Sub Lead

കെജ്‌രിവാളിന് ജാമ്യമില്ല; ആറുദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍വിട്ടു

കെജ്‌രിവാളിന് ജാമ്യമില്ല; ആറുദിവസം കൂടി ഇഡിയുടെ കസ്റ്റഡിയില്‍വിട്ടു
X

ന്യൂഡല്‍ഹി: മദ്യനയ അഴിമതി ആരോപണക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയും എഎപി മേധാവിയുമായ അരവിന്ദ് കെജ്‌രിവാളിന് കോടതി ജാമ്യം നല്‍കിയില്ല. ഡല്‍ഹി കോടതി ആറ് ദിവസത്തേക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കസ്റ്റഡിയില്‍ വിട്ടു. ഇന്നലെ രാത്രിയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ച് 28 വരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ(ഇഡി) കസ്റ്റഡിയില്‍ വിട്ടത്. അറസ്റ്റ് നടപടികളില്‍നിന്ന് ഇടക്കാല സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹരജി ഡല്‍ഹി ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. 2002ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് അറസ്റ്റ്. ഇതിനു പിന്നാലെ എഎപി പ്രവര്‍ത്തകരും ഇന്‍ഡ്യാ മുന്നണി പാര്‍ട്ടികളും രാജ്യവ്യാപകമായി പ്രതിഷേധം നടത്തിവരികയാണ്. ഇന്‍ഡ്യ ബ്ലോക്ക് നേതാക്കളും മുഖ്യമന്ത്രിമാരും അറസ്റ്റിനെ അപലപിച്ചു. മദ്യനയക്കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് കെജ് രിവാളിന് ഇഡി ഒമ്പതുതവണ നോട്ടീസ് അയച്ചിരുന്നെങ്കിലും അദ്ദേഹം ഹാജരായിരുന്നില്ല. കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്കും മന്ത്രി സഞ്ജയ് സിങിനെയും അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഡല്‍ഹിയിലെ മന്ത്രിമാരും എഎപി എംഎല്‍എമാരും കൗണ്‍സിലര്‍മാരും ശനിയാഴ്ച ഷഹീദി പാര്‍ക്കില്‍ രാജ്യം സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുമെന്ന് ഡല്‍ഹി പരിസ്ഥിതി മന്ത്രിയും എഎപി നേതാവുമായ ഗോപാല്‍ റായിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ഹോളി ആഘോഷം ഈവര്‍ഷം ഒഴിവാക്കി. പകരം ഞങ്ങള്‍ ജനങ്ങളിലേക്ക് പോയി രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് അവരോട് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് മാര്‍ച്ച് 26ന് പ്രധാനമന്ത്രിയുടെ വസതി ഘെരാവോ ചെയ്യാന്‍ പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്നും റായ് കൂട്ടിച്ചേര്‍ത്തു.

മൂന്നുതവണ നിങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട നിങ്ങളുടെ മുഖ്യമന്ത്രിയെ മോദി അധികാരത്തിന്റെ ഹുങ്കില്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും എല്ലാവരേയും തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും കെജ് രിവാളിന്റെ ഭാര്യ സുനിത കെജ്‌രിവാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. ഇത് ഡല്‍ഹി ജനതയോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങളോടൊപ്പം നില്‍ക്കുന്നു. അകത്തായാലും (ജയിലില്‍) പുറത്താണെങ്കിലും. അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിന് സമര്‍പ്പിക്കുന്നു. പൊതുജനമാണ് പരമോന്നതരെന്നും സുനിത ട്വീറ്റ് ചെയ്തു.

Next Story

RELATED STORIES

Share it