‍ പ്രഖ്യാപിച്ചതോടെ ജന്തര്‍ മന്തര്‍, ഇന്ത്യാ ഗേറ്റ് എന്നിവിടങ്ങളില്‍ കൂടുതല്‍ കേന്ദ്രസേനയെയും പോലിസിനെയും വിന്യസിച്ചിട്ടുണ്ട്.

Delhi chalo farmer's march countinue

Next Story

RELATED STORIES

Share it